'നല്ല കാലം തിരിച്ചു വരും; ഈ വർഷം സന്തോഷത്തിന്‍റേതാവട്ടെ'
text_fieldsപത്ത് വർഷങ്ങൾക്ക് മുമ്പ് മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിൽ 'കുട്ടു' എന്ന കഥാപാത്രത്തിലൂടെ കടന്നു വന്ന് അഭിനയ വൈവിധ്യം കൊണ്ട് മലയാള സിനിമയിൽ സ്വന്തമായ ഒരിടം നേടിയ നടനാണ് അജു വർഗീസ്. 'സാജൻ ബേക്കറി' എന്ന പുതിയ സിനിമയിലൂടെ അഭിനയത്തിനൊപ്പം തിരക്കഥാ രചനയിലേക്കും അജു കടന്നിരിക്കുന്നു. കോവിഡിന് ശേഷം സജീവമാകുന്ന മലയാള സിനിമയുടെ പുത്തൻ വിശേഷങ്ങളും പ്രതീക്ഷകളും അജു വർഗീസ് 'മാധ്യമം' ഓൺലൈനുമായി പങ്കുവെക്കുന്നു...
ഏറ്റവും സംഘർഷഭരിതമായ ഒരു വർഷമാണ് കടന്നു പോയത്. പുതുവർഷ പ്രതീക്ഷകൾ എന്തൊക്കെയാണ്?
പുതിയ വർഷം ആശ്വാസത്തിന്‍റേതാവട്ടെ എന്ന് മാത്രമാണ് പ്രാർഥന. കാരണം പ്രതീക്ഷകൾക്ക് വലിയ ആയുസില്ലെന്ന് നമ്മളെ ബോധ്യപ്പെടുത്തിയ വർഷമായിരുന്നു 2020. എന്നു വെച്ച് പ്രതീക്ഷകൾ വേണ്ടന്നല്ല, നമ്മുടെ സാഹചര്യങ്ങളെ യുക്തിക്ക് അനുസരിച്ച് ഉപയോഗിക്കുക. പല കാര്യങ്ങളും സാഹചര്യം അനുസരിച്ച് മാറിയേക്കാം. എല്ലാം നന്നായി വരട്ടെ എന്നാണ് ആഗ്രഹം.
ലോക്ഡൗൺ കാലം എങ്ങനെയാണ് കടന്നു പോയത്?
വീട്ടിൽ തന്നെയായിരുന്നു അധികവും. എല്ലാവരെയും പോലെ കുറേ സിനിമകൾ കണ്ടു. കുറച്ച് അധിക നേരം ഉറങ്ങാൻ പറ്റി. പിന്നെ വെറുതേ മടിച്ചു കളഞ്ഞില്ലന്ന് പറയാം. ഇടക്ക് ഷൂട്ട് ചെയ്യാൻ ഭാഗ്യമുണ്ടായി. ഡബ്ബിങ് കുറച്ച് ഉണ്ടായിരുന്നു. നമ്മുടെ കമ്പനിയായ ഫന്‍റാസ്റ്റിക്ക് ഫിലിംസ് രണ്ട് ഷോർട്ട് ഫിലിം ചെയ്തു. കമ്പനിയുടെ ചില കാര്യങ്ങളുടെ പ്ലാനിങ് ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ മാനിച്ചു കൊണ്ടു തന്നെ ഇത്തരം ചില കാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു.
ജാഗ്രതയോടെ എല്ലാം പഴയതു പോലെ ആകുന്നു എന്ന് വിശ്വസിക്കാമോ?
വിശ്വസിക്കുന്നു. ഉറപ്പായും ആശങ്കകൾ ഉണ്ട്. എന്നാലും ആഗ്രഹം തരുന്ന ഒരു വിശ്വാസം ഉണ്ടെല്ലോ. അതിനെ മുറുക്കി പിടിക്കുകയാണ് ഞാനും.
സാധാരണ സിനിമ നടന്മാർക്ക് സീരിയലിനോട് ഒട്ടും താൽപര്യം ഉണ്ടാവില്ല. പക്ഷേ, അജു ഇടക്ക് സീരിയലിൽ പ്രത്യക്ഷപ്പെടുന്നു. സീരിയലിന്‍റെ ജന സ്വീകാര്യതയാണോ കാരണം?
എന്‍റെ തൊഴിൽ അഭിനയമാണ്. അതു തരുന്ന സംതൃപ്തി വളരെ വലുതാണ്. ഞാനതിന് പ്രത്യേക അതിരൊന്നും വെച്ചിട്ടില്ല. സിനിമയായാലും ഷോർട്ട് ഫിലിം ആയാലും സീരിയലായാലും പരസ്യമായാലും എന്താണെങ്കിലും ഞാനത് ആസ്വദിച്ചു തന്നെ ചെയ്യും. പ്രേക്ഷക പ്രീതി നേടിയ കുടുംബ സീരിയലിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമേയുള്ളൂ. അതിന്‍റെ ഭാഗമാവുന്നത് ഒരു നടൻ എന്ന നിലയിൽ ആത്മവിശ്വാസം കൂട്ടും.
