അപ്പാർട്ട്മെന്റിന് നേരെ നടന്ന വെടിവെപ്പ് ഗുരുതര ഭീഷണിയെന്ന് സൽമാൻ ഖാൻ
text_fieldsമുംബൈ: ബാന്ദ്രയിലെ അപ്പാർട്ട്മെന്റിന് നേരെ നടന്ന വെടിവെപ്പ് ഗുരുതര ഭീഷണിയാണെന്ന് ബോളിവുഡ് നടൻ സൽമാൻ ഖാൻ. മുംബൈ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് സൽമാൻ ഇക്കാര്യം പറയുന്നത്. വെടിവെപ്പ് തനിക്കും കുടുംബത്തിനും വലിയ ഭീഷണിയായെന്ന് അദ്ദേഹം പറഞ്ഞു. വെടിവെപ്പിനെ ചെറുതായി കാരണരുതെന്നും സൽമാൻ ഖാൻ പൊലീസിനോട് അഭ്യർഥിച്ചു.
സൽമാൻ ഖാനൊപ്പം സഹോദരൻ അർബാസ് ഖാന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. സൽമാന്റെ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ വെടിവെപ്പ് നടക്കുമ്പോൾ താരവും കുടുംബവും വീട്ടിലുണ്ടായിരുന്നു. അക്രമികൾ ആറ് റൗണ്ടാണ് വീടിന് നേരെ നിറയൊഴിച്ചത്. വെടിവെപ്പിന്റെ ശബ്ദം കേട്ട് സൽമാൻ പുറത്തേക്ക് വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പിന്നീട് സെക്യൂരിറ്റി ജീവനക്കാരെത്തിയാണ് സംഭവങ്ങൾ സൽമാന് വിവരിച്ച് നൽകിയത്.
ലോറൻസ് ബിഷ്‍ണോയ് സംഘത്തിന്റെ ഭീഷണി ഉൾപ്പടെ സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സൽമാൻ പൊലീസിന് മുമ്പാകെ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ബിഷ്‍ണോയി സംഘത്തിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് ഉണ്ടാവുന്നതെന്നും പൊലീസ് ഇത് ഗൗരവമായി കാണണമെന്നും സൽമാന്റെ സഹോദരൻ അർബാസ് പറഞ്ഞു.
ഏപ്രിൽ 14ന് ബൈക്കിലെത്തിയ രണ്ട് പേരാണ് സൽമാന്റെ വീടിന് നേരെ വെടിവെച്ചത്. ആറ് റൗണ്ട് ഇവർ വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.