‘ഗുരുതര രോഗാവസ്ഥയൊന്നുമില്ല; പി. ജയചന്ദ്രൻ വീട്ടിൽ വിശ്രമത്തിൽ’
text_fieldsഗായകന്‍ പി. ജയചന്ദ്രൻ ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വെളിപ്പെടുത്തൽ. അദ്ദേഹത്തിന് പ്രായത്തിന്റേതായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണെന്നും മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രവി മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഡോക്ടറുടെ ഉപദേശപ്രകാരം പ്രകാരം സ്വന്തം വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ. പുറത്തു പോകുന്നത് അത്ര ആരോഗ്യകരമല്ല എന്നതാണ് കാരണം. അതല്ലാതെ ഗുരുതര രോഗാവസ്ഥയൊന്നും അദ്ദേഹത്തിനില്ല. സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുകയും പാട്ടു കേൾക്കുകയുമൊക്കെ ചെയ്യുന്നുണ്ട്- രവി മേനോൻ കൂട്ടിച്ചേർത്തു.
രവി മേനോന്‍ ഫേസ്ബക്ക് പോസ്റ്റ്
ആരോഗ്യപ്രശ്നങ്ങളുണ്ട്; ശരിതന്നെ. പ്രായത്തിന്റെ അസ്‌ക്യതകളും. അതുകൊണ്ട് ഒരു വ്യക്തിയെ ഗുരുതരരോഗിയും ആസന്നമരണനുമായി ചിത്രീകരിച്ചേ പറ്റൂ എന്ന് എന്താണിത്ര നിർബന്ധം? അതിൽ നിന്ന് എന്ത് ആത്മസംതൃപ്തിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ലഭിക്കുക?
പുലർച്ചെ വിളിച്ചുണർത്തിയത് അമേരിക്കയിൽ നിന്നുള്ള ഫോൺ കോളാണ്. "നമ്മുടെ ജയേട്ടന്റെ അവസ്ഥ കഷ്ടമാണെന്ന് കേൾക്കുന്നു. രക്ഷപ്പെടുമോ?" -- വിളിച്ചയാൾക്ക് അറിയാൻ തിടുക്കം.കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അദ്ദേഹത്തെ. "കുറച്ചു കാലമായി ചികിത്സയിലാണ് എന്നത് സത്യം തന്നെ. ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ. പുറത്തു പോകുന്നത് അത്ര ആരോഗ്യകരമല്ല എന്നതാണ് കാരണം. അതല്ലാതെ ഗുരുതര രോഗാവസ്ഥയൊന്നുമില്ല അദ്ദേഹത്തിന്. ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നു. പാട്ടുകൾ കേൾക്കുന്നു. രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാൻ ശ്രമിക്കുന്നു."
അമേരിക്കക്കാരന് എന്നിട്ടും ബോധ്യം വരുന്നില്ല. "അപ്പോൾ പിന്നെ വാട്സാപ്പിൽ അയച്ചുകിട്ടിയ ഫോട്ടോയോ? അത്യന്തം അവശനിലയിലാണല്ലോ അദ്ദേഹം?" രണ്ടു മാസം മുൻപ് ഏതോ "ആരാധകൻ" ഒപ്പിച്ച വേല. ആശുപത്രി വാസം കഴിഞ്ഞു ക്ഷീണിതനായി വീട്ടിൽ തിരിച്ചെത്തി മുടി വെട്ടിയ ഉടൻ പ്രിയഗായകന്റെ രൂപം ഫോണിൽ പകർത്തുക മാത്രമല്ല ഉടനടി സാമൂഹ്യമാധ്യമങ്ങളിൽ പറത്തിവിടുകയും ചെയ്യുന്നു ടിയാൻ. ഇഷ്ടഗായകന്റെ കഷ്ടരൂപം ജനത്തെ കാണിച്ചു ഞെട്ടിക്കുകയല്ലോ ഒരു യഥാർത്ഥ ആരാധകന്റെ ധർമ്മം.വിളിച്ചയാൾക്ക് തൃപ്തിയായോ എന്തോ. നിരവധി കോളുകൾ പിന്നാലെ വന്നു. എല്ലാവർക്കും അറിയേണ്ടത് ജയേട്ടനെ പറ്റിത്തന്നെ. ചിലരുടെ വാക്കുകളിൽ വേദന. ചിലർക്ക് ആകാംക്ഷ. മറ്റു ചിലർക്ക് എന്തെങ്കിലും "നടന്നുകിട്ടാനുള്ള" തിടുക്കം.
ഭാഗ്യവശാൽ സോഷ്യൽ മീഡിയയിൽ വ്യാപരിക്കുന്ന പതിവില്ല ജയചന്ദ്രന്. വാട്സാപ്പിൽ പോലുമില്ല ഭാവഗായക സാന്നിധ്യം. എന്തും ലാഘവത്തോടെ കാണുന്നതാണ് അദ്ദേഹത്തിന്റെ ശീലം. പുറത്തു നടക്കുന്ന പുകിൽ അറിഞ്ഞെങ്കിൽ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാനാകും എനിക്ക്- രവി മേനോൻ കുറിച്ചു.
പി.ജയചന്ദ്രന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും പറയുന്ന ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മാർച്ച് മൂന്നിനായിരുന്നു പി.ജയചന്ദ്രൻ എൺപതാം പിറന്നാൾ ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.