ഇന്നസെന്‍റ് പോയത് ‘കാൻസർ വാർഡിലെ ചിരി’യുടെ അറബി മൊഴിമാറ്റത്തിന് കാത്തുനിൽക്കാതെ
text_fieldsകായംകുളം: രോഗക്കിടക്കയിലെ അനുഭവങ്ങൾ നർമത്തിൽ ചാലിച്ച് പങ്കുവെക്കുന്ന തന്‍റെ ‘കാൻസർ വാർഡിലെ ചിരി’ അറബി ഭാഷയിലേക്ക് മൊഴിമാറ്റി കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഇന്നസെന്‍റ് യാത്രയായത്. ഓച്ചിറ ഉണ്ണിശേരിൽ യൂസഫ് സാഹിബ് നദ്‍വിയാണ് മൊഴിമാറ്റം നിർവഹിക്കുന്നത്.
അര്‍ബുദബാധിതനായിരിക്കെ കടന്നുപോയ വഴികളിലെ പൊള്ളുന്ന അനുഭവങ്ങളാണ് ഇന്നസെന്‍റ് നർമം കലർത്തി മലയാളികളോട് പറഞ്ഞത്. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവരവിനായി മനസ്സ് പ്രകടിപ്പിച്ച അതുല്യആത്മവിശ്വാസമാണ് ഇന്നച്ചൻ പകർന്നു നൽകിയത്. ഇത് അറബി ഭാഷയിൽ ഇറങ്ങണമെന്നത് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. നിരവധി ഇന്ത്യന്‍ ഭാഷകളിലും ഇറ്റാലിയന്‍ ഭാഷയിലും മൊഴിമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു.
പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്ന 2013 മുതല്‍ ഇന്നസെന്‍റുമായി സൗഹൃദം ഉണ്ടായിരുന്നതായി യൂസഫ് സാഹിബ് പറഞ്ഞു. പലസന്ദര്‍ഭങ്ങളിലായി പുസ്തകം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാൽ, ഫെബ്രുവരിയിലാണ് അറബി വിവർത്തനത്തിന് അനുമതി കിട്ടിയത്. കൂടിക്കാഴ്ചക്ക് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ എത്താനാണ് നിർദേശിച്ചത്. ആശുപത്രി കിടക്കയിൽവെച്ചാണ് അനുമതി രേഖാമൂലം നൽകിയത്. ഭാര്യ ആലീസും അടുത്തുണ്ടായിരുന്നു.
“പരിഭാഷ ഉഷാര്‍ ആക്കണം ട്ടോ...” എന്നായിരുന്നു ഇന്നസെന്‍റിന്‍റെ പ്രതികരണം. എപ്പോള്‍ വിളിച്ചാലും അദ്ദേഹം തന്നെയാണ് ഫോണ്‍ എടുക്കുക. ഉപചാരങ്ങളില്ലാതെയും മുഷിച്ചിൽ കൂടാതെയും മണിക്കൂറുകളോളം സംസാരിക്കും. പരിഭാഷ വേഗത്തിൽ നിർവഹിക്കാനുള്ള ശ്രമത്തിനിടെയുള്ള അദ്ദേഹത്തിന്റെ വിയോഗം ഏറെ വിഷമമുണ്ടാക്കി.
വൈക്കം മുഹമ്മദ് ബഷീര്‍, ഖുശ്‍വന്ത് സിങ് തുടങ്ങിയ പ്രമുഖരുടെ ചെറുകഥകള്‍ യൂസഫ് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കായംകുളം എം.എസ്.എം കോളജ്, ആറ്റിങ്ങല്‍ ഗവ. കോളജ് എന്നിവിടങ്ങളില്‍ അറബി അധ്യാപകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.