'ഞാൻ ഗർഭത്തിലിരിക്കേ പിരിഞ്ഞതാണെന്‍റെ മാതാപിതാക്കൾ, എനിക്കെല്ലാം അമ്മയായിരുന്നു'
text_fieldsമുംബൈ: പ്രശസ്ത ഗായകനായ പിതാവ് കുമാർ സാനുവുമായി ജീവിതത്തിൽ കാര്യമായ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് മകനും ഗായകനുമായ ജാൻ കുമാർ സാനു. തന്നെ ആറു മാസം ഗർഭം ധരിച്ചിരിക്കേയാണ് മാതാവും പിതാവും വേർപിരിഞ്ഞത്. പിന്നീടങ്ങോട്ട് ജീവിതത്തിൽ തനിക്കെല്ലാം അമ്മയായിരുന്നുവെന്നും ജാൻ പറഞ്ഞു. ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് പിതാവിനോടൊത്ത് ഒരുദിവസം പോലും താമസിച്ചിട്ടിെല്ലന്നും അദ്ദേഹവുമായി ആശയവിനിമയത്തിന്‍റെ അഭാവമുണ്ടെന്നും ജാൻ തുറന്നുപറഞ്ഞത്.
'പിതാവുമായി കാര്യമായി സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല. ഒരിക്കൽ സംസാരിച്ചാൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ ഇരുവരുടെ ഭാഗത്തുനിന്നും ആശയവിനിമയത്തിൽ അകൽച്ചയുണ്ടായിട്ടുണ്ട്. എന്‍റെ അമ്മയെക്കുറിച്ച് പിതാവ് ചില പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ, അതിൽ കഴമ്പില്ലെന്നും എന്നെ ഏതുവിധമാണ് അമ്മ വളർത്തിയതെന്നും ഈ ലോകത്തിന് മുഴുവനും അറിയാം' -അഭിമുഖത്തിൽ ജാൻ പറഞ്ഞു.
കുറച്ചു മാസങ്ങൾക്ക് മുമ്പ് ബിഗ്ബോസ് ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത ജാൻ, മറാത്തി ഭാഷയെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായിരുന്നു. 'എന്‍റെ മകനൊപ്പം കഴിഞ്ഞ 27 വർഷമായി ഞാൻ ഉണ്ടായിരുന്നില്ല. 27 വർഷവും ഞങ്ങൾ വേറിട്ടാണ് ജീവിക്കുന്നത്. അവന്‍റെ അമ്മ അവനെ എങ്ങനെയാണ് വളർത്തിയതെന്ന് എനിക്കറിയില്ല. ഇങ്ങനെയൊരു പരാമർശം എങ്ങനെയാണ് അവൻ നടത്തിയതെന്ന് മനസിലാകുന്നുമില്ല. പിതാവെന്ന നിലയിൽ അതിൽ ഖേദം പ്രകടിപ്പിക്കാൻ മാത്രമേ എനിക്ക് കഴിയൂ' എന്നായിരുന്നു ഇതേക്കുറിച്ച് കുമാർ സാനുവിന്‍റെ പ്രതികരണം. ഇതിനെതിരെ ജാൻ ഉൾപെടെ പലരും നിശിത വിമർശനവുമായി രംഗത്തുവന്നിരുന്നു. അതോടെ മലക്കംമറിഞ്ഞ കുമാർ സാനു 'അവന്‍റെ അമ്മ ജാനിനെ വളരെ നല്ല രീതിയിലാണ് വളർത്തിയത്' എന്ന് മാറ്റിപ്പറഞ്ഞു.
'എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ മാതാവും പിതാവുമൊക്കെ എനിക്ക് അമ്മ തന്നെയാണ്. അമ്മ ആറു മാസം ഗർഭിണിയായിരിക്കേയാണ് പിതാവുമായി പിരിയുന്നത്. കുഞ്ഞുന്നാൾ മുതൽ പിന്നെ അമ്മയായിരുന്നു എനിക്കെല്ലാം. പിതാവിന്‍റെ പേര് എനിക്കൊപ്പമുണ്ടെന്നല്ലാതെ ജീവിതത്തിൽ അദ്ദേഹം സഹായമൊന്നും ചെയ്തിട്ടില്ല. ഗായകനെന്ന നിലയിലും എന്നെ ഒരിക്കലും പിന്തുണക്കുകയോ കൈപിടിച്ചുയർത്തുകയോ ചെയ്തിട്ടുമില്ല. ആ പേരൊഴിെക മറ്റൊന്നും അദ്ദേഹം എനിക്ക് സമ്മാനിച്ചിട്ടില്ലെന്നതാണ് സത്യം. ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് എന്‍റെയും എന്‍റെ അമ്മയുടെയും കഠിനാധ്വാനവും ഗുരുക്കന്മാരുടെ ആശീർവാദവുമൊക്കെ വഴിയാണ്.'- ജാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.