കലാഭവൻ ഹനീഫ്; കൊച്ചിയുടെ സ്വന്തം കലാകാരൻ
text_fieldsമട്ടാഞ്ചേരി: സിനിമാതാരം എന്ന ജാഡയില്ലാതെ കൊച്ചിയിൽ നടക്കുന്ന ഏത് കലാസാംസ്കാരിക പരിപാടിയിലും ഹനീഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. കൊച്ചിയുടെ സ്വന്തം കലാകാരനായിരുന്നു കലാഭവൻ ഹനീഫ്.
അദ്ദേഹത്തിന്റെ ആകസ്മിക വേർപാട് കൊച്ചി നിവാസികളെ ദുഃഖത്തിലാഴ്ത്തി. വിദ്യാർഥിയായിരുന്ന കാലഘട്ടത്തിൽതന്നെ കൊച്ചിയിലെ സ്റ്റാർ, പട്ടേൽ, സൈന, റോയൽ തുടങ്ങിയ തിയറ്ററുകളിൽ റിലീസാവുന്ന ചിത്രങ്ങൾ കാണാൻ ആദ്യ ഷോക്ക് തന്നെ ഫസ്റ്റ് ക്ലാസിൽ ഹനീഫുണ്ടാകുമായിരുന്നു. ഇതെങ്ങനെ സാധിക്കുന്നു എന്ന് സഹപാഠികൾ അമ്പരക്കുമ്പോഴാണ് പിന്നീട് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഹനീഫിന്റെ വാപ്പ മട്ടാഞ്ചേരിയിൽ നടത്തുന്ന കടയുടെ മുന്നിൽ സിനിമ പോസ്റ്ററും ബോർഡും വെക്കുന്നതിന് തിയറ്റർ ഉടമകൾ അന്ന് ഫ്രീ പാസ് നൽകുമായിരുന്നു. ഈ പാസ് ആർക്കും കൊടുക്കാതെ വാപ്പയെ സ്വാധീനിച്ച് ഹനീഫ് കൈക്കലാക്കും. പഠിക്കുന്ന കാലത്തുതന്നെ അഭിനയം തലക്കുപിടിച്ച ആളായിരുന്നു ഹനീഫ്.
ചെമ്മീൻ എന്ന സിനിമ കണ്ടശേഷം പരീക്കുട്ടി കറുത്തമ്മയോട് പറയുന്ന സംഭാഷണം മധുവിന് പകരം പ്രേംനസീർ, ഉമ്മർ, അടൂർ ഭാസി എന്നിവർ പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന് പിറ്റേ ദിവസം ക്ലാസിൽ വന്ന് അഭിനയിച്ചുകാണിക്കും. സ്കൂൾ യുവജനോത്സവങ്ങളിൽ ഹനീഫ് മോണോആക്ടിലും മിമിക്രിയിലും സമ്മാനങ്ങൾ വാരിക്കൂട്ടി. സംസ്ഥാനതലത്തിലും സമ്മാനങ്ങൾ നേടി.
നൂറ്റിഎഴുപത്തഞ്ചോളം സിനിമയിൽ അഭിനയിച്ചെങ്കിലും ഹനീഫ് എന്ന കലാകാരന് അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല. സിനിമയിലും ടെലിവിഷനിലും മിമിക്രിയിലും സ്റ്റേജ് ഷോകളിലും തനതായ ശൈലി കൊണ്ടുവന്ന കലാഭവൻ ഹനീഫിന് അംഗീകാരം കിട്ടാക്കനിയായി. പഠന വേളകളിൽ മിമിക്രിയിൽ തിളങ്ങി. തുടർന്ന് സെയിൽസ്മാനായി പ്രവർത്തിക്കവേയാണ് കലാഭവനിലൂടെ സിനിമയിലെത്തുന്നത്.
നടൻ സൈനുദ്ദീനാണ് ഹനീഫിനെ കലാഭവനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കൊല്ലത്ത് നടന്ന സത്യൻ മെമ്മോറിയൽ ഓൾ കേരള മിമിക്രി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെ ഹനീഫ് ശ്രദ്ധിക്കപ്പെട്ടു. കലാഭവൻ, കോറസ്, സിനിമ താരം അബിയുടെ ട്രൂപ് എന്നിവയിലൊക്കെ മിമിക്രിക്കാരനായി പ്രവർത്തിച്ചു. ഹനീഫയുടെ മരണവാർത്തയറിഞ്ഞ് സുഹൃത്തുക്കളും നടൻ മമ്മൂട്ടി അടക്കമുള്ളവരും അവസാന നോക്ക് കാണാൻ ചുള്ളിക്കലെ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.