ആരാധ്യയുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്ത; യുട്യൂബ് ചാനലുകൾക്ക് നോട്ടീസ്, ഗൂഗ്ളിനും വിമർശനം
text_fieldsന്യൂഡല്‍ഹി: ഐശ്വര്യ റായ് ബച്ചന്‍റെയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച വീഡിയോകൾ നീക്കം ചെയ്യാൻ നിർദേശം. യുട്യൂബ് ചാനലുകളിലെ പ്രസ്തുത വീഡിയോകൾ ഉടൻ നീക്കണമെന്ന് ഗൂഗ്ളിനോട് ഡൽഹി ഹൈകോടതി നിർദേശിച്ചു. തന്‍റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്ത നൽകിയ ഒമ്പത് യുട്യൂബ് ചാനലുകൾക്കെതിരെ ആരാധ്യ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥകളേക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. അത് താരങ്ങളുടെ കുട്ടികളാണെങ്കിലും സാധാരണക്കാരുടെ കുട്ടികളാണെങ്കിലും വ്യത്യാസമില്ല -കോടതി പറഞ്ഞു.
‘‘അതിൽനിന്ന് പണം സമ്പാദിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ട്. അത്തരം കാര്യങ്ങൾ നിങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കാനാവില്ല. അംഗീകരിക്കാനാകാത്ത ചില കാര്യങ്ങൾ ഉണ്ടെന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് ഇത് ആ വിഭാഗത്തിൽ പെടാത്തത്? അതിനർത്ഥം നിങ്ങളുടെ നയം തെറ്റാണ് എന്നാണ്” -ജസ്റ്റിസ് സി. ഹരി ശങ്കർ ഗൂഗ്ളിനോട് പറഞ്ഞു.
യുട്യൂബ് ചാനലുകൾക്ക് നോട്ടീസ് അയച്ച ഹൈകോടതി, ചാനലുകളുടെ കോൺടാക്റ്റ് നമ്പറും ഇ-മെയിൽ വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഹരജിക്കാർക്ക് നൽകാൻ ഗൂഗ്ളിനും യൂട്യൂബിനും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.