മോഹൻലാലുമായി സിനിമ ചെയ്യുമോ എന്ന് ചോദ്യം; മമ്മൂട്ടിയുമായി പത്ത് സിനിമകൾ ചെയ്യണമെന്ന് മറുപടി നൽകി ഗൗതം മേനോൻ
text_fieldsമമ്മൂട്ടി നായകനായെത്തുന്ന 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധാന അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തെന്നിന്ത്യൻ ഹിറ്റ് മേക്കർ ഗൗതം മേനോൻ. കഴിഞ്ഞ ദിവസം റിലീസായ ചിത്രം മോശമല്ലാത്ത അഭിപ്രായം നേടുന്നുണ്ട്. റിലീസ് ആകുന്നതിന് മുമ്പ് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിക്കൊപ്പം പത്ത് ചിത്രങ്ങൾ ചെയ്യണമെന്ന് ഗൗതം മെനോൻ പറയുന്നുണ്ട്.
മമ്മൂട്ടിയിൽ നിന്ന് നിരവധി കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിഞ്ഞു. വർഷങ്ങളായി സിനിമയിൽ പ്രവർത്തിക്കുന്ന, ഏറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മമ്മൂട്ടി. ഒരു രംഗത്തെക്കുറിച്ച് പറയുമ്പോൾ അത്തരം രംഗങ്ങൾ നിരവധി തവണ ചെയ്തിട്ടുണ്ടാകാമെങ്കിൽ പോലും അതിനെക്കുറിച്ച് ചർച്ച ചെയ്ത ശേഷമായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക എന്ന് ഗൗതം മേനോൻ പറഞ്ഞു.
'മോഹൻലാലിനെ വെച്ചുള്ള സിനിമ ഉടൻ സംഭവിക്കുമോ?' എന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ഗൗതം മേനോന്റെ പ്രതികരണം. 'എനിക്ക് മമ്മൂക്കയെ വെച്ച് 10 സിനിമകൾ കൂടി ചെയ്യണം. ഒരു നടൻ ഒരു രംഗത്തിനായി എന്തൊക്കെ ചെയ്യുന്നു എന്നത് ഉൾപ്പടെ ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. നിരവധി സംവിധായകർക്കൊപ്പം സിനിമ ചെയ്ത വ്യക്തിയാണല്ലോ. നമ്മൾ ഒരു ഷോട്ട് പറയുമ്പോൾ 'ഇതൊക്കെ ഞാൻ കണ്ടതാണ്' എന്ന് പുള്ളിയുടെ മനസ്സിലുണ്ടാകാം. ക്യാമറ ദൂരെ നിന്ന് കാണുമ്പോൾ തന്നെ അത് എന്ത് ലെൻസാണ് എന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ ഒരിക്കൽ പോലും 'ഇത് മറ്റൊരു സിനിമ' എന്ന് അദ്ദേഹം ചിന്തിച്ചിട്ടില്ല. എല്ലാ ഷോട്ടുകളെക്കുറിച്ചും ചർച്ച ചെയ്യും. എന്നിട്ട് ഒരു ചെറിയ മാജിക് എല്ലാ ഷോട്ടിലും അദ്ദേഹം ചെയ്തിട്ട് പോകും,' ഗൗതം മേനോൻ പറഞ്ഞു.
ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ഡൊമിനിക്കിന് തിരകഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ്, വിജി വെങ്കടേഷ്, സുഷ്മിത ബട്ട്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.