ഭ്രമയുഗം കുഞ്ചമൻ പോറ്റിയുടെ കഥയല്ല; സസ്പെൻസ് ത്രില്ലർ, ചിത്രത്തെക്കുറിച്ച് സംവിധായകൻ
text_fieldsപ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15 നാണ് ഹൊറർ ത്രില്ലർ ചിത്രമായ ഭ്രമയുഗം തിയറ്ററുകളിലെത്തുന്നത്. റെഡ് റെയ്ൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ കത്തനാർ കഥകളിലെ കഥാപാത്രമായ കുഞ്ചമൻ പോറ്റിയായിട്ടാണ് മമ്മൂട്ടി എത്തുന്നതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ കഥാപാത്രത്തിന്റെ കഥയാകും ചിത്രം പറയുന്നതെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരം പങ്കുവെക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. ഭ്രമയുഗം കുഞ്ചമൻ പോറ്റിയുടെ കഥയല്ലെന്നും ഹൊറർ എലമെൻസുള്ള എന്നാൽ 13 വയസിന് മുകളിലുള്ള കുട്ടികൾക്ക് കാണാൻ പറ്റുന്ന ചിത്രമാണെന്നും സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ഭ്രമയുഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. മറ്റൊന്നും ഞങ്ങൾ ചിത്രത്തിൽ പറയുന്നില്ല. ഇത് കുഞ്ചമൻ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറർ എലമെൻസ് ഉണ്ട്. പക്ഷേ ഇതൊരു സസ്പെൻസ് ത്രില്ലർ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്സ്പീരിയൻസ് വേറെ ആയിരിക്കും', എന്നാണ് രാഹുൽ സദാശിവൻ പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്‌ഷനാണ് ഭ്രമയുഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.