80 മില്യൺ ഡോളർ സമ്പത്ത്; ജീൻ ഹാക്ക്മാന്റെ സ്വത്ത് ഇനി ആർക്ക്?
text_fieldsരണ്ട് തവണ ഓസ്കര്‍ പുരസ്കാരം നേടിയ നടന്‍ ജീൻ ഹാക്ക്മാനെയും ഭാര്യ ബെറ്റ്സി അരകാവയെയും 2025 ഫെബ്രുവരി 26 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ ഹാക്ക്മാന്റെ വിൽപത്രം പുറത്ത് വന്നിരിക്കുകയാണ്. ഭാര്യയുടെ പേരിലാണ് എല്ലാ സ്വത്തും എഴുതിവച്ചിരിക്കുന്നത്. 1991 ലാണ് ബെറ്റ്സി അരകാവയെ ജീൻ ഹാക്ക്മാന്‍ വിവാഹം കഴിക്കുന്നത്. 1995 ല്‍ വില്‍പ്പത്രം തയ്യാറാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതേ സമയം ബെറ്റ്സിക്കും സ്വന്തം വിൽപത്രം ഉണ്ടാക്കിയിരുന്നു. താനാണ് ആദ്യം മരിക്കുന്നതെങ്കിൽ തന്‍റെ പേരില്‍ ഉള്ള സ്വത്തുക്കള്‍ എല്ലാം ജീനിന് വിട്ടുകൊടുക്കണമെന്നും അല്ലെങ്കില്‍ ഇരുവരും ഒന്നിച്ച് മരിക്കുകയോ 90 ദിവസത്തിനുള്ളിൽ മരിക്കുകയോ ചെയ്യുകയാണെങ്കിൽ സ്വത്ത് മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നുമാണ് ബെറ്റ്സിയുടെ വിൽപത്രത്തിൽ പറയുന്നത്. ബെറ്റ്സിയെ വിവാഹം കഴിക്കും മുമ്പ് ഹാക്ക്മാനിന് മൂന്ന് മക്കളുണ്ട്. എന്നാൽ വില്‍പ്പത്രത്തില്‍ മക്കൾക്കായി ഒന്നും നീക്കിവെച്ചിട്ടില്ല.
ബെറ്റ്സിയുടെ മൃതദേഹം കുളിമുറിയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം തൈറോയ്ഡ് മരുന്നുകൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. എന്നാൽ അവ ബെറ്റ്സി ഉപയോഗിക്കുന്നവയാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. അടുക്കളക്ക് സമീപമുള്ള മുറിയിലാണ് ഹാക്ക്മാന്‍റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മരിച്ചതറിയാതെ വീട്ടിൽ അലഞ്ഞ് നടന്ന് ഏഴ് ദിവസത്തിന് ശേഷം ഹാക്ക്മാനും മരണത്തിന് കീഴടങ്ങുയായിരുന്നു എന്നാണ് റിപ്പോർട്ട്.
രണ്ടുതവണ ഓസ്‌കര്‍ നേടിയ അഭിനേതാവാണ് ജീൻ ഹാക്ക്മാൻ. 1972ല്‍ 'ദി ഫ്രഞ്ച് കണക്ഷനിലെ' ഡിറ്റക്റ്റീവ് ജിമ്മി പോപ്പേ ഡോയല്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. 1992ല്‍ 'അണ്‍ഫോര്‍ഗിവന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കറും സ്വന്തമാക്കി. ഓസ്‌കറിന് പുറമേ രണ്ട് ബാഫ്റ്റ അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബുകള്‍, ഒരു എസ്.എ.ജി അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും ജീൻ നേടിയിട്ടുണ്ട്. നൂറിലധികം സിനിമകളിൽ അഭിനയിച്ച ഹാക്ക്മാന്റെ അവസാന ചിത്രം ‘വെൽക്കം ടു മൂസ്പോർട്ട്’ ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.