'നമ്മൾ ലോക്ക് ചെയ്ത റൂം നമ്മൾ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല; സിനിമാ ഇൻഡസ്ട്രി അത്രയും സുരക്ഷിതം'-സ്വാസിക
text_fieldsസിനിമാ ഇൻഡസ്ട്രി സുരക്ഷിതമായ ഇടമാണെന്നും ഇവിടെ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്നും നടി സ്വാസിക. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇങ്ങിനെ പറഞ്ഞത്.
'അത്രയും സുരക്ഷിതമായ ഒരു ഇൻഡസ്ട്രി തന്നെയാണ് സിനിമാ ഇൻഡസ്ട്രി. ഇവിടെ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. നമുക്ക് നമ്മുടെ രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള ഒരു ഫ്രീഡം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീൽഡിൽ നിന്നുകൊണ്ടാണ് ചിലർ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്'-നടി പറയുന്നു.
നമ്മൾ ലോക്ക് ചെയ്ത റൂം നമ്മൾ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. ഞാൻ ലോക്ക് ചെയ്ത റൂം രാവിലെ മാത്രമേ തുറക്കൂ. അസമയത്ത് വന്ന് ഒരാൾ വാതിലിൽ മുട്ടിയാൽ നമ്മൾ എന്തിനാണ് തുറന്നു കൊടുക്കുന്നത്. അവർക്ക് സംസാരിക്കാനും കള്ളു കുടിക്കാനും എന്തിനാണ് നമ്മളൊരു സ്ഥലം ഒരുക്കിക്കൊടുക്കുന്നതെന്നും സ്വാസിക ചോദിച്ചു.
നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. ഒരു മോശം അനുഭവം ഉണ്ടായാല്‍ ഡബ്ല്യുസിസി പോലുള്ളവരെ സമീപിക്കാതെ പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടുകൂടെയെന്നും സ്വാസിക ചോദിക്കുന്നു.
ഏതെങ്കിലും ഒരു സിനിമ സെറ്റിൽനിന്ന് എനിക്ക് മോശമായി ഒരു അനുഭവമുണ്ടായിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക. നമ്മൾ സ്ത്രീകൾ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത്. അതാണ് നമ്മൾ ആർജിക്കേണ്ടതെന്നും സ്വാസിക പറഞ്ഞു.
നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയുകതന്നെ ചെയ്യണം. ബുദ്ധിമുട്ടുകളെല്ലാം സഹിച്ച് ഒരു സിനിമ ചെയ്യുകയും നാല് വർഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞ് വരുന്നതിനോട് ലോജിക്ക് തോന്നുന്നില്ല. വേറൊരു സ്ഥലത്ത് അവസരം വരും എന്ന ആത്മവിശ്വാസത്തോടെ അവിടെ നിന്നിറങ്ങിപ്പോരുകയാണ് വേണ്ടത്.
ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയിൽ ആവശ്യമുണ്ടോ എന്ന ചോദിച്ചാൽ, അവരുടെ പ്രവർത്തനം എന്താണെന്ന് കൃത്യമായി എനിക്ക് അറിയില്ലെന്നേ പറയാൻ കഴിയൂ. ഇപ്പോൾ ഡബ്ല്യുസിസി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മൾ ഒരു പരാതിയുമായി ചെന്നെന്ന് കരുതുക, ആ പരാതി കൊണ്ടുചെന്നാൽ ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോ എന്നും സ്വാസിക ചോദിച്ചു. നീതി കിട്ടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അറിയില്ല. അതിനും സമയമെടുക്കും-സ്വാസിക പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.