മെലഡികളുടെ തിരുമല
text_fields1970ൽ 'ഭജഗോവിന്ദം' എന്ന സിനിമയിലെ 'ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ പല്ലവി പാടിയ നേരം...' എന്ന ശ്രദ്ധേയ ഗാനത്തിലൂടെ സിനിമാരംഗത്തേക്കുവന്ന ബിച്ചു തിരുമല പാട്ടെഴുത്തിെൻറ അമ്പതാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. ഇക്കാലയളവിൽ മലയാള സിനിമാഗാന ശാഖയിലെ ഏറ്റവും ജനപ്രിയ പേരായി ബിച്ചു തിരുമല വളർന്നു. 420ലേറെ സിനിമകൾ. മൂവായിരത്തിലേറെ പാട്ടുകൾ. ജനപ്രിയ സിനിമകളുടെ താൽപര്യത്തിനനുസരിച്ച് ഏതു രീതിയിലും എഴുതാനുള്ള വഴക്കവും സമ്പന്നമായ പദസമ്പത്തും എഴുത്തിലെ പുതുമയുമാണ് ബിച്ചു തിരുമലയെ ജനപ്രിയ ഗാനരചയിതാവെന്ന നിലയിലേക്കു വളർത്തിയത്.
മെലഡിയും ഫാസ്റ്റ് നമ്പറും ഒരേപോലെ വഴങ്ങിയ ബിച്ചു ഏറ്റവും വേഗത്തിൽ പാട്ടെഴുതിക്കൊണ്ടും സിനിമ മേഖലയുടെ അഭിനന്ദനം നേടിയെടുത്തു. 1970കളിൽ തുടങ്ങി തുടർച്ചയായി മൂന്നു പതിറ്റാണ്ടുകളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഗാനരചയിതാവും ഏറ്റവുമധികം ഹിറ്റുകൾ സമ്പാദിച്ച പാട്ടെഴുത്തുകാരനുമായി ബിച്ചു തിരുമല മാറി. സിനിമക്കുപുറമെ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളുമായി വേറെയും നൂറുകണക്കിന് ഹിറ്റുകൾ.
പല തലമുറയിൽപെട്ട മലയാളികൾ ഹൃദയത്തോടുചേർത്ത് മൂളുന്ന ഒട്ടനവധി മെലഡികളുടെ രചയിതാവായ ശിവശങ്കരൻ നായർ എന്ന ബിച്ചു തിരുമല ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് 80ാം വയസ്സിലേക്ക് പ്രവേശിച്ചു. ഈ മഹനീയ ഘട്ടത്തിൽ സുദീർഘമായ കരിയറിലേക്കും ജീവിതത്തിലേക്കും തിരിഞ്ഞുനോക്കുകയാണ് അദ്ദേഹം.
നൂറു ശതമാനം തൃപ്തൻ
തിരിഞ്ഞുനോക്കുമ്പോൾ നൂറുശതമാനം തൃപ്തനാണ്. നാനൂറിലധികം സിനിമകളിൽ പാട്ടെഴുതി. ആയിരക്കണക്കിനു പാട്ടുകൾ. ഇതൊന്നും ഒരിക്കലും വിചാരിച്ചതല്ല. ആരോടും അവസരം ചോദിച്ചു ചെന്നില്ല. എല്ലാം ഇങ്ങോട്ടു തേടിവന്നതാണ്. അതുതന്നെയാണ് സിനിമ എനിക്കുതന്ന വലിയ അംഗീകാരം. ജനങ്ങൾ ഇപ്പോഴും എെൻറ പാട്ടുകൾ ഇഷ്ടപ്പെടുന്നു. ഇരുപതും മുപ്പതും വർഷം മുമ്പ് എഴുതിയ പാട്ടുകൾ ഏറ്റവും പുതിയ തലമുറയുടെ വരെ പ്രിയപ്പെട്ടവയാണ്. ആൾക്കാരുടെ ഈ അംഗീകാരംതന്നെയാണ് ഏത് അവാർഡുകളെക്കാളും വലുത്. പാട്ടെഴുതാൻ അവസരം ചോദിച്ചു ചെന്നിട്ടില്ലാത്തതുപോലെ അവാർഡുകൾക്കു പിറെകയും ഞാൻ പോയിട്ടില്ല.
