മാലിക്കിന്‍റെ കളി കാണാൻ സന ജാവേദ് ഗ്രൗണ്ടിലെത്തി; 'സാനിയ' വിളിയുമായി ആരാധകർ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗിൽ ശുഐബ് മാലിക്കിന്‍റെ കളി കാണാൻ ഭാര്യയും നടിയുമായ സന ജാവേദ് എത്തി. സ്റ്റേഡിയത്തിന്‍റെ വി.ഐ.പി ഏരിയയിൽ ഇരുന്ന് ഭർത്താവിനെ പ്രോത്സാഹിപ്പിക്കുന്ന സന ജാവേദിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു. എന്നാൽ, ആരാധകർ സന ജാവേദിനെ വരവേറ്റത് 'സാനിയ മിർസ' വിളികളോടെയാണ്. സന ജാവേദിനെ ഇത് ക്ഷുഭിതയാക്കിയെന്ന് ദൃശ്യങ്ങളിൽ വ്യക്തം.
സന ജാവേദ് ഇരിക്കുന്നതിന് തൊട്ടടുത്തെത്തിയാണ് ആരാധകർ 'സാനിയ' വിളികൾ നടത്തിയത്. ആദ്യം സന ഈ വിളികൾ അവഗണിച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കി ചിരിക്കുന്നുണ്ട്. മറ്റൊരു വിഡിയോയിൽ മാലിക്കും സനയും മത്സരശേഷം ഒന്നിച്ച് നടന്ന് നീങ്ങുമ്പോഴും ആരാധകർ 'സാനിയ' എന്ന് വിളിക്കുന്നുണ്ട്. ഇതുകേട്ടതും ആരാധകർക്ക് നേരെ രൂക്ഷമായി നോക്കിക്കൊണ്ടാണ് ഇരുവരും നടന്ന് നീങ്ങിയത്.
ദൃശ്യങ്ങൾ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചയും തകൃതിയാണ്. മാലിക്ക് സാനിയയോട് ചെയ്തത് ക്രൂരതയാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുമ്പോൾ, സന ജാവേദിനോട് കാണികളുടെ പെരുമാറ്റം മോശമാണെന്ന് മറ്റുചിലർ കമന്‍റ് ചെയ്യുന്നു.
അതേസമയം, വിവാഹമോചനത്തിന് ശേഷം വിവാദങ്ങൾക്കൊന്നും ഇടവരുത്താതെയാണ് സാനിയ മിർസയുടെ പ്രതികരണങ്ങൾ. ഒരിടവേളക്ക് ശേഷം ആദ്യമായി സാനിയ പൊതുവേദിയിൽ പങ്കെടുത്തത് കഴിഞ്ഞ ആഴ്ചയായിരുന്നു. മുംബൈയിൽ നടന്ന പിക്കിള്‍ബോള്‍ മത്സരത്തിൽ പ്രത്യേക അതിഥിയായി എത്തിയതായിരുന്നു താരം. ബോളിവുഡ് താരം മനീഷ് പോള്‍, ടെന്നിസ് താരം രൊഹാന്‍ ബൊപ്പണ്ണ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പാക് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ശുഐബ് മാലിക് രണ്ടാം ഭാര്യയും ഇന്ത്യൻ ടെന്നീസ് താരവുമായ സാനിയ മിർസയുമായി വേർപിരിഞ്ഞാണ് പാക് നടിയായ സന ജാവേദിനെ വിവാഹം ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും അടുപ്പത്തിലായിരുന്നു.
താൻ വീണ്ടും വിവാഹിതനായ വിവരം ജനുവരി 20ന് ശുഐബ് മാലിക് അറിയിച്ചതോടെയാണ് സാനിയയും ശുഐബ് മാലിക്കും വേർപിരിഞ്ഞ വിവരം പുറത്തറിഞ്ഞത്. സാനിയയും മാലിക്കും മാസങ്ങൾക്ക് മുമ്പേ വിവാഹമോചിതരായിട്ടുണ്ടെന്ന കാര്യം ഇതിന് പിന്നാലെ സാനിയയുടെ കുടുംബം തന്നെ വെളിപ്പെടുത്തിയിരുന്നു.
മാലിക്കിന്‍റെ വിവാഹേതര ബന്ധങ്ങൾ കാരണം സാനിയ മിർസ പൊറുതിമുട്ടിയിരുന്നുവെന്ന് മാലിക്കിന്‍റെ സഹോദരി തന്നെ വെളിപ്പെടുത്തിയതോടെ സാനിയയെ പിന്തുണച്ചും മാലിക്കിനെ വിമർശിച്ചും ആരാധകർ രംഗത്തെത്തി. സന ജാവേദുമായുള്ള വിവാഹത്തിന് മാലിക്കിന്‍റെ കുടുംബാംഗങ്ങൾക്കും പൂർണ സമ്മതമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.