മൂന്ന് മാസംകൊണ്ട് കുറച്ചത് 15 കിലോ; കരിയറിന്‍റെ തുടക്ക കാലത്ത് നേരിട്ട വെല്ലുവിളി തുറന്നുപറഞ്ഞ് ആലിയ
text_fields2012ൽ സ്റ്റുഡന്റ്സ് ഓഫ് ദി ഇയർ എന്ന സിനിമയിലൂടെയാണ് നടി ആലിയ ഭട്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. അരങ്ങേറ്റ കാലത്ത് താൻ നേരിട്ട വെല്ലുവിളികൾ തുറന്നുപറയുകയാണിപ്പോൾ നടി ആലിയ ഭട്ട്.
ഇന്ന് ബോളിവുഡിൽ നമ്പർ വൺ നായികയാണ് ആലിയ ഭട്ട്. സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് 69 കിലോ ഉണ്ടായിരുന്ന ആലിയ ഭട്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് 15 കിലോ ഭാരമാണ് മൂന്ന് മാസത്തിനുള്ളിൽ കുറച്ചത്. ചിട്ടയായ ജീവിതരീതി പിന്തുടർന്നാൽ ആരോഗ്യമുള്ള ഫിറ്റായ ശരീരം സ്വന്തമാക്കാമെന്ന് നടി പറയുന്നു.
ആലിയയുടെ ടിപ്സ്
ഭക്ഷണം ഒഴിവാക്കിയുള്ള അനാരോഗ്യകരമായ ഡയറ്റ് പ്ലാനുകൾ വണ്ണം കുറയ്ക്കില്ലെന്ന് മാത്രമല്ല, വിപരീത ഫലവുമായിരിക്കും നൽകുക. കുട്ടിക്കാലം മുതൽ സിനിമാ മോഹമുണ്ടായിരുന്നെങ്കിലും ഫിറ്റ്നസിലും ആരോഗ്യത്തിലും പണ്ട് അധികം ശ്രദ്ധിച്ചിരുന്നില്ലെന്ന് ആലിയ പറയുന്നു. തന്റെ ഉയരത്തിനും പ്രായത്തിനും വേണ്ടതിനേക്കാൾ 20 കിലോ അധികം ഭാരമുണ്ടായിരുന്നു.
ആദ്യമായി ഒഡിഷന് പോയപ്പോഴും വണ്ണം കൂടുതലുണ്ടായിരുന്നു. അന്ന് തനിക്കൊപ്പം 500 പെൺകുട്ടികൾ ഒഡിഷന് പങ്കെടുത്തിരുന്നു. അപ്പോഴാണ് ആദ്യമായി വണ്ണം കുറയ്ക്കണമെന്ന തോന്നലുണ്ടായത്. ഭാരം കുറച്ച് ഫിറ്റായതിനു ശേഷമാണ് പിന്നീട് സംവിധായകന് മുന്നിലേക്ക് പോയതെന്നും ആലിയ പറഞ്ഞു.
ഭാരം കുറയ്ക്കാൻ ആദ്യം ചെയ്തത് മധുരം ഒഴിവാക്കുകയാണ്. മധുരാഹാരം ഏറെ ഇഷ്ടമായിരുന്നെങ്കിലും അതിനോട് എന്നെന്നേക്കുമായി ഗുഡ് ബൈ പറഞ്ഞു. ഓർഗാനിക്കായ ഹെൽത്തി ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തി. പേഴ്സണൽ ഇൻസ്ട്രക്ടറുടെ സഹായത്തോടെ ഭക്ഷണ രീതികൾ ക്രമീകരിച്ചു.
പഴങ്ങളും പച്ചക്കറികളും ചിക്കനുമാണ് ആലിയ തിരഞ്ഞെടുത്ത ആഹാരരീതി. വണ്ണം കുറയ്ക്കാൻ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചാൽ പോരെന്നാണ് ആലിയ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം ആവശ്യമായ വർക്കൗട്ടും വളരെ പ്രധാനമാണ്. കാർഡിയോ, ഓട്ടം, കിക്ക്ബോക്സിംഗ് എന്നിവയ്ക്കൊപ്പം ഫിറ്റ്നസ് നിലനിർത്താൻ പൈലേറ്റ്സ്, യോഗ, ഭാരോദ്വഹനം, നൃത്തം എന്നിവയും പതിവായി ചെയ്തു. എല്ലാം ട്രെയിനറുടെ നിർദേശവും മേൽനോട്ടത്തിലുമായിരുന്നു.
രാവിലെ ഉറക്കമുണർന്നാൽ മൊബൈൽ നോക്കി വീണ്ടും ഇരിക്കുന്നതോ കിടക്കുന്നതോ ആണ് രീതിയെങ്കിലും അതും ഒഴിവാക്കണമെന്ന് ആലിയ പറയുന്നു. പകരം പത്രം വായിക്കാം. ഒരു ലെമനേഡ് കഴിച്ചാണ് ആലിയയുടെ പ്രഭാതം ആരംഭിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിന് പോഹ, എഗ്ഗ് വൈറ്റ് സാൻഡ് വിച്ച് തുടങ്ങി എന്തെങ്കിലും കഴിക്കും.
ദിവസം മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതാണ് നമ്മളിൽ പലരുടേയും രീതി. എന്നാൽ ഒരു നേരം ഒരുപാട് കഴിക്കുന്നതിനേക്കാൾ അൽപാൽപമായി ഒരുപാട് നേരം കഴിക്കുന്നതാണ് ആലിയയുടെ രീതി. ദിവസം 6-8 തവണയായി ആലിയ ഭക്ഷണം കഴിക്കും. ഇതുമൂലം മെറ്റബോളിസം മെച്ചപ്പെടുകയും ഭക്ഷണത്തോട് അമിതാസക്തി കുറയുകയും ചെയ്യും. മാത്രമല്ല, വിശന്ന് ഇരിക്കേണ്ടിയും വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.