ന്നാ നമുക്ക് ആഘോഷിക്കാം..
text_fieldsO ഒന്നാവുക
N നന്നാവുക
A ആഘോഷിക്കുക
M മലയാളിയാവുക
ഈ നാല് വാക്കുകൾ കൂട്ടിച്ചേർത്താൽ ഓണമായി. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ പരസ്പരം കടിപിടികൂടുന്ന മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് ഓണക്കാലം. ഉത്രാടം മുതൽ നാലോണം വരെയുള്ള അഞ്ച് ഓണനാളുകൾ മനുഷ്യൻ മനുഷ്യനായി ജീവിക്കുന്നതാണ് ഓണസന്ദേശം.
പാവപ്പെട്ടവന്റെ ആഘോഷമാണ് ഓണം. ധനിക വീടുകളിൽ അരികഴുകി ഒഴിവാക്കുന്ന വെള്ളമായ കരിക്കാടി കുടിച്ചിരുന്ന പട്ടിണിക്കോലങ്ങൾക്ക് മൂന്നുനേരം സമൃദ്ധമായി ഉണ്ണാൻ കിട്ടുന്ന ദിവസമായിരുന്നു പണ്ട് ഓണക്കാലം.
ചെറുപ്പത്തിൽ ഞാൻ ഉണ്ട ഓണവും ഞാൻ കണ്ട ഓണവും ഞാനിട്ട പൂക്കളവും കേട്ട ഓണപ്പാട്ടുകളും കഥകളും ഞാൻ കണ്ട നിലാവും പുഴയും ഗ്രാമവും ഇപ്പോഴും എന്റെ മനസ്സിൽ മരിക്കാതെയുണ്ട്.
കാലമേറുമ്പോഴും മനസ്സിലെ ആ ഓർമച്ചിത്രങ്ങൾ 70 എം.എം സിനിമ സ്ക്രീൻ പോലെ തെളിഞ്ഞുവരുകയാണ്. ഓർമകൾ നിറഞ്ഞ ആ കുട്ടിത്തമാണ് എന്നെയിന്ന് ജീവിപ്പിക്കുന്നത്.
ഇപ്പോൾ ഓണം വ്യവസായവുമായി ബന്ധപ്പെട്ടതായി മാറി. പരസ്യങ്ങളിൽ ഞാനും അഭിനയിക്കാറുണ്ട്. വ്യാപാരോത്സവമാണിന്ന് ഓണം. വിപണി, പരസ്യം, മത്സരം അതാണിന്ന് ഓണം. അത് തെറ്റല്ല. കാലത്തിന്റെ മാറ്റമാണ്. കാലമാണല്ലോ നായകനും വില്ലനും.
എല്ലാ മതക്കാർക്കും മനസ്സിലാകുന്ന വാക്കാണ് ബലി. ആ വാക്കിന്റെ അർഥം കൃത്യമായി വരുന്നത് ഓണത്തിലാണ്. ഏറ്റവും വലിയ ബലിയാണ് മഹാബലി.
നന്മയുള്ള രാജാവിന് ഒരിക്കലും രാജ്യം ഭരിക്കാൻ കഴിയില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് ഓണം. അതാണ് മഹാബലി.
നന്മയുള്ള ഭരണാധികാരിക്കല്ല, പകരം കുതന്ത്രരായ ഭരണാധികാരികൾക്കേ നിലനിൽക്കാൻ കഴിയൂ എന്ന നഗ്നസത്യം ഓണം വിളിച്ചുപറയുന്നുണ്ട്.
മഹാബലിയെ ചുരുക്കി 'മാവേലി' എന്നാക്കിയപ്പോൾ അതിന്റെ അർഥം വിശാലമായി. 'മാ വേലി' എന്നാൽ 'അരുത് വേലി' എന്നർഥം.
അതായത് വേലിക്കെട്ടുകളില്ലാത്ത ലോകത്തെ കുറിച്ചാണ് മാവേലി സ്വപ്നം കാണുന്നത്.
ഏതാനും വർഷങ്ങളായി നമ്മൾ പൂക്കളമിടുന്നത് സങ്കടമുറ്റത്താണ്. ദുരിതത്തുടർച്ചകൾക്കിടയിൽ മനസ്സുമടുത്ത മലയാളികൾ ഓർമയിലെ ആ പഴയ 'ജീവിത'ത്തിലേക്ക് 'തിരിച്ചുനടക്കാനുള്ള' വെമ്പലിലാണ്. മാസ്കിന്റെ മറയില്ലാതെ കുഞ്ഞുങ്ങളെ ഒന്നുമ്മവെക്കാൻ, അങ്ങാടിയിലെ ചായക്കടയിൽ ഒരുമിച്ചിരുന്ന് സൊറ പറയാൻ, സുഹൃത്തുക്കളോടൊപ്പം അകലമില്ലാതെ കൈകോർത്ത് നടക്കാൻ...
അതെ, വിഘടിച്ചുനിൽക്കുന്ന നാം ഒന്നാവണം. മനസ്സിൽ വിഷവുമായി നടക്കുന്ന മനുഷ്യർ നന്നാകണം. എല്ലാ വിദ്വേഷവും മാറ്റിവെച്ച് ജീവിതം ഒന്നിച്ച് ആഘോഷിക്കണം. പിറന്ന നാടിനെ സ്നേഹിച്ച് മലയാളിയാകണം. ഇത്തവണ നമുക്കൊന്നിച്ചോണമുണ്ണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.