കാലിഡോ സ്കോപ്
text_fields2024ൽ വാർത്തകളിൽ ഇടംപിടിച്ച വ്യത്യസ്ത മേഖലയിലുള്ളവർ പോയവർഷത്തിന്റെ അനുഭവങ്ങളും പുത്തൻ പ്രതീക്ഷകളും പങ്കുവെക്കുന്നു...
ആകാംക്ഷ വേണം, ഓരാ നീക്കത്തിലും
അച്ഛനും അമ്മയും കുടുംബത്തിലെ മറ്റ് പലരും ചെസ് കളിക്കുന്നത് കണ്ടാണ് അതിന് താൽപര്യം തോന്നിത്തുടങ്ങിയത്. അവർ ഒരു ഹോബിയായി കളിച്ചിരുന്നതാണ് ചെസ്. ഏഴാം വയസ്സിലാണ് ഞാൻ ആദ്യമായി മത്സരത്തിൽ പങ്കെടുക്കുന്നത്. അന്നൊന്നും അതാണ് എന്റെ കരിയർ എന്ന് കരുതിയിട്ടില്ല. പിന്നീട് ചെസിലെ ഏറ്റവും മികച്ച പരിശീലകരെ ലഭിച്ചു. പിന്നീട് പതിയെപ്പതിയെ മുന്നോട്ടുപോയി. ചെറുപ്പം മുതൽ ഓരോ ചെസ് ഗെയിമിലും സ്വപ്നം കണ്ടിരുന്ന ഒന്നാണ് ലോക ചാമ്പ്യൻഷിപ്. അതെക്കുറിച്ച് പറയാൻ വാക്കുകളില്ല. എന്റെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ് കടന്നുപോയത്. ജയിക്കാനും തോൽക്കാനും ഒരുപോലെ സാധ്യതയുണ്ടായിരുന്നു അവസാന ഗെയിമിൽ. ചില സമയങ്ങളിൽ സമനിലയെക്കുറിച്ചുപോലും ചിന്തവന്നു. എന്നാൽ, ജയം കൂടെനിന്നു. ചെസ് ഒരു കളി എന്നതിനപ്പുറം, എന്ന് ആസ്വദിച്ച് കളിച്ചുതുടങ്ങിയോ അന്നുമുതലാണ് എന്റെ കരിയർ മാറിയത്. ചെസ് മനോഹരമാണ്.
ആകാംക്ഷ കൈവിടാതെ കളിക്കേണ്ട ഒന്ന്. ആസ്വദിച്ചാൽ അത് നമുക്ക് ഒരുപാട് വിജയങ്ങൾ തരും. ഇനിയും മികച്ച മുന്നേറ്റങ്ങൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. എറ്റവും മികച്ച ചെസ് കളിക്കാരനാവണം -ഡി. ഗുകേഷ് (ലോക ചെസ് ചാമ്പ്യൻ)
ലക്ഷ്യം മൂന്നാം ഒളിമ്പിക് മെഡൽ; രണ്ടാം വേൾഡ് കപ്പ്
നിലവിൽ ഹോക്കി ജൂനിയർ വേൾഡ് കപ്പ് ആണ് ലക്ഷ്യം. അതോടൊപ്പം ജൂനിയർ ഏഷ്യ കപ്പും പ്രധാനംതന്നെ. ഇന്ത്യൻ ജൂനിയർ ടീമിൽ കളിക്കുന്നവർക്ക് കുറച്ചുകൂടി പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ട്. കളിക്കാർ ഗോൾ അടിക്കുന്നുണ്ടെങ്കിലും ഞാൻ ആഗ്രഹിക്കുന്ന രീതിയിലേക്ക് എത്തിയിട്ടില്ല. അതിനുള്ള പ്രയത്നത്തിലാണ് ഇപ്പോൾ. ക്രിക്കറ്റിലെ രാഹുൽ ദ്രാവിഡിനെപ്പോലെയാകാനാണ് ആഗ്രഹം. കളിക്കാരനായും ക്യാപ്റ്റനായും തിളങ്ങിയ ദ്രാവിഡ് ജൂനിയർ ടീമിനെ പരിശീലിപ്പിച്ചാണ് തുടങ്ങിയത്. പിന്നീട് സീനിയർ ടീമിന് ലോകകപ്പ് നേടിക്കൊടുത്തു.
