സംവിധായക നയന സൂര്യയുടെ മരണം: കഴുത്തിൽ കയർ മുറുക്കിയ പാട്, ഡി.സി.ആർ.ബി കമ്മീഷ്ണർ അന്വേഷിക്കും
text_fieldsതിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണം സംബന്ധിച്ച കേസ് തിരുവനന്തപുരം ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ (ഡി.സി.ആർ.ബി) അസി. കമീഷണർ ജെ.കെ. ദിനിൽ അന്വേഷിക്കും. ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
തിരുവനന്തപുരത്തെ വീട്ടിൽ 2019 ഫെബ്രുവരി 24നാണ് നയനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. നാലു വർഷത്തോളമായിട്ടും മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസിനായിട്ടില്ലെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
നയനയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാട്, വയറ്റിൽ ക്ഷതമേറ്റുള്ള ആന്തരിക രക്തസ്രാവം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്. നയന താമസിച്ച മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തു കയറി സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. മ്യൂസിയം പൊലീസാണ് കൊലപാതമല്ലെന്ന നിഗമനത്തിൽ എത്തിയത്. വീടും മുറിയും അകത്തുനിന്നും പൂട്ടിയ സാഹചര്യത്തിൽ കൊലപാതക സാധ്യത തുടക്കത്തിൽതന്നെ അന്വേഷണ സംഘം തള്ളി. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായ നയന അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത ‘മകരമഞ്ഞി’ലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ‘പക്ഷികളുടെ മണം’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
കഴുത്ത് ഞെരിഞ്ഞു, അടിവയറ്റില്‍ ക്ഷതം
തിരുവനന്തപുരം: കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് നയനയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴുത്തിന് ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളാണ് കണ്ടെത്തിയത്. 31.5 സെന്റീമീറ്റര്‍ വരെ നീളമുള്ള മുറിവുകള്‍ കഴുത്തിന് ചുറ്റുമുണ്ട്. കൂടാതെ, ഇടത് അടിവയറ്റില്‍ ചവിട്ടേറ്റത് പോലുള്ള ക്ഷതം കണ്ടെത്തിയിരുന്നു. ഇതിന്റെ ആഘാതത്തില്‍ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. പാന്‍ക്രിയാസ്, കിഡ്‌നി എന്നീ അവയവങ്ങളിലാണ് രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.