കൂടുതൽ പാട്ടുകൾ ശ്യാമിനൊപ്പം
ദക്ഷിണാമൂർത്തി, ജി. ദേവരാജൻ, ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ഇളയരാജ, ജെറി അമൽദേവ് തുടങ്ങി പ്രഗല്ഭരടക്കം അറുപതിലധികം സംഗീതസംവിധായകരുമൊത്ത് പ്രവർത്തിക്കാനായി. തുടക്കകാലത്ത് എ.ടി. ഉമ്മറിനും പിന്നീട് ശ്യാമിനുവേണ്ടിയുമാണ് കൂടുതൽ പാട്ടെഴുതിയത്. എണ്ണംെവച്ചുനോക്കുമ്പോൾ ശ്യാമിെൻറയൊപ്പമായിരിക്കും കൂടുതൽ വർക്ക് ചെയ്തത്. അസാധ്യ പ്രതിഭയാണ് അദ്ദേഹം. നമ്മൾ എങ്ങനെ എഴുതിയാലും സംഗീതംകൊണ്ട് ശ്യാം അത് കൂടുതൽ മികച്ചതാക്കി മാറ്റും. അതിനുശേഷമുള്ള തലമുറയിൽ എസ്.പി. വെങ്കിടേഷിനും ജോൺസണുമൊപ്പം കുറെ പാട്ടുകൾ എഴുതി. ഐ.വി. ശശിയുടെ മുപ്പതോളം സിനിമകളിൽ പാട്ടെഴുതി. അതും വലിയ അംഗീകാരമാണ്. ആളുകൾ ഇപ്പോഴും ഇഷ്ടപ്പെടുന്ന പല പാട്ടുകളും എഴുതാൻ കഴിഞ്ഞത് എഴുപതുകളിലും എൺപതുകളിലുമാണ്. പല തലമുറ കഴിഞ്ഞിട്ടും ആ പാട്ടുകൾ നിലനിൽക്കുന്നു.
ഏറ്റവുമടുപ്പം യേശുദാസുമായി
ഗായകന്മാരിൽ ഏറ്റവുമടുപ്പം യേശുദാസിനോടാണ്. എെൻറ അധിക പാട്ടുകളും പാടിയത് യേശുദാസാണ്. തരംഗിണിയുടെ കാസറ്റുകൾക്കുവേണ്ടിയുള്ള ഗാനരചനയും ബന്ധം വളരാൻ കാരണമായി.
'മാമാങ്കം പലകുറി കൊണ്ടാടി'
സംഗീതസംവിധായകൻ രവീന്ദ്രനൊപ്പം പ്രവർത്തിച്ച തരംഗിണിയുടെ രണ്ടാമത്തെ കാസറ്റിലാണ് ഏറെ പ്രശസ്തമായ 'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ലളിതഗാനം ചേർത്തിട്ടുള്ളത്. ഈ ഗാനത്തിന് മലയാളി ആസ്വാദകരിൽനിന്നും യുവജനോത്സവ വേദികളിൽനിന്നും കിട്ടിയ സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നൊസ്റ്റാൾജിയയാണ് ഈ ഗാനം.
അവസരം ചോദിച്ചു ചെന്നിട്ടില്ല
സിനിമയിൽ ഇപ്പോൾ അവസരം കുറഞ്ഞുവെന്നത് വാസ്തവമാണ്. പക്ഷേ ഞാൻ പറഞ്ഞല്ലോ, ഒരുകാലത്തും അവസരം ചോദിച്ചു ചെന്നിട്ടില്ല. എല്ലാം തേടിവന്നതാണ്. ഇടക്കാലത്ത് അപകടം പറ്റിയപ്പോൾ അനാരോഗ്യം കാരണം പാട്ടെഴുത്ത് കുറച്ചിരുന്നു. ഇപ്പോൾ പഴയതുപോലെ പാട്ടെഴുതാൻ ആരും വിളിക്കുന്നില്ല. വിളിച്ചാൽ എഴുതാൻ തയാറാണ്. ഇപ്പോൾ സിനിമയിൽ പണ്ടത്തേതുപോലെ പാട്ടിന് പ്രാധാന്യവുമില്ലല്ലോ. പണ്ട് പാട്ടുകൊണ്ട് മാത്രം രക്ഷപ്പെട്ട പടങ്ങളുണ്ടായിരുന്നു. പാട്ടുകൾ കാണാൻവേണ്ടി മാത്രം ആൾക്കാർ സിനിമക്കു പോയിരുന്നു. എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് കിട്ടിയ തേനും വയമ്പും എന്ന സിനിമയൊന്നും വലിയ വിജയമായിരുന്നില്ല. പക്ഷേ, ആ സിനിമയിലെ ഒറ്റക്കമ്പി നാദം, തേനും വയമ്പും പോലുള്ള പാട്ടുകൾ ഇപ്പോഴും ആൾക്കാർ ഓർമിക്കുന്നു.
