ഐ.എഫ്.എഫ്.കെ; ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം പ്രശസ്ത സംവിധായിക ആന്‍ ഹുയിക്ക്
text_fieldsതിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക് സമ്മാനിക്കും.
പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 13ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.
ഏഷ്യയിലെ സംവിധായികമാരില്‍ പ്രധാനിയായ ആന്‍ഹുയി ഹോങ്കോങ് നവതരംഗപ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താക്കളിലൊരാളാണ്. 2020ല്‍ നടന്ന 77ാമത് വെനീസ് ചലച്ചിത്രമേളയില്‍ ആയുഷ്‌കാല സംഭാവനക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു.
1997ലെ 47ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ബെര്‍ലിനാലെ ക്യാമറ പുരസ്‌കാരം, 2014ലെ 19ാമത് ബുസാന്‍ മേളയില്‍ ഏഷ്യന്‍ ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ന്യൂയോര്‍ക്ക് ഏഷ്യന്‍ ചലച്ചിത്രമേളയില്‍ സ്റ്റാര്‍ ഏഷ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിങ്ങനെ മുന്‍നിരമേളകളിലെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ആന്‍ ഹുയിക്ക് ലഭിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുകാലമായി ഹോങ്കോങിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ആവിഷ്‌കാരങ്ങളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയാണ് 77കാരിയായ ആന്‍ ഹുയി.
ഹോങ്കോങ് നവതരംഗ മുന്നേറ്റത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാട് പകര്‍ന്നു നല്‍കിയത് ആന്‍ ഹുയി ആണ്. ഏഷ്യന്‍ സംസ്‌കാരങ്ങളിലെ വംശീയത, ലിംഗവിവേചനം, ബ്രിട്ടീഷ് കോളനിയെന്ന നിലയില്‍നിന്ന് ചൈനയുടെ പരമാധികാരത്തിനു കീഴിലേക്കുള്ള ഹോങ്കോങിന്റെ ഭരണമാറ്റം ജനജീവിതത്തില്‍ സൃഷ്ടിച്ച പരിവർത്തനങ്ങൾ, കുടിയേറ്റം, സാംസ്‌കാരികമായ അന്യവത്കരണം എന്നിവയാണ് ആന്‍ ഹുയി സിനിമകളുടെ മുഖ്യപ്രമേയങ്ങള്‍.
ചൈനയിലെ ലയോണിങ് പ്രവിശ്യയിലെ അന്‍ഷാനില്‍ 1947ല്‍ ജനിച്ച ആന്‍ ഹുയി 1952ല്‍ ഹോങ്കോങിലേക്ക് മാറുകയും ഹോങ്കോങ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുകയും ചെയ്തു. 1975ല്‍ ലണ്ടന്‍ ഫിലിം സ്‌കൂളില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കി ടെലിവിഷന്‍ ബ്രോഡ് കാസ്റ്റ് ലിമിറ്റഡില്‍ ഡയറക്ടര്‍ ആയി ജോലി തുടങ്ങി.1979ല്‍ സംവിധാനം ചെയ്ത ദ സീക്രറ്റ് ആണ് ആദ്യചിത്രം. തുടര്‍ന്ന് 26 ഫീച്ചര്‍ സിനിമകളും രണ്ട് ഡോക്യുമെന്ററികളും നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.
കരിയറിന്റെ തുടക്കത്തില്‍ തന്നെ ആന്‍ ഹുയിയുടെ സിനിമകള്‍ മുന്‍നിര ചലച്ചിത്രമേളകളില്‍ ഇടംപിടിച്ചിരുന്നു. ബോട്ട് പീപ്പിള്‍ (1982), സോങ് ഓഫ് എക്‌സൈല്‍ (1990) എന്നിവ കാന്‍ ചലച്ചിത്രമേളയിലും സമ്മര്‍ സ്‌നോ (1995), ഓര്‍ഡിനറി ഹീറോസ് (1999) എന്നിവ ബെര്‍ലിന്‍ ചലച്ചിത്രമേളയിലും എ സിമ്പിള്‍ ലൈഫ്(2011), ദ ഗോള്‍ഡന്‍ ഇറ (2014) എന്നിവ വെനീസ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചു. ഹോങ്കോങ് ഫിലിം അവാര്‍ഡില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ആറു തവണ നേടിയ ഏക ചലച്ചിത്രപ്രതിഭയാണ് ആന്‍ ഹുയി.
29ാമത് ഐ.എഫ്.എഫ്.കെയില്‍ ആന്‍ ഹുയിയുടെ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ജൂലൈ റാപ്‌സഡി, ബോട്ട് പീപ്പിള്‍, എയ്റ്റീന്‍ സ്പ്രിങ്‌സ്, എ സിമ്പിള്‍ ലൈഫ്, ദ പോസ്റ്റ് മോഡേണ്‍ ലൈഫ് ഓഫ് മൈ ഓണ്‍ട് എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2009ലാണ് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മൃണാള്‍സെന്‍, ജര്‍മ്മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗ്, സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറ, ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെല്‌ളോക്യോ, ഇറാന്‍ സംവിധായകരായ ദാരിയുഷ് മെഹര്‍ജുയി, മജീദ് മജീദി, ചെക് സംവിധായകന്‍ ജിറി മെന്‍സല്‍, റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവ്, അര്‍ജന്റീനന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്, ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ്, ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍, പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവര്‍ക്കാണ് ഇതുവരെ ഈ പുരസ്‌കാരം നല്‍കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.