പുതിയ വർഷത്തിൽ എടുത്ത തീരുമാനങ്ങൾ?
പുതിയ വർഷത്തിൽ അങ്ങനെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. കഴിഞ്ഞ വർഷത്തെ ചില പാഠങ്ങൾ ഉൾക്കൊള്ളുന്നു. അതു മാത്രമേ കൈ മുതലുള്ളൂ. പിന്നെ ലോക്ഡൗൺ കാരണം കുറച്ച് തടി കൂടിയിട്ടുണ്ട്.
സെൽഫ് ട്രോളിനെ വല്ലാതെ പ്രോത്സാഹിപ്പിക്കാറുണ്ടല്ലോ?
കാണുന്ന എല്ലാ ട്രോളിനേയും പ്രോത്സാഹിപ്പിക്കാറില്ല. പത്തെണ്ണം കിട്ടിയാൽ അത്രക്കും ഇഷ്ടപ്പെടുന്ന ഒരെണ്ണമാവും ഞാൻ പോസ്റ്റ് ചെയ്യുന്നത്. ഉറപ്പായും അതിലെ ഹ്യൂമർ തന്നെയാണ് പ്രധാന കാരണം.
പുതിയ പ്രൊജക്ടുകൾ?
ഇറങ്ങാനുള്ള സിനിമ സാജൻ ബേക്കറിയാണ്. നമ്മുടെ തന്നെ പ്രൊഡക്ഷൻ ഫന്‍റാസ്റ്റിക്ക് ഫിലിംസിന്‍റെ സിനിമയാണ്. സാജൻ ബേക്കറിയിൽ എഴുത്തിലും ഞാനുണ്ട്. ഷൂട്ട് തീരാൻ ഇനി മിന്നൽ മുരളി, ഹൃദയം. മേപ്പടിയാൻ ഷൂട്ട് കഴിഞ്ഞു. സായാഹ്ന വാർത്തകൾ, ജാക്ക് ആന്‍റ് ജിൽ, ഉല്ലാസം, സുനാമി, ആർട്ടിക്കിൾ 21, ഹോം, കുടുക്ക്, സാറാസ്, നാൻസി റാണി, ഒരു താത്വിക അവലോകനം എന്നിവയാണ് ഇപ്പോ ഷൂട്ട് നടക്കുന്നത്.
കഴിഞ്ഞ വർഷത്തെ സന്തോഷം പങ്കുവെക്കാമോ?
കഴിഞ്ഞ വർഷം അങ്ങനെ പങ്കുവെക്കാനും മാത്രം വലിയ സന്തോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എപ്പോഴും ടെൻഷനിലാണ് ജീവിച്ചത്. വർക്കുകളുടെ പ്ലാനിങ് ഒക്കെയായിരുന്നു സന്തോഷം. ഈ വർഷം മുഴുവൻ സന്തോഷമാകട്ടെ... ആദ്യത്തെ സന്തോഷം സാജൻ ബേക്കറി ആകും.
കോവിഡിന് ശേഷമുള്ള സിനിമ ഇൻഡസ്ട്രി എങ്ങനെയാവും?
സത്യത്തിൽ അറിയില്ല. പ്രാർത്ഥനകളോടെ തന്നെ അധികം പ്രതീക്ഷകൾ വെയ്ക്കാതെ കാത്തിരിക്കുന്നു. സിനിമയുടെ കാര്യം മാത്രമല്ല. മറ്റെല്ലാ കാര്യം എടുത്താലും ആശങ്ക ഉണ്ടെല്ലോ. നല്ല കാലം തിരിച്ചു വരുമെന്ന് തന്നെ വിശ്വസിക്കുന്നു.
ലോക് ഡൗണിൽ ഏറ്റവും മിസ് ചെയ്തത്?
ഷൂട്ടിങ് തന്നെയാണ്. എല്ലാവർക്കും അവരവരുടെ ഇഷ്ടപ്പെട്ട തൊഴിലന്തരീക്ഷം നഷ്ടപ്പെട്ടിരുന്നല്ലോ. സിനിമ ഷൂട്ടിങ്ങ് നടക്കാത്തത് തന്നെയായിരുന്നു എനിക്ക് മിസ് ചെയ്തത്.
പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും എങ്ങനെയാണ് ബാലൻസ് ചെയ്യുക ?
ഇപ്പോൾ എല്ലാം നന്നായി ബാലൻസ്ഡായി. പേഴ്സണലും പ്രൊഫഷണലും നേരത്തെ നമ്മുടെ സമയത്തിന്‍റെ മുക്കാലും പ്രൊഫഷണൽ ലൈഫിനായിരുന്നു കൊടുത്തിരുന്നത്. നമ്മുടെ ശ്രദ്ധയും സമയവും 95 ശതമാനവും പ്രൊഫഷനിൽ തന്നെയായിരുന്നു. അതൊക്കെ നന്നായി പരിഹരിച്ച് എട്ട്-ഒൻപത് മാസം വീട്ടിൽ തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.