ഒരു യുദ്ധം ജയിച്ച ആഹ്ലാദത്തിലല്ല ഞാൻ -ഹണി റോസ്
text_fieldsകോഴിക്കോട്: തന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണൂർ റിമാൻഡിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്ന് നടി കുറിപ്പിൽ പറയുന്നു.
പിന്നെയും പിന്നെയും വേദനിപ്പിച്ചത് കൊണ്ട് നിവർത്തികെട്ട് പ്രതികരിച്ചതാണെന്നും നടി വ്യക്തമാക്കുന്നു.
ഹണി റോസിന്‍റെ കുറിപ്പ്:
ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിൽ അല്ല ഞാൻ.
നിർത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തികെട്ട് ഞാൻ പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്.
ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയിൽ ഞാൻ ആഹ്ളാദിക്കുകയും ഇല്ല.
ഇനിയും പരാതികളുമായി പോലീസ് സ്റ്റേഷനിൽ പോകാൻ ഉള്ള അവസ്‌ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു...
നമ്മുടെ നിയമവ്യവസ്‌ഥക്ക് വലിയ ശക്തിയുണ്ട്, സത്യത്തിനും...
വാക്പോരുമായി ഹണി റോസും രാഹുൽ ഈശ്വറും
ബോബി ചെമ്മണൂരിനെ അനുകൂലിച്ച രാഹുൽ ഈശ്വറിനെതിരെ നേരത്തെ കടുത്ത വിമർശനങ്ങളുമായി ഹണി റോസ് രംഗത്തെത്തിയിരുന്നു. രാഹുൽ ഈശ്വറിന് ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് മനസ്സിലായതെന്ന് ഹണി റോസ് ഫേസ്ബുക്കിൽ വിമർശിച്ചു. രാഹുൽ ഈശ്വറിനെ അഭിസംബോധന ചെയ്തുള്ള തുറന്ന കത്തിലാണ് ആരോപണങ്ങൾ. തന്ത്രി കുടുംബത്തിൽപെട്ട രാഹുൽ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നെങ്കിൽ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഡ്രസ് കോഡ് ഉണ്ടാക്കിയേനെ എന്നും ഹണി പരിഹസിച്ചു. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ താൻ ശ്രദ്ധിച്ചുകൊള്ളാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇതിന് ഏറെ വൈകാതെ മറുപടിയുമായി ഫേസ്ബുക്കിലൂടെത്തന്നെ രാഹുൽ ഈശ്വറും രംഗത്തെത്തി. സ്ത്രീശരീരം കണ്ടാൽ നിയന്ത്രണം പോകുമോ എന്ന ചോദ്യം മനസ്സിലെ ദേഷ്യത്തിൽനിന്ന് വന്നതാെണന്ന് മനസ്സിലാക്കുന്നു. ഒരു സ്ത്രീക്കുമെതിരായുള്ള ദ്വയാർഥ പ്രയോഗങ്ങളെയും ന്യായീകരിക്കുന്നില്ല. എന്നാൽ, ഹണിയുടെ വസ്ത്രധാരണം സംബന്ധിച്ച വിമർശനങ്ങൾകൂടി ശ്രദ്ധിക്കണമെന്നും രാഹുൽ അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ ചാനൽ ചർച്ചകളിലുൾപ്പെടെ ബോബിയെ പിന്തുണച്ചും ഹണിയെ വിമർശിച്ചും രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.