ഗംഗുഭായ് വിവാദം; സഞ്ജയ് ലീല ബൻസാലിക്കും ആലിയക്കും നോട്ടീസ്
text_fieldsമുംബൈ: ഗംഗുഭായ് കത്തിയാവാഡി സിനിമയുമായി ബന്ധെപ്പട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ നോട്ടീസ്. ക്രിമിനൽ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് അഡീഷനൽ ചീഫ് മെട്രോെപാളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. മേയ് 21ന് മുമ്പ് കോടതിയിൽ ഹാജരാകാനാണ് നിർദേശം.
കാമാത്തിപുരയിലെ ഗംഗുഭായ് എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ഗംഗുഭായ്യുടെ വളർത്തുമകനെന്ന് അവകാശപ്പെടുന്ന ബാബു രാവ്ജി ഷായാണ് മാനനഷ്ട കേസ് നൽകിയിരിക്കുന്നത്.
ഹുസൈൻ സെയ്ദിയുടെ പുസ്തകമായ മാഫിയ ക്യൂൻസ് ഒാഫ് മുംബൈയെ അടിസ്ഥാനമാക്കിയാണ് ചിത്രം. പുസ്തകത്തിലെ ഗംഗുഭായ് കത്തിയാവാഡിയുടെ ഭാഗം മാതാവിനെ അപകീർത്തികരമായി ചിത്രീകരിച്ചിരിക്കുന്നതാണെന്നും പ്രശസ്തിക്കും പണത്തിനും വേണ്ടി മാതാവിന്‍റെ പേര് കളങ്കപ്പെടുത്തുന്നുവെന്നും പരേതയായ മാതാവിന്‍റെ സ്വകാര്യത ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. അതിനാൽ സിനിമ നിരോധിക്കണമെന്നാണ് ആവശ്യം.
നേരത്തേ മുംബൈ സിവിൽ കോടതിയെ ഷാ സമീപിച്ചെങ്കിലും കോടതി ഹരജി നിരസിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് നിർത്തണമെന്നും സിനിമയും സിനിമയുടെ ട്രെയിലറുകളും നിരോധിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പുസ്തകം 2011ൽ പബ്ലിഷ് ചെയ്തതാണെന്നും 2020 ഡിസംബറിലാണ് ഹരജി സമർപ്പിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിക്കുകയായിരുന്നു. ഗംഗുഭായ്യുടെ വളർത്തുമകനാണെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ ഷാ യുടെ കൈവശമില്ലെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.