ജോലിയൊന്നും കിട്ടിയില്ല, മാസങ്ങളോളം മുറിയിൽ തന്നെ ഇരുന്നു, കരച്ചിൽ മാത്രമായിരുന്നു; വിഷാദനാളുകളെ കുറിച്ച് നടി സിമ്രത് കൗർ
text_fieldsസണ്ണി ഡിയോൾ അമീഷ പട്ടേൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അനിൽ ശർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗദർ 2. ആഗസ്റ്റ് 11 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം 2001 ൽ പുറത്തിറങ്ങിയ ഗദർ ഏക് പ്രേം കഥ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ആദ്യഭാഗത്തിലും സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ വൻ വിജയമായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് 22 വർഷങ്ങൾക്ക് ശേഷം രണ്ടാംഭാഗം പുറത്തെത്തുന്നത്.
നടി സിമ്രത് കൗറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2017 ആണ് കരിയർ ആരംഭിച്ചതെങ്കിലും നടിക്ക് പ്രതീക്ഷിച്ചത് പോലെ മുന്നോട്ടു പോകാനായില്ല. സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ വന്നതോടെ വിഷാദരോഗം ബാധിച്ചു. ജീവിതം അവസാനിച്ചുവെന്ന് കരുതിയയിടത്ത് നിന്ന് സിനിമയിലേക്ക് മടങ്ങി വരുകയായിരുന്നു. അമ്മയുടെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നാണ് സിമ്രത് പറയുന്നത്.
'2017 ൽ പുറത്ത് ഇറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് ഞാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ പിന്നീട് പ്രതീക്ഷിച്ചത് പോലെ അവസരങ്ങൾ ലഭിച്ചില്ല. സൗത്തിലും ബോളിവുഡിലുമായി ചെറുതും വലുതുമായ പ്രൊഡക്ഷൻ ഹൗസുകളിൽ ഓഡീഷനുമായി. എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് ആരും എന്നെ വിളിച്ചില്ല. ഇത് എന്നെ മാനസികമായി തളർത്തി. വിഷാദത്തിലേക്ക് നയിച്ചു. ആഴ്ചകളോളം മുറിയിൽ തന്നെ ഇരുന്നു. കരച്ചിൽ മാത്രമായിരുന്നു. ആ സമയത്ത് ഞാനൊരു പരാജയമാണെന്ന് സ്വയം തോന്നി'- സിമ്രത് കൗർ പറഞ്ഞു.
'എന്റെ അവസ്ഥയിൽ വീട്ടുകാരും ഏറെ ദുഃഖിച്ചിരുന്നു. ആ സമയത്ത് എല്ലാ പിന്തുണയുമായി അവർ ഒപ്പം തന്നെയുണ്ടായിരുന്നു. അഭിനയം തുടരാൻ താൽപര്യമില്ലെങ്കിൽ ഇഷ്ടമുള്ളത് ചെയ്യാൻ അമ്മ എന്നോട് പറഞ്ഞു. എന്നാൽ ഒറ്റ രാത്രി കൊണ്ട് ആർക്കും താരമാകാൻ കഴിയില്ലെന്ന് അമ്മ ഓർമിപ്പിച്ചു. 'കുഞ്ഞേ, നീ ഒരു കുട്ടിയാണ്, യാത്ര തുടങ്ങിയിട്ടേയുള്ളൂ. അത്ര നേരത്തെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന്' പറഞ്ഞു. അമ്മയുടെ വാക്കുകൾ എന്നിൽ ആഴത്തിൽ സ്പർശിച്ചു. അവിടെ നിന്ന് കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി'- സിമ്രത് കൗർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.