ഇവിടെയുണ്ട്, "റിപ്ടൈഡി'ലെ നായകൻ...
text_fieldsശ്രീകണ്ഠപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ കലിഡോസ്കോപ്പിൽ ഇടം നേടിയ മലയാള ചിത്രം 'റിപ്ടൈഡ്' ലെ നായകൻ മലയോര മണ്ണിലെ താരോദയം. ശ്രീകണ്ഠപുരത്തെ ചെറിയകത്ത് പുതിയപുരയിൽ സ്വലാഹ് റഹ്മാനാണ് ഈ താരം.
രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ കലിഡോസ്കോപ്പിൽ 'റിപ്ടൈഡ്' എത്തുമ്പോൾ താരം ഏറെ ആഹ്ലാദത്തിലാണ്. നാട്ടിൽ സുപരിചിതനെങ്കിലും സ്വലാഹ് വലിയ സിനിമാ താരമാണെന്ന കാര്യം പലർക്കുമറിയില്ല. സിനിമ അഭിനിവേശം എതിർപ്പുകൾക്ക് വഴങ്ങാതെ കൊണ്ടുനടക്കുകയായിരുന്നു.
ഓണവുമായി ബന്ധപ്പെട്ട് സംഗീത വിഡിയോ ആൽബം സംവിധാനം ചെയ്ത് അഭിനയിച്ചത് ഹിറ്റായി. പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
റിപ്ടൈഡ് നായകനായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് സ്വദേശി ഫാരിസ് ഹിന്ദാണ് കൂടെ അഭിനയിച്ചത്. തളിപ്പറമ്പ് സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂളിലും ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിലുമായിരുന്നു സ്വലാഹിന്റെ പഠനം. തുടർന്ന് ചെന്നൈ യൂനിവേഴ്സിറ്റിയിൽനിന്ന് എം.ബി.എയും നേടി. ഗൾഫിലേക്ക് പോയെങ്കിലും അഭിനയ ഭ്രമം കാരണം നാട്ടിൽ തിരിച്ചെത്തി.
മമ്മൂട്ടിയുടെ ഭീഷ്മപർവം, ഫഹദ് ഫാസിലിന്റെ ധുമം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും അഭിനയ മികവ് തെളിയിച്ചു. താൻ അഭിനയിച്ച മീശ ഉൾപ്പെടെയുള്ള വേറെയും മികച്ച ചിത്രങ്ങൾ റിലീസാവാനുണ്ടെന്ന് സ്വലാഹ് റഹ്മാൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ശ്രീകണ്ഠപുരത്തെ ചെറിയകത്ത് പുതിയപുരയിൽ അബ്ദുറഹ്മാൻ- ഖദീജ ദമ്പതികളുടെ മകനാണ്. ലോകമെമ്പാടുമുള്ള മേളകളിൽ അംഗീകാരം നേടിയ ഇന്ത്യൻ സിനിമകളെ ഉൾകൊള്ളിക്കുന്ന വിഭാഗമാണ് കലിഡോസ്കോപ്. ആറ് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടവയിൽ രണ്ട് മലയാള ചിത്രങ്ങളാണുള്ളത്.
ദേശീയ പുരസ്കാരം ഉൾപ്പെടെ സ്വന്തമാക്കിയ സൗദി വെള്ളക്കയാണ് മേളയിൽ ഈ വിഭാഗത്തിൽ ഇടം നേടിയ മറ്റൊരു മലയാള ചിത്രം. നേരത്തെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെട്ട റിപ്ടൈഡ് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. നവാഗതനായ അഫ്രദ് വി.കെ. രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ചിത്രം മിസ്റ്ററി പ്രണയ കഥയാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.