'അച്ഛനറിയാതെ അമ്മ വാങ്ങിയ കടം വീട്ടാനാണ് നടനായത്'; ആദ്യ ജോലി തുണിക്കടയിൽ -സൂര്യ
text_fieldsവീട്ടിലെ സാമ്പത്തിക ബദ്ധിമുട്ട് കാരണമാണ് താൻ നടനായതെന്ന് തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ. നടനാകാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ആദ്യ ജോലി തുണിക്കടയിലായിരുന്നെന്നും സൂര്യ പറയുന്നു. ബിസിനസ് തുടങ്ങണമെന്നായിരുന്നു ആഗ്രഹം അതിനായിട്ടാണ് തുണിക്കടയിൽ ജോലി ചെയ്തതെന്നും പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ വ്യക്തമാക്കി.
'ബിസിനസ് തുടങ്ങണമെന്നായിരുന്നു ആഗ്രഹം. അതിനായി ഒരു വസ്ത്ര സ്ഥാപനത്തിൽ ജോലി ചെയ്തു. ആദ്യത്തെ 15 ദിവസം ട്രെയിനി ആയിരുന്നു. ആ 15 ദിവസത്തെ ശമ്പളം 750 രൂപയായിരുന്നു. ഞാൻ ഒരു നടന്‍റെ മകനാണെന്ന് അവർക്കറിയില്ലായിരുന്നു. അന്ന് 1200 രൂപയായിരുന്നു എൻ്റെ മാസശമ്പളം. ഏകദേശം മൂന്ന് വർഷത്തോളം ജോലി ചെയ്തു. അപ്പോഴേക്കും ശമ്പളം 8,000 രൂപയായി ഉയർന്നു. ഒരു ദിവസം രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അമ്മ എന്നോട് അച്ഛനറിയാതെ 25000 രൂപ കടം വാങ്ങിയെന്ന് പറയുന്നത്. അത് വലിയ ഷോക്കായിരുന്നു' - സൂര്യ പറഞ്ഞു.
അച്ഛൻ നടനായിട്ടും അമ്മ എന്തിനാണ് കടം വാങ്ങിയതെന്ന് ആലോചിച്ചെന്നും ബാങ്ക് ബാലൻസിന് എന്ത് സംഭവിച്ചെന്നും താൻ ചോദിച്ചെന്നും ബാങ്ക് ബാലൻസ് ഒരിക്കലും ഒരു ലക്ഷത്തിലധികമായിട്ടില്ലെന്നുമായിരുന്നു അമ്മയുടെ മറുപടിയെന്നും സൂര്യ പറയുന്നു. അച്ഛന് ശമ്പളം നിര്‍ബന്ധമുണ്ടായിരുന്നില്ല. ശമ്പളം വരുന്നതുവരെ കാത്തിരിക്കും. അദ്ദേഹം അധികം സിനിമകൾ ചെയ്യാത്ത സമയം കൂടിയായിരുന്നു അത്. ഏകദേശം 10 മാസത്തെ ഇടവേള വരെ ഉണ്ടായിരുന്നു. അമ്മ 25,000 രൂപ കൊടുക്കാൻ പാടുപെടുന്നത് തന്നെ വല്ലാതെ ബാധിച്ചു. അതുവരെ സ്വന്തമായി ബിസിനസ് തുടങ്ങണമെന്നായുരുന്നു ആഗ്രഹമെന്നും അച്ഛന്‍ അതിലേക്ക് മൂലധനമായി ഒരു കോടി രൂപ നല്‍കുമെന്നുമായിരുന്നു പ്രതീക്ഷയെന്നും സൂര്യ പറഞ്ഞു.
അമ്മയുമായുള്ള ആ സംഭാഷണമാണ് ജീവിതം മാറ്റി മറിച്ചതെന്ന് സൂര്യ വ്യക്തമാക്കി. ശിവകുമാറിന്‍റെ മകൻ എന്ന നിലയിൽ ഒരുപാട് ഓഫറുകൾ വരുമായിരുന്നു. എന്നാൽ സിനിമയുടെ ഭാഗമാകാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. ആദ്യമായി കാമറക്ക് മുന്നിൽ നിൽക്കുന്നതിന് ദിവസങ്ങൾ മുമ്പ് പോലും അതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും സൂര്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.