'ബിഗ്ബി ദൈവ തുല്യൻ'; അമിതാഭ് ബച്ചന്‍റെ പ്രതിമ വീടിനുമുന്നിൽ സ്ഥാപിച്ച് ഇന്ത്യൻ -അമേരിക്കൻ കുടുംബം
text_fieldsഇന്ത്യൻ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചൻ വലിയൊരു ആരാധക ലോകത്തിനുടമയാണ്. ബച്ചനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്‍റെ പ്രതിമ വീടിനുമുന്നിൽ സ്ഥാപിച്ചിരിക്കുകയാണ് ന്യൂജേഴ്സിയിൽ താമസിക്കുന്ന ഇന്ത്യൻ -അമേരിക്കൻ കുടുംബം. ന്യൂജേഴ്സിയിലെ എഡിസൺ സിറ്റിയിൽ താമസിക്കുന്ന ഗോപി സേതും കുടുംബവുമാണ് തങ്ങളുടെ പ്രിയപ്പെട്ട ബിഗ്ബിയുടെ പ്രതിമ വീടിനു മുമ്പിൽ സ്ഥാപിച്ചത്.
1991ൽ ന്യൂജേഴ്സിയിലെ നവരാത്രി ആഘോഷങ്ങൾക്കിടയിലാണ് തന്‍റെ ദൈവത്തെ ആദ്യമായി നേരിൽ കാണുന്നതെന്ന് ഗോപി സേത് പറയുന്നു. അന്നുമുതൽ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനായി. അമിതാഭ് ബച്ചൻ തനിക്കും തന്‍റെ ഭാര്യക്കും ദൈവ തുല്യനാണ്. അമിതാഭ് ബച്ചന്‍റെ വെള്ളിത്തിരയിലെ ജീവിതം മാത്രമല്ല, അദ്ദേഹത്തിന്‍റെ യഥാർഥ ജീവിതവും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. വളരെ എളിമയുള്ള മനുഷ്യനാണ്. തന്‍റെ ആരാധകരെ കുടുംബമായി കണക്കാക്കുന്നു. ബച്ചൻ മറ്റ് താരങ്ങളെപൊലെയല്ലെന്നും അതുകൊണ്ടാണ് വീടിനുമുന്നിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിച്ചതെന്നും ഇന്‍റർനെറ്റ് സുരക്ഷ ജീവനക്കാരനായ സേത് വ്യക്തമാക്കി.
ബച്ചന് പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് അറിയാം. ഇത്തരത്തിലുള്ള പരിഗണനയൊന്നും താൻ അർഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായും എന്നാൽ പ്രതിമ സ്ഥാപിക്കുന്നതിൽ നിന്നും തന്നെ വിലക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയത്ത് അമിതാഭ് ബച്ചന്‍റെ 600ഓളം ആരാധകരാണ് ഗോപി സേതുവിന്‍റെ വീട്ടിലേക്കെത്തിയത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ചടങ്ങ് ആരാധകർ ആഘോഷമാക്കി. ബച്ചൻ 'കോൻ ബനേഗാ കരോർപതി' സ്റ്റൈലിൽ ഇരിക്കുന്ന പ്രതിമയാണ് ഒരു വലിയ ഗ്ലാസ് ബോക്സിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമക്കായി 60 ലക്ഷം രൂപ ചെലവായതായി അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിർമിച്ച പ്രതിമ കടൽമാർഗമാണ് അമേരിക്കയിലെത്തിച്ചത്.
സേത് 1990ലാണ് കിഴക്കൻ ഗുജറാത്തിലെ ദാഹോദിൽ നിന്ന് യു.എസിലെത്തിയത്. ലോകമെമ്പാടുമുള്ള ആരാധകർക്കായി 'ബിഗ് ബി എക്സ്റ്റൻഡഡ് ഫാമിലി' എന്ന വെബ്സൈറ്റും ഗോപി സേത് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.