'മഞ്ഞുമ്മൽ ബോയ്സ് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല' ; ജയമോഹന് മറുപടിയുമായി ചിദംബരത്തിന്‍റെ പിതാവ്
text_fieldsജാൻ. എ. മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിജയകരമായി പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്സിനെയും മലയാളികളെയും മലയാള സിനിമയെയും അധിക്ഷേപിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ രംഗത്തെത്തിയിരുന്നു. മറ്റു പല മലയാള ചിത്രങ്ങളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സെന്നാണ് ജയമോഹന്റെ കണ്ടെത്തൽ. 'മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് അധിക്ഷേപം ഉന്നയിച്ചത്.ജയമോഹന്റെ വാക്കുകൾ വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പേഴിതാ ജയമോഹന് മറുപടിയുമായി സംവിധായകൻ ചിദംബരത്തിന്റെ പിതാവും സിനിമ പ്രവർത്തകനുമായ സതീഷ് പൊതുവാള്‍ എത്തിയിരിക്കുകയാണ്.ജയമോഹന്റെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് വിമർശനങ്ങള്‍ക്കു പിന്നിലെന്നും തമിഴ് ഇൻഡസ്ട്രിയിൽനിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസിലാക്കാൻ പ്രയാസമില്ലെന്നും സതീഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മഞ്ഞുമ്മൽ ബോയ്സിലെ കഥാപാത്രങ്ങളെല്ലാം സാധാരണക്കാരാണ്. ആറാം തമ്പുരാന്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല. കൈയിൽ ചരടുകെട്ടിയവരുമില്ല. പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദംബരം കാണിച്ചത്. അത് പരിവാരത്തിന് ദഹിക്കാത്തതിൽ അദ്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് നടക്കുന്ന ആറാം തമ്പുരാനു വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിന്റെ സത്ത. ജയമോഹനെപ്പോലെ ഒരു ആർ.എസ്.എസുകാരെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട് -സതീഷ് പൊതുവാൾ കൂട്ടിച്ചേർത്തു.
സതീഷ് പൊതുവാളിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം....
'മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ആർഎസ്എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അദ്ഭുതപ്പെടേണ്ടെന്ന് പറഞ്ഞത് പ്രിയ സുഹൃത്ത് ഓ.കെ. ജോണിയാണ്. കാരണം, ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിന്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാന്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കൈയിൽ ചരടുകെട്ടിയവരുമില്ല! പണിയെടുക്കുന്നവർക്കിടയിലെ ആത്മ ബന്ധമാണ് ചിദംബരം കാണിച്ചത്. അത് പരിവാരത്തിന് ദഹിക്കാത്തതിൽ അത്ഭുതമില്ല. അല്ലാതെ പുളിശ്ശേരി കുടിച്ച് നടക്കുന്ന ആറാം തമ്പുരാനു വേണ്ടി വീണു ചാവുന്നവരല്ല. ചങ്ങാത്തമാണ് അതിന്റെ സത്ത. ജയമോഹനേപ്പോലെ ഒരു ആർഎസ്എസുകാരെ പ്രകോപിച്ചതിന് ചിദത്തിന് ഒരു ബിഗ് സല്യൂട്ട്'.
'യെവനാര് ? മഹാത്മാ ഗാന്ധ്യാ ? തിരുക്കുറലും ഭാരതീയാരും; അദ്ഭുതപ്പെടുത്തിയ പുതുമൈപ്പിത്തനും തൊട്ട് കനിമൊഴി വരെ വായിച്ചിട്ടുണ്ട്. അതിനിടയിൽ ഈ ജയമോഹൻ ‘ഗാന്ധി’യുടെ നാലാംകിടകൾക്കിടയിലൂടെയും കടന്നു പോകേണ്ട ഗതികേടുമുണ്ടായിട്ടുണ്ട്.തമിഴ് ഫിലിം ഇൻഡസ്ട്രി ഒന്നു വിരണ്ടു. അത് ഒരു നഗ്ന സത്യമാണ്! അതിന്റെ നേർസാക്ഷ്യമാണിത്. മി: ജയമോഹൻ , താങ്കൾക്കു മലയാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് എഴുത്തിലൂടെ മുന്നേ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. ഇപ്പോഴിതാ തമിഴ് ഇദയവുമറിയില്ലെന്ന് തെര്യപ്പെടുത്തിയിരിക്കുന്നു!
തമിഴ് മക്കൾക്കു ഒരു പ്രത്യേകതയുണ്ട്. ഒന്ന് ഏറ്റെടുത്താൽ അവർ അതിന്റെ ഏതറ്റം വരെയും പോകും ! മഞ്ഞുമ്മൽ ബോയ്സിലെ ബോയ്സിനെപ്പോലെ ! അതുകൊണ്ട് തന്നെയാണ് തമിഴ് മക്കൾ അത് ഏറ്റെടുത്തതും.
അതെ; അക്ഷരാർഥത്തിൽ അവർ ഏറ്റെടുത്തിരിക്കുന്നു. അതു തന്നെയാണ് ദക്ഷിണേന്ത്യയിലും സിംഗപ്പൂരും മലേഷ്യയിലും മറ്റും വ്യാപിച്ചുകിടക്കുന്ന തമിഴ് ഫിലിം ഇൻഡസ്ട്രിയുടെ ഉത്ക്കണ്ഠയും. മലയാളത്താന്മാർ അവിടെ കടന്നു കയറുമോ എന്ന ആശങ്ക. ഇൻഡസ്ട്രിയിൽനിന്ന് ചില്ലറ പറ്റുന്ന ജയമോന്റെ വിഡ്ഢിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസിലാക്കാൻ പ്രയാസമില്ല'- എന്നിങ്ങനെയൊരു കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.