പിതാവറിയാതെ വെള്ളിത്തിരയിൽ നിറഞ്ഞാടിയ ദിലീപ് കുമാർ
text_fieldsനയാ ദൗർ, മുഗൾ ഇ ആസാം, ദേവ്ദാസ്, റാം ഔർ ശ്യാം, അന്താസ്, മധുമതി, ഗംഗാ യമുന തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ അഭിനേതാവാണ് ദിലീപ് കുമാർ. ആറ് പതിറ്റാണ്ട് നീണ്ട ദിലീപ് കുമാറിന്റെ അഭിനയ ജീവിതത്തിൽ ആരുമറിയാത്തൊരു കഥയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഗുലാം സർവാർ ഖാന്റെയും ആയിഷ ബീഗത്തിന്റെയും മകനായ ദിലീപ് കുമാറിന്റെ യഥാർഥ പേര് മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു. യൂസുഫിനെ സിവിൽ സർവിസുകാരനാക്കണമെന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഉയർന്ന ബഹുമതിയായ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (OBE) നേടണമെന്നുമായിരുന്നു ഗുലാമിന്റെ ആഗ്രഹം. എന്നാൽ, പിതാവിന്റെ ആഗ്രഹത്തിന് വിപരീതമായി അയാൾ ദിലീപ് കുമാർ എന്ന പേര് സ്വീകരിച്ച് സിനിമയിലെത്തി. വിവരം പിതാവിനെ അറിയിക്കാൻ ദിലീപ് പേടിച്ചു. അങ്ങനെ നാല് വർഷം വെള്ളിത്തിരയിൽ ദിലീപ് നിറഞ്ഞാടിയപ്പോഴും ഗുലാം വിവരമറിഞ്ഞില്ല. വിവരമറിഞ്ഞപ്പോൾ അദ്ദേഹം ദിലീപിനോട് പിണങ്ങുകയും ചെയ്തു. മരണം വരെയും ആ പരിഭവം തുടർന്നുവെന്നാണ് കഥ. ഈ കഥ പുറത്തുവന്നത് ദിലീപിന്റെ സിനിമ ജീവിതത്തെ മുൻനിർത്തി തയാറാക്കിയ ഒരു തിയറ്റർ പ്രകടനത്തോടനുബന്ധിച്ചായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.