ഗസ്സക്കാരുടെ മനക്കരുത്ത് പ്രചോദനമായി; അമേരിക്കൻ ആക്ടിവിസ്റ്റ് ഇസ്‍ലാം സ്വീകരിച്ചു
text_fieldsന്യൂയോർക്ക്: ഇസ്രായേൽ അതിക്രമത്തിൽ പതറാതെ പിടിച്ചുനിൽക്കുന്ന ഗസ്സക്കാരുടെ മനക്കരുത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് താൻ ഇസ്‍ലാം മതം സ്വീകരിക്കുകയാണെന്ന് അമേരിക്കൻ ആക്ടിവിസ്റ്റും ടിക് ടോക്കറുമായ മേഗൻ റൈസ്. ശഹാദത്ത് കലിമ (സാക്ഷ്യവാചകം) ചൊല്ലി ഇസ്‍ലാം മതം സ്വീകരിക്കുന്നതിന്റെ വിഡിയോ ടിക്ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ അവർ പോസ്റ്റ്ചെയ്തിട്ടുണ്ട്.
വംശഹത്യയെ അഭിമുഖീകരിക്കുന്ന ഗസ്സയിലെ മനുഷ്യർ ഖുർആനികാധ്യാപനങ്ങളിൽ നിന്നാണ് അതിജീവനത്തിനുള്ള കരുത്ത് നേടുന്നത് എന്ന് അറിഞ്ഞതോടെ മേഗൻ റൈസ് ഖുർആൻ പഠിക്കാൻ തുടങ്ങുകയായിരുന്നു. ഇതാണ് ഇസ്‍ലാമിലേക്ക് വഴിതെളിച്ചതെന്ന് അവർ പറഞ്ഞു. ഹിജാബ് ധരിക്കുന്നത് തനിക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതായും അവർ പറഞ്ഞു.
ഇസ്രായേൽ ഗസ്സക്കെതിരെ യുദ്ധം തുടങ്ങിയതുമുതൽ ഫലസ്തീനികൾക്ക് വേണ്ടി ശബ്ദമുയർത്തി മേഗൻ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇത് അറബ് ലോകത്ത് അവരെ പ്രശസ്തയാക്കി. @megan_b_rice എന്ന ടിക്‌ടോക്ക് അക്കൗണ്ടിലൂടെയാണ് അവർ ജനങ്ങളുമായി സംവദിച്ചിരുന്നത്.
“ഖുർആനിൽനിന്നാണ് ഫലസ്തീനികൾ വിശ്വാസ ദൃഢത കൈവരിക്കുന്നത് എന്നറിഞ്ഞതോടെ ഖുർആൻ വായിക്കാനും ഗവേഷണം നടത്താനും പഠിക്കാനും ഞാൻ സമയം ചെലവഴിച്ചു. വിശുദ്ധ ഖുർആൻ സൂറത്തുകളുടെ ശൈലിയും സ്ത്രീകൾക്ക് വിവാഹമോചനത്തിനും പുനർവിവാഹത്തിനും സ്വാതന്ത്ര്യം നൽകുന്നതും ആകർഷിച്ചു’’ -ടിക്ടോക്കിൽ പങ്കിട്ട വിഡിയോയിൽ മേഗൻ റൈസ് പറഞ്ഞു.
ഇസ്‍ലാമിനെക്കുറിച്ചും മറ്റ് മതങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിനായി ഇവർ ടിക് ടോക്കിൽ ഖുറാൻ ബുക് ക്ലബ് എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ദിവസവും പഠിക്കുന്ന ഖുർആൻ വാക്യങ്ങളുടെ ഇംഗ്ലീഷ് വിവർത്തനം അന്നന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മേഗൻ വിവരിക്കാറുണ്ട്.
ഇസ്‌ലാമോഫോബിയക്കും വംശീയതക്കുമെതിരെ പോരാടുകയും എന്തുകൊണ്ടാണ് ഫലസ്തീനികൾ ഖുർആനെയും അതിന്റെ അധ്യാപനങ്ങളെയും ഇത്രമാത്രം നെഞ്ചോട് ചേർക്കുന്നത് എന്ന് മനസ്സിലാക്കുകയുമാണ് കാമ്പയ്നിന്റെ ലക്ഷ്യമെന്ന് അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഇസ്‌ലാമികാധ്യാപനങ്ങൾ തന്റെ വ്യക്തിപരമായ വീക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ഇസ്‌ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും മേഗൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.