ഷാറൂഖ് ഖാന് തുറന്ന കത്തുമായി കഫീൽ ഖാൻ! കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കൾ ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നു
text_fieldsമികച്ച പ്രേക്ഷക സ്വീകാര്യത നേടി ഷാറൂഖ് ഖാൻ ചിത്രം ജവാൻ തിയറ്ററുകളിൽ മുന്നേറുകയാണ്. സെപ്റ്റംബർ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്ച ചിത്രം ഇതിനോടകം1,093.31 കോടി കളക്ഷൻ നേടിയിട്ടുണ്ട്. സാധാരണ ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് അറ്റ്ലിയുടെ ജവാൻ എത്തിയത്. അതിനാൽ തന്നെ പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചാനുഭവം നൽകാൻ ചിത്രത്തിനായിട്ടുണ്ട്.
ജവാൻ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ എസ്. ആർ.കെക്ക് തുറന്ന കത്തുമായി ഡോക്ടർ കഫീൽ ഖാൻ എത്തിയിരിക്കുകയാണ്. ജവാൻ കണ്ടുവെന്നും ഗോരാഖ്പൂർ സംഭവം ചിത്രത്തിൽ കൊണ്ടുവരാൻ കാണിച്ച തീരുമാനം ഏറെ സ്വാധീനിച്ചുവെന്നും കഫീൽ ഖാൻ കത്തിൽ പറയുന്നു.
'പ്രിയപ്പെട്ട ഷാറൂഖ് ഖാന്, ആരോഗ്യത്തോടെ ഇരിക്കുന്നെന്ന് വിശ്വസിക്കുന്നു. ഏറ്റവും പുതിയ ചിത്രമായ ജവാൻ കണ്ടു. നിർണായകമായ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗമായി സിനിമയെ ഉപയോഗിച്ച നിങ്ങളുടെ അസാധാരണമായ പ്രതിബദ്ധതക്ക് അഭിനന്ദനങ്ങൾ.
ഗൊരഖ്പൂർ മസ്തിഷ്‌ക ജ്വരത്തിന്റെ ദാരുണമായ സംഭവത്തിന്റെ തീവ്രമായ ചിത്രീകരണം എന്റെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. സംഭവവുമായും അതിന്റെ അനന്തരഫലങ്ങളുമായും വ്യക്തിപരമായ ബന്ധം പുലർത്തുന്ന ഒരാളെന്ന നിലയിൽ, ഈ കഥ സ്ക്രീനിൽ കൊണ്ടുവരാനുള്ള നിങ്ങളുടെ തീരുമാനം എന്നെ ഏറെ സ്വാധീനിച്ചു. 'ജവാൻ' ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്ന് ഞാൻ മനസ്സിലാക്കുമ്പോൾ, ഗോരഖ്പൂർ ദുരന്തത്തിൽ ഇരയായ നിരപരാധികളുടെ ജീവിതത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ്. നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിനുള്ളിലെ ഉത്തരവാദിത്തത്തിന്റെ അടിയന്തിര ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
സന്യ മൽഹോത്രയുടെ ഡോ. ഈറാം ഖാൻ എന്ന കഥാപാത്രം എന്നെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ഞാൻ നേരിട്ട അനുഭവങ്ങളാണ് ചിത്രത്തിൽ കാണിച്ചത്. ചിത്രത്തിൽ യഥാർഥ കുറ്റവാളിയെ പിടികൂടിയത് ഹൃദ്യമായി, എന്നാൽ യഥാർഥ ജീവിതത്തിൽ യഥാർഥ കുറ്റവാളികൾ സ്വതന്ത്രരായി വിഹരിക്കുന്നു. എന്റെ ജോലി തിരികെ ലഭിക്കാൻ ഞാൻ ഇപ്പോഴും പാടുപെടുകയാണ്. കൂടാതെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളും ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നു.
'ഗോരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി' എന്ന പേരിൽ ഒരു പുസ്തകം ഞാന്‍ എഴുതിയിട്ടുണ്ട്. ആറിലധികം ഭാഷകളിൽ ലഭ്യമാണ്, ഗോരഖ്പൂർ ഹോസ്പിറ്റൽ ദുരന്തത്തിന്‍റെയും അനന്തരഫലങ്ങളുടെയും സമഗ്രമായ ആദ്യ വിവരണം ഈ പുസ്തകം. സിനിമയുടെ ഇതിവൃത്തത്തിന്റെ ഒരു ഭാഗം എന്‍റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്
സംവിധായകൻ അറ്റ്ലി, ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർക്ക് വ്യക്തിപരമായി എന്റെ നന്ദി അറിയിക്കുന്നു. പ്രത്യാശയുടെ വെളിച്ചമായതിന് ഒരിക്കൽ കൂടി നന്ദി. നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു. ഹൃദയം നിറഞ്ഞ ആശംസകൾ'-കഫീൽ ഖാൻ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.