ജീവിതത്തിലെ ഏറ്റവും ഷോക്കിങ്ങായ നിമിഷം അതായിരുന്നു; അനുഭവം പറഞ്ഞ് ഗായിക റിമി ടോമി
text_fieldsതന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിങ്ങായ നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായിക റിമി ടോമി. ഒരു ടെലിവിഷൻ പരിപാടിയിലാണ് ഗായിക മനസുതുറന്നത്. ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാൽ ജീവിതത്തിലെ ഏറ്റവും ഷോക്കിങ് ആയ നിമിഷം അതായിരുന്നെന്നും റിമി പറഞ്ഞു.
‘ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിങ് ആയൊരു ഫോൺകോൾ അതായിരുന്നു. അതൊരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുവരെ ഒരു കുഴപ്പവുമില്ലാത്ത ആളാണ്. പെട്ടെന്നൊരു ഫോൺ കോളിലൂടെ ആ ആൾ ഇല്ല എന്നു കേട്ടതാണ് എനിക്ക് ഏറ്റവും ഷോക്കിങ് ആയി മാറിയത്’-റിമി പറഞ്ഞു.2014ലാണ് റിമിയുടെ പപ്പയും സൈനികനുമായിരുന്ന പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് അന്തരിച്ചത്. തന്റെ കഴിവുകള്‍ക്ക് എന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് പല അഭിമുഖങ്ങളിലും റിമി പറഞ്ഞിട്ടുണ്ട്.
‘ഇടപ്പള്ളി പള്ളിയിൽ കുർബാന കഴിഞ്ഞുവന്നപ്പോൾ ഒരു കോൾ. മമ്മിയുടെ ഫോണിൽ നിന്നാണ്, ‘പപ്പ ആശുപത്രിയിൽ ആണെന്ന്’. പെട്ടെന്ന് എനിക്ക് മനസ്സിലായില്ല, അതുവരെ ഒരു അസുഖവും ഉള്ള ആളായിരുന്നില്ല. പിന്നെയും എന്നെ തിരിച്ചുവിളിച്ചു. ‘പപ്പ, ഹീ ഈസ് നോ മോർ’ അങ്ങനെയെന്തോ ഒരു വാക്ക് പെട്ടെന്ന് പറഞ്ഞു. എനിക്കത് ചിന്തിക്കാൻ പോലും പറ്റിയില്ല. ഞാൻ പടേന്ന് പെട്ടെന്ന് വീഴുകയായിരുന്നു’-റിമി പറയുന്നു.
‘മരിക്കുമ്പോൾ അന്‍പത്തേഴ് വയസ്സ് മാത്രമേ പപ്പയ്ക്ക് ഉണ്ടായിരുന്നുള്ളൂ, വളരെ ചുറു ചുറുപ്പോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പെട്ടന്ന് ഒരു ദിവസം ഹൃദയ സ്തംഭനം ഉണ്ടാവുകയായിരുന്നു. പപ്പയെ കുറിച്ച് പറയുമ്പോള്‍ ഇനി കരയില്ല എന്ന് ഞാന്‍ തീരുമാനിച്ചതാണ്. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ കരഞ്ഞ് പോവും’-റിമി മറ്റൊരിക്കൽ പറഞ്ഞത് ഇങ്ങിനെ.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.