പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുങ്ങളിലെ പൊട്ടൻമാർക്ക് വിറളിപിടിക്കും -ഹരീഷ് പേരടി
text_fieldsനടൻ ഉണ്ണി മുകുന്ദന്റെ 'വലിയപൊട്ട്' പരമാർശത്തെ പരോക്ഷമായി വിമർശിച്ച് ഹരീഷ് പേരടി. പൊട്ടുകൾ എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന വലിയ അടയാളങ്ങൾ തന്നെയാണ്. പെണ്ണിൻ്റെ പൊട്ടിൻ്റെ വലിപ്പം കൂടുതോറും ആണുങ്ങൾക്കിടയിലെ പൊട്ടൻമാർക്ക് വിറളിപിടിക്കുമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഉണ്ണി മുകുന്ദന്‍ എസ്.ഐ ആനി ശിവയെ പ്രശംസിച്ച് കൊണ്ട് പങ്കുവച്ച പോസ്റ്റിലാണ് വലിയ പൊട്ട് പരമാർശം ഉണ്ടായത്. 'സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ് സാധ്യമാവുക എന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഇത് വിവാദമായിരുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്
തടിച്ചും നീണ്ടും ഉരുണ്ടും വിലങ്ങനെയും കുറങ്ങനെയും അങ്ങിനെ എത്ര, എത്ര വലിയ പൊട്ടുകൾ ഈ നെറ്റിയിൽ കിടന്ന് അമ്മാനമാടി. എത്രയെത്ര അമ്മദൈവങ്ങൾക്കുവേണ്ടി ഉറഞ്ഞ് തുള്ളി. മേക്കപ്പ് ആർട്ടിസ്റ്റ് പൊട്ടുതൊടുമ്പോൾ അച്ഛൻ എൻ്റെ മനസ്സിലേക്ക് വരാറേയില്ല. എപ്പോഴും അമ്മയാണ് വരാറ്. അതിനുകാരണംഅച്ഛൻ മരിച്ചതിനു ശേഷവും അമ്മയെ നിർബന്ധിച്ച് സിന്ദൂരം തലയിൽ ചാർത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു. അത് അച്ഛനെ ഓർക്കാനല്ല. മംഗല്യകുറിയോടുള്ള വിശ്വാസവുമല്ല. മറിച്ച് ഭർത്താവ് മരിച്ച എൻ്റെ അമ്മ പൊട്ടുതൊട്ടാൽ ആരുണ്ടെടാ ചോദിക്കാൻ?
അന്ന് ഇരുപത് വയസ്സുള്ള ഒരു ചെക്കൻ്റെ പൊട്ടിത്തെറിപ്പ്. അത്തരം പൊട്ടിത്തെറിപ്പുകൾ തന്നെയാണ് യഥാർത്ഥ രാഷ്ട്രിയം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. 'പൊട്ടുകൾ' എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങൾ തന്നെയാണ്. പെണ്ണിൻ്റെ പൊട്ടിൻ്റെ വലിപ്പം കൂടുതോറും ആണുകൾക്കിടയിലെ പൊട്ടൻമാർക്ക് വിറളിപിടിക്കും. കാലുകൾ വിടർത്തിയിരിക്കൽ ഇപ്പോഴും ആണിന് മാത്രമായുള്ള ശരീരഭാഷയാണന്ന് കരുതുപോലെ. പക്ഷെ ഒരു സ്ത്രീ ഏറ്റവും വലിപ്പത്തിൽ ഒരു പാട് വേദന സഹിച്ച് കാലുകൾ വിടർത്തുമ്പോളാണ് എല്ലാ പൊട്ടൻമാരും ഈ ഭൂമി കാണാൻ തുടങ്ങുന്നത് എന്നത് മറ്റൊരു യാഥാർത്ഥ്യം..ആ വലിയ പൊട്ടുകളുടെ ഓർമ്മക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.