ജോണി ഡെപ്പും ആംബർ ഹേഡും അടിപൊളിയാണ്, അവർ ഒരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നു - ഇലോൺ മസ്ക്
text_fieldsന്യൂഡൽഹി: ഹോളിവുഡ് നടൻ ജോണി ഡെപ്പിനെതിരെ മുൻ ഭാര്യ ആംബർ ഹേഡ് നൽകിയ ഗാർഹിക പീഡന കേസിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ ഇലോൺ മസ്‌ക് ഇരുവരെയും കുറിച്ച് പറഞ്ഞ വാചകങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഇരുവരും മികച്ച താരങ്ങളാണെന്നും അവർ ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്.
ദമ്പതികൾ തമ്മിലുള്ള അപകീർത്തി പ്രശ്നങ്ങൾക്കിടയിൽ ഇലോൺ മസ്കിനെതിരെയും ജോണി ഡെപ്പ് ആരോപണമുന്നയിച്ചിരുന്നു. തന്‍റെ ഭാര്യ ഹേഡുമായി മസ്ക് ബന്ധം സ്ഥാപിച്ചിരുന്നുവെന്നായിരുന്നു നടന്റെ ആരോപണം. എന്നാൽ ഡെപ്പുമായി പിരിഞ്ഞു കഴിയുമ്പോഴായിരുന്നു ഹേഡ് താനുമായി അടുത്തതെന്നും നടന്റെ വാദങ്ങൾ തെറ്റാണെന്നും ഇലോൺ മസ്ക് ചൂണ്ടിക്കാട്ടിയിരുന്നു.
2015 മുതൽ 2017 വരെ ഡെപ്പിന്‍റെ ഭാര്യയായി കഴിഞ്ഞിരുന്ന ഹേർഡ് ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി 2016 മെയിലാണ് ഡെപ്പിനെതിരെ പരാതി നൽകിയത്. 2018 ഡിസംബറിൽ ഒരു യു.എസ് ദിനപത്രമായ 'ദി വാഷിങ്ടൺ പോസ്റ്റിന്' വേണ്ടി ഹേഡ് എഴുതിയ കുറിപ്പിൽ താൻ ഗാർഹിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പരാമർശിച്ചിരുന്നു. ഡെപ്പിന്‍റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും അതിന് ശേഷം തന്‍റെ കരിയർ അവതാളത്തിലായെന്നും സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ആരോപിച്ച് നടൻ ഹേഡിനെതിരെ 50 ദശലക്ഷം ഡോളറിന്‍റെ മാനനഷ്ടക്കേസ് നൽകി.
തുടർന്ന് 36കാരിയായ ഹേഡ്, ശാരീരിക പീഡനങ്ങൾ വരെ അനുഭവിച്ചുവെന്ന് കാണിച്ച് 100 മില്യൺ ഡോളറിന് എതിർവാദം ഉന്നയിച്ചു. വെള്ളിയാഴ്ച ഇരുവിഭാഗത്തിന്റെയും അഭിഭാഷകർ അവരുടെ അവസാന വാദങ്ങൾ നടത്തി.
ഇരുപക്ഷവും തങ്ങൾക്ക് കരിയറിലുണ്ടായ നഷ്ടങ്ങൾ ഉയർത്തിക്കാട്ടി. അംഗരക്ഷകർ, ഹോളിവുഡ് എക്സിക്യൂട്ടീവുകൾ, ഏജന്റുമാർ, വിനോദ വ്യവസായ വിദഗ്ധർ, മാനസികരോഗ വിദഗ്ധർ, ഡോക്ടർമാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുൾപ്പെടെ ഡസൻ കണക്കിന് സാക്ഷികൾ വിചാരണ വേളയിൽ മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.