മൂന്നും നാലും പേർക്കൊപ്പം പാട്ടെഴുതാൻ താൽപര്യമില്ല
ഒരു സിനിമയിൽ മൂന്നും നാലും പേർക്കൊപ്പം പാട്ടെഴുത്തുകാരനായി ഇരിക്കാൻ താൽപര്യമില്ല. പണ്ട് ഒരു സിനിമയിലെ എല്ലാ പാട്ടുകളും ഒരാൾതന്നെയായിരുന്നു എഴുതിയിരുന്നത്. നാലും അഞ്ചും ചിലപ്പോൾ അതിൽ കൂടുതലും പാട്ടെഴുതേണ്ടിവരും. ഒരു എഴുത്തുകാരന് തിരക്കോ അസൗകര്യമോ ഉണ്ടെങ്കിൽ മാത്രമേ മറ്റൊരാളെക്കൂടി എഴുതാൻ വിളിക്കാറുണ്ടായിരുന്നുള്ളൂ. ഇപ്പോൾ സ്ഥിതി അതല്ല. ഒരു സിനിമയിൽ നാലു പാട്ടുണ്ടെങ്കിൽ നാലുപേരാണ് എഴുതുന്നത്. അതിൽ ഒരാളായി ചെന്ന് പാട്ടെഴുതാൻ താൽപര്യമില്ല. പുതുതായി തേടിവരുന്ന പല സിനിമകളും ഇങ്ങനെ ഒഴിവാക്കേണ്ടിവരുന്നുണ്ട്. ലോക്ഡൗൺ കാലത്ത് ഇതുപോലെ ഒരു പ്രോജക്ട് വന്നിരുന്നു. ആ സിനിമയിൽ മൂന്നുപേരാണ് പാട്ടെഴുതുന്നത്. അതിൽ ഒരു പാട്ട് ഞാനുമെഴുതണം. അത് വേണ്ടെന്നുെവച്ചു. എഴുതുകയാണെങ്കിൽ എല്ലാ പാട്ടും ഞാൻ തന്നെ എഴുതും. അതല്ല, ഇനി എനിക്ക് വല്ല അസൗകര്യമോ തിരക്കോ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ പാട്ടെഴുതാൻ ഞാൻ തന്നെ ഒരാളെ നിർദേശിക്കും. ഇത് അനുസരിക്കാൻ സംഗീതസംവിധായകർ തയാറാകണം.
പുതിയ സംഗീതസംവിധായകർ വിളിക്കാറില്ല
പഴയ ആളുകളുമായി ഇടപെടാനുള്ള മടികൊണ്ടാണോ മാറിയ െട്രൻഡുകൾക്ക് നമ്മളെ വേണ്ടാഞ്ഞിട്ടാണോ എന്നറിയില്ല, പുതിയ സംഗീതസംവിധായകരും സിനിമക്കാരും അങ്ങനെ വിളിക്കാറില്ല. വിളിച്ചാൽതന്നെ ഒറ്റപ്പാട്ടായിരിക്കും അവർക്ക് ആവശ്യം. റമ്യൂണറേഷനിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അത്യാവശ്യം തരക്കേടില്ലാത്ത റമ്യൂണറേഷനിൽ എഴുതിയിരുന്ന ഒരാളാണ് ഞാൻ. അത് കിട്ടാതെ എഴുതുന്നതിൽ കാര്യമില്ലല്ലോ.
ഇപ്പോൾ നല്ല പാട്ടുകളില്ല
പണ്ടത്തെപ്പോലെ ഇപ്പോൾ നല്ല പാട്ടുകൾ ഉണ്ടാകുന്നില്ല. കേരളീയമായിരുന്നു പണ്ടത്തെ പാട്ടുകൾ. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിലൊക്കെയാണ് കേരളീയത ഒടുവിലായി കാണാൻ കഴിയുന്നത്. വയലാറൊക്കെ എഴുതിയിരുന്നപ്പോഴായിരുന്നു മലയാളിയെയും കേരളീയതയെയും ഏറ്റവും നന്നായി പാട്ടുകളിൽ ആവിഷ്കരിച്ചിരുന്നത്. മലയാളികളുടെ ജീവിതത്തിൽ വന്ന മാറ്റമായിരിക്കാം പാട്ടുകളിലും സംഭവിച്ചത്.
