പ്രധാന താരങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ശ്രമിച്ചതിന് കോളറിൽ പിടിച്ച് വെളിയിലാക്കി; ഓർമകൾ പങ്കുവെച്ച് നവാസുദ്ദീൻ സിദ്ദിഖി
text_fieldsസർഫറോഷ്, മുന്നാഭായ് എംബിബിഎസ്, മനോരമ സിക്‌സ് ഫീറ്റ് അണ്ടർ തുടങ്ങിയ സിനിമകളിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടായിരുന്നു നടൻ നവാസുദ്ദീൻ സിദ്ദിഖി തന്റെ ബോളിവുഡ് ജീവിതം ആരംഭിക്കുന്നത്. എന്നാലിപ്പോൾ സേക്രഡ് ഗെയിംസ്, ഗാങ്‌സ് ഓഫ് വാസിപൂർ, മാന്റോ, രമൺ രാഘവ് 2.0 തുടങ്ങി നിരവധി സിനിമകളിൽ നായകനാണ് നവാസുദ്ദീൻ സിദ്ദിഖി. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി അറിയപ്പെടാൻ നവാസുദ്ദീന് രണ്ട് പതിറ്റാണ്ടിലേറെ സമയമെടുത്തു.
അടുത്തിടെ ബിബിസി ഹിന്ദിക്ക് നൽകിയ ഒരു അഭിമുഖത്തിൽ, ബോളിവുഡിൽ ഒരുകാലത്ത് താൻ നേരിട്ട വിവേചനങ്ങളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. സെറ്റുകളിൽ തന്നോട് മോശമായി പെരുമാറിയതും ഒരു പ്രോജക്റ്റിനിടെ പ്രധാന നായകന്മാർക്കൊപ്പം ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചതിന് കോളറിൽ പിടിച്ച് വെളിയിലാക്കിയ അനുഭവവുമൊക്കെ അദ്ദേഹം പങ്കുവെച്ചു.
നടനെന്ന നിലയിൽ അറിയപ്പെടാത്ത കാലത്ത് ആളുകൾ മോശമായി പെരുമാറിയിരുന്നോ..? എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. “തീർച്ചയായും, ആയിരത്തിലേറെ തവണ. ചിലപ്പോൾ സെറ്റിൽ, ഞാൻ സ്‍പോട്ട് ബോയിയോട് വെള്ളം ചോദിക്കും, അവൻ എന്നെ പൂർണ്ണമായും അവഗണിക്കും. അപ്പോൾ നമ്മൾ തന്നെ അത് സ്വയം നേടേണ്ടതുണ്ട്. ഇവിടെയുള്ള ധാരാളം പ്രൊഡക്ഷനുകൾ ഭക്ഷണ സമയങ്ങളിൽ അഭിനേതാക്കളെയും ജോലിക്കാരെയും വേർതിരിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ വെവ്വേറെ ഭക്ഷണം കഴിക്കുന്നു, പ്രധാന നായകന്മാർക്കും സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്കുമൊക്കെ അവരുടേതായ ഇടമുണ്ട്.
ചിലയിടങ്ങളിൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാറുമുണ്ട്. അതിന് യാഷ് രാജ് ഫിലിംസിന് ക്രെഡിറ്റ് നൽകണം. എന്നാൽ പല പ്രൊഡക്ഷൻ ഹൗസുകളും ഡിവിഷനുകൾ ഉണ്ടാക്കുന്നു. പ്രധാന അഭിനേതാക്കൾ ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് ഞാൻ പലപ്പോഴും ഭക്ഷണം കഴിക്കാൻ ശ്രമിക്കും, പക്ഷേ കോളറിൽ പിടിച്ച എന്നെ വെളിയിലാക്കും. അന്നേരം ഈഗോ കാരണം എനിക്ക് ദേഷ്യം വരും; നടന്മാർക്ക് കൂടുതൽ ബഹുമാനം നൽകണമെന്നായിരുന്നു എന്റെ ചിന്ത. ചിലപ്പോൾ അവർ എന്നെ കടന്നുപോകാൻ അനുവദിക്കും, ” -അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറാനി ചെഹ്‌ര, ഹദ്ദി, ടിക്കു വെഡ്‌സ് ഷേരു', അദ്ഭുത് എന്നിവ ഉൾപ്പെടുന്ന രസകരമായ ചിത്രങ്ങളുടെ ഒരു നിരയാണ് നവാസുദ്ദീനെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.