'എന്‍റെ ഫൗണ്ടേഷനിലെ ഓരോ രൂപയും...'; ആദായ നികുതി വകുപ്പ് റെയ്ഡിന് ശേഷം മൗനം വെടിഞ്ഞ് സോനു സൂദ്
text_fieldsമുംബൈ: ആദായനികുതി വകുപ്പിന്‍റെ പരിശോധനക്ക് പിന്നാലെ മൗനം വെടിഞ്ഞ് ബോളിവുഡ് താരം സോനു സൂദ്. തന്‍റെ ഫൗണ്ടേഷനിലെ ഒാരോ രൂപയും ഒാരോരുത്തരുടെ ജീവൻ രക്ഷപ്പെടുത്താൻ ഉൗഴം കാത്തുകിടക്കുകയാണെന്നായിരുന്നു നടന്‍റെ പ്രതികരണം. കൂടാതെ നാലുദിവസമായി തന്‍റെ വീട്ടിലെത്തിയ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നുവെന്നും ആദായ നികുതി വകുപ്പിനെ പരിഹസിച്ച് സൂദ് ട്വീറ്റ് ചെയ്തു.
കോവിഡ് മഹാമാരി സമയത്തും േലാക്ഡൗണിലും 48കാരനായ സോനു സൂദിന്‍റെ പ്രവർത്തനങ്ങൾക്ക് വൻ ജനപ്രീതി നേടിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് താരം ആം ആദ്മി പാർട്ടിയുമായി കൈകോർക്കുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ആദായനികുതി വകുപ്പ് സോനു സൂദിന്‍റെ വസതിയിലും ഓഫിസുകളിലും റെയ്ഡ് നടത്തിയത്. 20 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി െഎ.ടി വകുപ്പ് അറിയിച്ചു. കൂടാതെ ചാരിറ്റി ഫൗണ്ടേഷന് ലഭിച്ച തുക ചെലവാക്കിയിെല്ലന്നും സോനുവിനെതിരെ ആരോപണം ഉന്നയിച്ചു.
എന്നാൽ, ആദായനികുതി വകുപ്പിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തുകയായിരുന്നു സോനു സൂദ്. 'കഥയിലെ നിങ്ങളുടെ വശം എപ്പോഴും പറയേണ്ടതില്ല, സമയം വരും' എന്ന തലക്കെേട്ടാടെയാണ് സോനുവിന്‍റെ വാക്കുകൾ ആരംഭിക്കുന്നത്.
'ഓരോ ഇന്ത്യക്കാരന്‍റെയും സന്മനസോടെ ഏറ്റവും പ്രയാസമേറിയ പാത പോലും മറികടക്കാൻ സാധിക്കും. എന്‍റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുന്നതിനായി കാത്തുകിടക്കുന്നു. ഇതു കൂടാതെ, മാനുഷിക ആവശ്യങ്ങൾക്കായി പല സന്ദർഭങ്ങളിലും എന്‍റെ ഫീസ് സംഭാവന ചെയ്യുന്നതിനായി പല ബ്രാൻഡുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ മുന്നോട്ടുപോകുന്നു. അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായതിനാൽ കഴിഞ്ഞ നാലു ദിവസമായി ഈ സേവനത്തിലൂടെ നിങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും വിനയത്തോടെ നിങ്ങളുടെ മുമ്പിലേക്ക് ഞാൻ തിരിച്ചെത്തുന്നു' -സോനു ട്വിറ്ററിൽ പങ്കുവെച്ചു.
സോനുവിന്‍റെ ട്വീറ്റ്് ഷെയർ ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. 'നിങ്ങൾക്ക് കൂടുതൽ ശക്തിയുണ്ടാകേട്ട. ലക്ഷകണക്കിന് ഇന്ത്യക്കാരുടെ നായകനാണ് നിങ്ങൾ' എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
സോനു സൂദിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ലഖ്നോ ആസ്ഥാനമായുള്ള ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായുള്ള സോനു സൂദിന്‍റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.