'അന്ന് അല്ലു അർജുൻ എന്നെ വിളിച്ചു... ഇതുവരെ ഒരു ബോളിവുഡ് താരവും അങ്ങനെ ചെയ്തിട്ടില്ല' -വെളിപ്പെടുത്തലുമായി ഗണേഷ് ആചാര്യ
text_fieldsബോളിവുഡിൽ നിന്ന് വ്യത്യസ്തമായി ദക്ഷിണേന്ത്യയിലെ ജനങ്ങൾ സാങ്കേതിക വിദഗ്ധരോട് കൂടുതൽ ബഹുമാനം കാണിക്കുന്നുവെന്ന് നൃത്തസംവിധായകൻ ഗണേഷ് ആചാര്യ. പുഷ്പയിലെ നൃത്തസംവിധാനത്തെ അഭിനന്ദിക്കാൻ അല്ലു അർജുൻ തന്നെ വിളിച്ചിരുന്നെന്നും ഇതുവരെ ബോളിവുഡ് താരങ്ങളാരും അങ്ങനെ ചെയ്തിട്ടില്ലെന്നും ഗണേഷ് ആചാര്യ പറഞ്ഞു.
പലപ്പോഴും സംവിധായകരും നിർമാതാക്കളും നൃത്തസംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രവർത്തികൾക്ക് മേൽനോട്ടം വഹിച്ച് താരങ്ങളെ പ്രീതിപ്പെടുത്താൻ അവസാന നിമിഷം ചുവടുകൾ മാറ്റുമെന്ന് ഗണേഷ് ആചാര്യ വ്യക്തമാക്കി.
'ബോളിവുഡിൽ ആളുകൾ താരത്തെ മാത്രമേ പ്രശംസിക്കുന്നുള്ളൂ, സംവിധായകന്റെയോ, നൃത്തസംവിധായകന്റെയോ, ടെക്നീഷ്യന്റെയോ പരിശ്രമം അവർ കാണുന്നില്ല. എന്നാൽ ദക്ഷിണേന്ത്യയിൽ അങ്ങനെയല്ല, ബോളിവുഡിൽ ഒരുപാട് ഈഗോ പ്രശ്നങ്ങൾ ഉണ്ട്. പുഷ്പയിലെ നൃത്തസംവിധാനം ചെയ്തതിനുശേഷം, അല്ലു അർജുൻ എന്നെ വിളിച്ചു. അദ്ദേഹം അതിന്‍റെ എനിക്ക് ക്രെഡിറ്റ് നൽകി. ഒരു ബോളിവുഡ് നടനും എനിക്ക് ക്രെഡിറ്റ് നൽകിയിട്ടില്ല. പക്ഷേ, അല്ലു അർജുൻ എന്നെ വളരെയധികം പ്രശംസിച്ചു. 'നിങ്ങൾ കാരണമാണ് ആളുകൾ എന്നെ അഭിനന്ദിക്കുന്നത്’ എന്ന് അല്ലു അർജുൻ പറഞ്ഞു' -ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗണേഷ് ആചാര്യ പറഞ്ഞു.
അതിന്ശേഷം, അല്ലു അർജുൻ തന്നെ പുഷ്പയുടെ വിജയ പാർട്ടിക്ക് ഹൈദരാബാദിലേക്ക് ക്ഷണിച്ചു. ആളുകൾ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഒരു സാധാരണ പാർട്ടി ആയിരുന്നില്ല അതെന്ന് അദ്ദേഹം പറഞ്ഞു. അവർ ഒരു വേദി ഒരുക്കി ടെക്നീഷ്യൻമാർക്ക് അവാർഡ് നൽകുകയായിരുന്നു. പുഷ്പയുടെ ഭാഗമായ ലൈറ്റ് മാനും അവിടെ അവാർഡ് നേടിയതായി ഗണേഷ് പറഞ്ഞു.
താൻ നിരവധി സംവിധായകരെയും നിർമാതാക്കളെയും കണ്ടിട്ടുണ്ട്, അവർ താരങ്ങൾ ഇല്ലാത്തപ്പോൾ വലിയ വാഗ്ദാനങ്ങൾ നൽകും, പക്ഷേ താരങ്ങളുടെ മുന്നിലെത്തിയാൽ, മൗനം പാലിക്കുന്നു. താരങ്ങളെ പ്രീതിപ്പെടുത്താൻ അവസാന നിമിഷം നൃത്തസംവിധാനം മാറ്റുന്നു. നൃത്തസംവിധായകൻ ഒരു ഗാനത്തിലെ നൃത്തം ചെയ്യാൻ നടത്തുന്ന പരിശ്രമം അവരെ ബാധിക്കുന്നതേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബോളിവുഡിനെക്കുറിച്ച് പരാതിപ്പെടുകയോ അതിനെ തരംതാഴ്ത്തുകയോ അല്ല ചെയ്യുന്നത്. ബോളിവുഡ് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പക്ഷേ കുറച്ച് ആളുകൾ കാരണം അവസ്ഥ കൂടുതൽ വഷളാകുന്നു. ഇത് പരിഹരിക്കേണ്ടതുണ്ട്. അവർ അവരുടെ സാങ്കേതിക വിദഗ്ധരിലും തിരക്കഥയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഗണേഷ് ആചാര്യ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.