ഷാറൂഖിന്റെ പത്താൻ പോലുള്ള ചിത്രങ്ങൾ ചെയ്യണം; ആരാധകന് മറുപടിയുമായി ആമിർ ഖാൻ
text_fieldsലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ആമിർ ഖാൻ. ഏറെ പ്രതീക്ഷയോടെ 2022 ൽ തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ വിജയം നേടിയില്ല. സിനിമയുടെ പരാജയത്തോടെ പൊതുവേദികളിൽ നിന്നും താരം വിട്ടുനിന്നു. ഇപ്പോൾ അഭിനയത്തിലേക്ക് മടങ്ങിവരാൻ തയാറെടുക്കുകയാണ് നടൻ.
ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ആരാധകനും ആമിർ ഖാനും തമ്മിലുള്ള രസകരമായ സംഭാഷണമാണ്. ഷാറൂഖ് ഖാന്റെ പത്താൻ പോലെയുള്ള ചിത്രങ്ങൾ ചെയ്യണമെന്നാണ് ആരാധകൻ പറയുന്നത്. ആമിർ നിർമിച്ച ലപത ലേഡീസ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംസാരിക്കവെയായിരുന്നു രസകരമായ സംഭാഷണം നടന്നത്. ഇതിന് മറുപടിയും ആമിർ ഖാൻ നൽകിയിട്ടുണ്ട്.
' ഞാൻ ലാപത ലേഡീസ് പോലുള്ള ചിത്രങ്ങൾ ഒരുക്കും. നിങ്ങൾ അത് കാണൂ'- എന്നായിരുന്നു ആമിറിന്റെ മറുപടി.
സിതാരെ സമീൻ പർ ആണ് ആമിറിന്റെ പുതിയ ചിത്രം. 2007 ൽ പുറത്തിറങ്ങിയ ‘താരെ സമീൻ പറിന്റെ രണ്ടാം ഭാഗമാണെന്നാണ് സൂചന. മാസങ്ങൾക്ക് മുമ്പ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ പേര് സിതാരെ സമീന്‍ പര്‍ എന്നാണെന്നും താരേ സമീന്‍ പറിന് സമാനമായ പ്രമേയമാണ് ഇതില്‍ പറയുന്നതെന്നും ആമിർ പറഞ്ഞു. 'താരേ സമീന്‍ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. ആ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കും.
ചിത്രങ്ങളുടെ പ്രമേയം ഒന്നാണ് എന്നതിനാലാണ് സമാനമായ പേര് ഇട്ടിരിക്കുന്നത്. നമ്മുക്കെല്ലാം തിരിച്ചടികളും, ബലഹീനതകളും ഉണ്ടാകും. എന്നാല്‍ എല്ലാവരും സ്‌പെഷ്യലാണ്. താരേ സമീന്‍ പറില്‍ ഇത്തരത്തിലുള്ള ഇഷാന്‍ എന്ന കുട്ടിയുടെ അതിജീവനവും അതിന് അവനെ സഹായിക്കുന്ന ടീച്ചറുമാണ് പ്രമേയം. എന്നാല്‍ പുതിയ ചിത്രത്തില്‍ ഇത്തരത്തിലുള്ള ഒന്‍പത് കുട്ടികളാണ് ഉള്ളത്. അവര്‍ ഇതില്‍ എന്റെ കഥാപാത്രത്തെ സഹായിക്കുകയാണ്. നേരെ തിരിച്ചാണ് കാര്യങ്ങള്‍'- ആമിര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.