ചില താരങ്ങൾ നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്നു; ആരൊക്കെയാണെന്ന് പിന്നീട് വ്യക്തമാക്കും - ബി.ഉണ്ണികൃഷ്ണൻ
text_fieldsകൊച്ചി: ഒരേ തീയതിയിൽ ഒന്നിലധികം സിനിമകൾക്ക് ഡേറ്റ് നൽകി ചില നടീനടന്മാർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഫെഫ്ക. അനാവശ്യ വാദമുഖങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് ഇവർ സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. ഫെഫ്ക ജനറൽ കൗൺസിൽ യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ എഡിറ്റ് ചില നടീനടന്മാരെയും അവരുടെ ആളുകളെയും കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. എഡിറ്റ് തങ്ങൾ കണ്ട് ഇഷ്ടപ്പെട്ടാലേ തുടർന്ന് അഭിനയിക്കൂവെന്നും പടം പൂർത്തിയാക്കൂവെന്നുമാണ് ഇവർ പറയുന്നത്. സിനിമാമേഖലയിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. പണം മുടക്കിയ നിർമാതാവിനെ മാത്രമേ എഡിറ്റ് ചെയ്തത് കാണിക്കൂ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. എഗ്രിമെന്‍റുകൾ ഒപ്പിടാൻ നടീനടന്മാർ തയാറാകുന്നില്ല. സിനിമാേമഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കരാറിന്‍റെ അടിസ്ഥാനത്തിൽ പോകുമ്പോഴാണിത്.
മുൻനിര നടീനടന്മാരെല്ലാം കൃത്യമായ സഹകരണം നൽകുമ്പോഴാണ് ഇവർ അനാവശ്യ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. തൊഴിലാളികളുടെ വിയർപ്പിലാണ് തങ്ങൾ നിലനിൽക്കുന്നതെന്ന ബോധം ഇത്തരം അഭിനേതാക്കൾക്ക് വേണം. ഇതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഫെഫ്ക നില്‍ക്കും.
ഇക്കാര്യം ‘അമ്മ’ അടക്കമുള്ള മുഴുവൻ സംഘടനകളുമായി സംസാരിച്ചിട്ടുണ്ട്. ഇവരെല്ലാം പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. പരാതി ഉയർന്ന അഭിനേതാക്കളുമായി വരും ദിവസങ്ങളിൽ കാര്യങ്ങൾ സംസാരിക്കും. ഇവർ വഴങ്ങാത്തപക്ഷം കർശന നടപടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.