പാട്ടെഴുത്തുകാരോട് പറയാനുള്ളത്
ട്യൂണിനൊപ്പിച്ച് വാക്കുകൾ ചേർത്തുവെക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളിൽ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോൾ വാക്കുകളുടെ അർഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദർഭവും അറിഞ്ഞിരിക്കണം. ഒരു പാട്ടെഴുതുമ്പോൾ എന്തിനെപ്പറ്റിയാണ് നമ്മൾ എഴുതുന്നത് എന്നതിനെപ്പറ്റി നല്ല ധാരണയും ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിഞ്ഞിരിക്കണം. അങ്ങനെ എഴുതുന്നവർ നല്ല പാട്ടെഴുത്തുകാരും പ്രശസ്തരായ പാട്ടെഴുത്തുകാരുമായി മാറും.
കേരളം മാറി; മലയാളിയും
സമൂഹത്തിലെ മാറ്റമാണ് കലയിലും വന്നത്. എന്തെഴുതിയിട്ടും എന്തു ഫലം എന്ന തോന്നൽ വന്നുപോയിട്ടുണ്ട്. മലയാളിസമൂഹം വല്ലാതെ മാറി. പ്രശ്നം ജാതിയും മതവും മാത്രമല്ല, മനസ്സിേൻറതുകൂടിയാണ്. മനസ്സ് നന്നാകണം. അതാണ് പ്രധാനം. ആൾക്കാർക്ക് പരസ്പരം പകയാണ്. കൊലപാതകം നടത്താനൊന്നും ഒരു മടിയുമില്ലാത്തവരായി മാറി. വലിയ മനഃപ്രയാസമുണ്ടാക്കുന്നതാണ് കേരളത്തിെൻറ ഈ മാറ്റം. യാത്രചെയ്യാൻ പോലും പേടിയാണ്. വാഹനാപകടത്തെ മാത്രം പേടിച്ചാൽ പോരാ, എപ്പോഴാണ് ആരാണ് ആക്രമിക്കുന്നതെന്നു പറയാനാവാത്ത സ്ഥിതിയാണ്. സുന്ദരമായ നാടായിരുന്നു നമ്മുടേത്. ഇവിടത്തെ സസ്യജാലങ്ങൾ ഇല്ലാതായതുപോലെ മനസ്സും കൈമോശം വന്നിരിക്കുന്നു. കേരളത്തിലെ കേരം എന്നേ അപ്രത്യക്ഷമായി. ഇപ്പോൾ കാഴ്ചയിലും മനസ്സിലും പ്രവൃത്തിയിലും കേരളമില്ല. നന്മകളൊന്നും കാത്തുസൂക്ഷിക്കാൻ നമുക്കായില്ല. ഒരുമനം എന്നതാണ് പ്രധാനം. ഒരേ മനസ്സോടെ ചിന്തിക്കാൻ കഴിയുന്നൊരു നല്ല കാലത്തെ പ്രതീക്ഷിക്കുന്നു.
ലോക്ഡൗണിലും സജീവം
ഒന്നര വർഷം മുമ്പ് വീട്ടിലെ സിറ്റൗട്ടിൽ കസേരയിൽ തട്ടി വീണിരുന്നു. അതിെൻറ ശസ്ത്രക്രിയക്കുശേഷം യാത്രകൾ ഒഴിവാക്കി. ലോക്ഡൗണിൽ പിന്നെ തീരെ പുറത്തുപോകാൻ പറ്റില്ലല്ലോ. ആശുപത്രിയിലേക്കല്ലാതെ ഇപ്പോൾ മറ്റു യാത്രകളൊന്നുമില്ല. എല്ലാ കാര്യങ്ങളിലും സഹായിയായി ഭാര്യ പ്രസന്നയും മകൻ സുമനും ഒപ്പമുണ്ട്. ഭാര്യ വാട്ടർ അതോറിറ്റിയിൽനിന്ന് റിട്ടയർ ചെയ്തു. മകന് സംഗീതസംവിധാനത്തിലാണ് താൽപര്യം. മല്ലനും മാതേവനും എന്ന സിനിമക്ക് സംഗീതം നൽകി. ഏതാനും തമിഴ് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വീട്ടിലെ വിശ്രമവേളയിൽ എഴുത്തിലും വായനയിലുമായി മുഴുകുന്നതാണ് എെൻറ പതിവ്. ധാരാളം വായിക്കും. ലിറ്റററി വർക്കിനേക്കാൾ ആത്മീയ പുസ്തകങ്ങളോടാണ് താൽപര്യം. എന്താണ് ഞാൻ അല്ലെങ്കിൽ എന്താണ് മനുഷ്യൻ എന്ന അന്വേഷണം ഈ പുസ്തകങ്ങളിലുണ്ട്. ഇത്തരമൊരു അന്വേഷണം എനിക്ക് താൽപര്യമുള്ള കാര്യമാണ്. ടി.വിയിൽ സിനിമ കാണാറുണ്ട്. എങ്കിലും സിനിമ കാണാൻ തിയറ്ററിൽ പോകുന്നതാണ് ഇഷ്ടം.
