കഥ നേരത്തെ എഴുതിയിരുന്നു,'വെന്ത് തനിന്തത് കാട്' എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗം ഉണ്ടാകില്ല; കാരണം ചിമ്പു
text_fieldsനടൻ ചിമ്പുവിനെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് വെന്ത് തനിന്തത് കാട്. 2022 സെപ്റ്റംബറിൽ തിയറ്ററുകളിലെത്തിയ ചിത്രം വൻ വിജയമായിരുന്നു.തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം രണ്ടാംഭാഗത്തിന്റെ സൂചന നൽകികൊണ്ടാണ് അവസാനിച്ചത്. എന്നാൽ തുടർഭാഗം ഉണ്ടാകില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. സിനിമയുടെ രണ്ടാം ഭാഗം നേരത്തെ എഴുതിയിരുന്നുവെന്നും എന്നാൽ ആ ചിത്രം ഇനി സംഭവിക്കില്ലെന്നും സംവിധായകൻ പറഞ്ഞു.
'ചിമ്പുവിന് ചിത്രത്തിന്റെ ആദ്യഭാഗം വലിയ സ്കെയിലിൽ ചെയ്യാനായിരുന്നു ആഗ്രഹം. രണ്ടാം ഭാഗം നേരത്തെ തന്നെ എഴുതി പൂർത്തിയാക്കിയിരുന്നു. എന്നാൽ ആദ്യ ഭാഗം പൂർത്തിയായി 25 ദിവസം കഴിഞ്ഞപ്പോഴേക്കും രണ്ടാം ഭാഗം ചെയ്യാനുള്ള താൽപര്യം ചിമ്പുവിന് പോയി. വളരെ ബ്രില്യന്റായ കഥയാണ് അത്. ഒന്നാം ഭാഗത്തിലെ അവസാനത്തെ അഞ്ച് മിനിറ്റ് എന്റെ ഇഷ്ടപ്രകാരം ചെയ്തതല്ല. അതിന് മുൻപ് വരെയുള്ള സിനിമയുടെ സ്കെയിൽ ആണ് എന്റെ മനസിലുണ്ടായിരുന്നത്. ഇന്ന് അഭിനേതാക്കൾ വലിയ സ്കെയിലിൽ ഉള്ള സിനിമകളാണ് പ്രതീക്ഷിക്കുന്നത്', ഗൗതം മേനോൻ പറഞ്ഞു.
'വെന്ത് തനിന്തത് കാട്' ചിത്രത്തിൽ സിദ്ധി ഇദ്നാനി, സിദ്ധിഖ്, നീരജ് മാധവ്, രാധിക ശരത്കുമാർ എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ഗൗതം മേനോനും ജയമോഹനും ചേർന്നാണ് തിരക്കഥയൊരുക്കിയത്. വെൽസ് ഇന്റർനാഷനലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് ആണ് സിനിമ നിർമിച്ചത്. എ ആർ റഹ്മാനായിരുന്നു സംഗീത സംവിധാനം നർവഹിച്ചത്. ചിത്രത്തിലെ പാട്ടുകളെല്ലാം വൻ ഹിറ്റായിരുന്നു. ചിത്രത്തിലെ ചിമ്പുവിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.