'ഇതെന്തൊരു മാറ്റം'; പത്ത് വർഷത്തെ ഇടവേള, സ്ത്രീയായി ഗുസ്തി വേദിയിൽ തിരിച്ചെത്തി ടെയ്‍ലർ റെക്സ്
text_fieldsഡബ്ല്യു.ഡബ്ല്യു.ഇ (WWE) എന്നറിയപ്പെടുന്ന വിനോദ പ്രദർശനഗുസ്തി മത്സരത്തിൽ നിന്ന് പത്തുവർഷം മുമ്പ് വിരമിച്ചതാണ് ടെയ്‍ലർ റെക്സ്. എന്നാൽ, ദശാബ്ദത്തിന് ശേഷം അദ്ദേഹം വീണ്ടുമെത്തിയപ്പോൾ ആശ്ചര്യപ്പെടുകയാണ് ആരാധകർ. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായി മാറിയ റെക്സ്, ഗബ്ബി ടെഫ്റ്റ് എന്ന പേര് സ്വീകരിച്ചാണ് തിരിച്ചെത്തിയിരിക്കുന്നത്.
ഓൾ എലൈറ്റ് റെസ്ലിങ് (AEW) വേദിയിൽ അതിഥിയായെത്തിയതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഗബ്ബി ടെഫ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 'അമ്മ വരികയാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ. വീണ്ടും വിനോദ ഗുസ്തിയിലേക്ക് തിരിച്ചെത്താനുള്ള പദ്ധതിയും ഇവർ പങ്കുവെച്ചു.
ഡബ്ല്യു.ഡബ്ല്യു.ഇ വേദിയിൽ 2008-12 കാലത്ത് സജീവമായിരുന്നു ടെയ്‍ലർ റെക്സ്. പിന്നീട്, ഗുസ്തിയിൽ നിന്ന് അവധിയെടുത്ത റെക്സിനെ കുറിച്ച് വിവരമൊന്നുമുണ്ടായില്ല. ഇക്കാലത്താണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായി മാറിയത്.
വൻ തോതിൽ ശരീരഭാരം കുറക്കുകയും മറ്റ് ശാരീരിക മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്. 2016ലെയും ഇപ്പോഴത്തെയും തന്‍റെ ചിത്രങ്ങൾ ഗബ്ബി ടെഫ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തന്നെ പോലും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് സംഭവിച്ചതെന്ന് ഇവർ പറയുന്നു. 45 കിലോ ശരീരഭാരമാണ് കുറച്ചത്.
റെസ്ലിങ് എന്നും തന്‍റെ മനസ്സിലുണ്ടായിരുന്നെന്ന് ഗബ്ബി പറയുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി ശ്രമിക്കുകയാണ്. എപ്പോഴാണ് ഗുസ്തി വേദിയിൽ പ്രത്യക്ഷപ്പെടുകയെന്ന കാര്യം അറിയിക്കുമെന്നും ഇവർ വ്യക്തമാക്കി.
എ.ഇ.ഡബ്ല്യു വേദിയിൽ മുൻ ഭാര്യയോടും സഹോദരനോടുമൊപ്പം വരുന്ന വിഡിയോ ഗബ്ബി നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഡബ്ല്യു.ഡബ്ല്യു.ഇ കഴിഞ്ഞാൽ അമേരിക്കയിൽ ഏറ്റവും ആരാധകരുള്ള വിനോദ പ്രദർശന ഗുസ്തി ലീഗാണ് എ.ഇ.ഡബ്ല്യു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.