ലോക്ഡൗൺ സമയത്ത് ഒരു ഡിവോഷനൽ ആൽബത്തിലെ മുഴുവൻ പാട്ടുകളുമെഴുതി. കവിതകൾ എഴുതി. കോവിഡ് ഭീതിയൊഴിഞ്ഞാൽ പുതിയ പുസ്തകം പുറത്തിറക്കാനുള്ള ആലോചനയും ഉണ്ട്.
മോഹൻലാൽ വിളിക്കാറുണ്ട്
സിനിമക്കാരിൽ ഇടയ്ക്കു വിളിച്ച് വിശേഷം തിരക്കുന്നത് മോഹൻലാലാണ്. ജഗതിയും വിളിക്കുമായിരുന്നു. ഇപ്പോൾ ജഗതിക്ക് വയ്യല്ലോ. മറ്റു സിനിമക്കാരുമായി ബന്ധത്തിന് കുറവില്ല. ആവശ്യങ്ങൾക്ക് വിളിക്കാറുണ്ട്. എപ്പോഴും വിളിക്കുന്ന ശീലമില്ല.
ആദ്യചിത്രം അക്കൽദാമ
1942 ഫെബ്രുവരി 13ന് തിരുവനന്തപുരം ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി.ജി. ഭാസ്കരൻ നായരുടെയും മൂത്ത മകനായി ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ബി.എ ബിരുദം നേടി. 1962ൽ അന്തർ സർവകലാശാല റേഡിയോ നാടകോത്സവത്തിൽ 'ബല്ലാത്ത ദുനിയാവാണ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി. സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹസംവിധായകനായി ശബരിമല ശ്രീധർമശാസ്താവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. സി.ആർ.കെ. നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടർന്ന് പാട്ടെഴുതിയ സ്ത്രീധനം എന്ന സിനിമയും പുറത്തുവന്നില്ല. നടൻ മധു നിർമിച്ച 'അക്കൽദാമ'യാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂൽ കല്യാണം) മികച്ച ഗാനരചനക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സിനിമ, ലളിതഗാനം, ഭക്തിഗാനം, ആൽബങ്ങൾ എന്നിവയിലായി അയ്യായിരത്തിലേറെ പാട്ടുകൾ. ആദ്യ കവിതാസമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990ലെ വാമദേവൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇഷ്ടപ്പെട്ട സ്വന്തം 10 പാട്ടുകൾ
1. പ്രണയ സരോവര തീരം (ഇന്നലെ ഇന്ന്)
2. ഹൃദയം ദേവാലയം (തെരുവുഗീതം)
3. വാകപ്പൂമരം ചൂടും (അനുഭവം)
4. നീലജലാശയത്തിൽ (അംഗീകാരം)
5. ഒറ്റക്കമ്പി നാദം (തേനും വയമ്പും)
6. നളദമയന്തി കഥയിലെ അരയന്നം (റൗഡി രാമു)
7. മിഴിയോരം നനഞ്ഞൊഴുകും (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ)
8. മൈനാകം കടലിൽനിന്നുയരുന്നുവോ (തൃഷ്ണ)
9. ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ (ചമ്പക്കുളം തച്ചൻ)
10. പഴംതമിഴ് പാട്ടിഴയും (മണിച്ചിത്രത്താഴ്)
(ബിച്ചു തിരുമല പാട്ടെഴുത്തിന്റെ അമ്പതാണ്ട് പൂർത്തിയാക്കിയ വേളയിൽ 2021 മാർച്ചിൽ മാധ്യമം കുടുബത്തിൽ പ്രസിദ്ധീകരിച്ചത്.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.