കേരളത്തിൽ ഹോക്കിയിൽ കഴിവുള്ള ഒരുപാട് കുട്ടികളുണ്ട്. പക്ഷേ, മാച്ച് എക്സ്പീരിയൻസാണ് ഇനി വേണ്ടത്. പുറത്തുള്ള അക്കാദമികളിൽ കളിച്ച് പരിചയിക്കുക എന്നതാണ് ആവശ്യം. മികച്ച എതിർ ടീമുകളോട് കളിക്കുന്ന അനുഭവപാഠങ്ങളാണ് ഇവിടത്തെ കളിക്കാർക്ക് നഷ്ടമാകുന്നത്. അതുപോലെ പ്രധാനമാണ് പരിശീലനം. നല്ല ട്രെയിനിങ്ങും അധ്വാനവും ഉണ്ടെങ്കിൽ തീർച്ചയായും കേരളത്തിൽനിന്ന് ഇനിയും മികച്ച ഹോക്കി താരങ്ങൾ ഉണ്ടാവുകതന്നെ ചെയ്യും. നമുക്ക് പ്രതീക്ഷിക്കാം.
മറ്റ് മത്സരങ്ങളെപ്പോലെ ഹോക്കിയെ കാണികൾ ആഘോഷിക്കുന്നില്ല എന്നൊന്നും കരുതുന്നില്ല. പ്രചാരണം കുറയുന്നതുകൊണ്ടാണ് കാണികൾ കുറയുന്നത്. ഹോക്കിക്ക് പകരം ഇവിടെ ഒരു ക്രിക്കറ്റ് മാച്ച് ആസൂത്രണം ചെയ്യുമ്പോൾ പരസ്യവും മറ്റ് പബ്ലിസിറ്റികളും കൂടുതലായിരിക്കില്ലേ. പക്ഷേ, അതുപോലെ ഹോക്കിക്ക് ഉണ്ടാവാറില്ല.
ഏതൊരു മാച്ച് ആണെങ്കിലും ഇന്ത്യയിൽ സ്റ്റേഡിയം നിറയെ ആളുകളുണ്ടാവും. അവരുടെ ആരവങ്ങളും പിന്തുണയും വളരെ വലുതാണ്. ഹോക്കി അത്ര പോപ്പുലർ അല്ലാത്ത രാജ്യങ്ങളിൽ മാത്രമാണ് കാണികൾ കുറയാറ്.
നിലവിൽ രണ്ട് ഒളിമ്പിക്സ് മെഡലായി. മൂന്നാമത്തെ ഒളിമ്പിക്സിന് മെഡൽ കിട്ടുമെന്ന് പ്രതീക്ഷയിലാണിപ്പോൾ. അതുപോലെ രണ്ടാമത് വേൾഡ് കപ്പ് നേടുമെന്ന പ്രതീക്ഷയുമുണ്ട്. 2026ൽ നടക്കുന്ന വേൾഡ് കപ്പ് ജയിക്കണം അല്ലെങ്കിൽ ടോപ്പ് മൂന്നിൽ എങ്കിലും വരണം എന്നാണ് ആഗ്രഹം. നിലവിൽ നമുക്ക് അതിനുള്ള കഴിവുള്ള കളിക്കാരുണ്ട്. ഇന്ത്യ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
കേരളത്തിലെ ഹോക്കി താരങ്ങൾക്കായി ഒരു അക്കാദമി തുടങ്ങണമെന്നുണ്ട്. ഗോൾ കീപ്പിങ് ക്യാമ്പുകൾ തുടങ്ങണം. സർക്കാറിന്റെ ഭാഗത്തുനിന്ന് തൊഴിലവസരങ്ങൾ വേണം. എന്നാലേ കളിക്കാർക്ക് ഹോക്കിയിലേക്ക് വരാൻ താൽപര്യമുണ്ടാവൂ. അതുപോലെ നിരവധി ടൂർണമെന്റുകൾ നടത്തണം. ജീവിതത്തിൽ നമ്മുടെ ലക്ഷ്യമാണ് പ്രധാനം. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മാതാപിതാക്കളുടെ പിന്തുണയും ശരിയായ പരിശീലകന്റെ നേതൃത്വവുംകൂടി ഉണ്ടെങ്കിൽ ആർക്കും വിജയിക്കാനാവും -പി.ആർ. ശ്രീജേഷ് (ഹോക്കി താരം, ഇന്ത്യൻ ടീം പരിശീലകൻ)
എഴുത്ത്: ജസ്ല മുഹമ്മദ്
ടൂറിസം കൂടുതൽ ജനകീയമാകും
കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിലും ടൂറിസം മേഖലയിലും മുന്നേറ്റം ഉണ്ടായ വർഷമാണ് കടന്നുപോയത്. പൊതു ഇടങ്ങളുടെ വികസനത്തിന് രാജ്യത്ത് ആദ്യമായി ഡിസൈൻ പോളിസി നടപ്പാക്കാനായത് ഭാവികേരളത്തെ രൂപപ്പെടുത്തുന്നതിൽ നാഴികക്കല്ലാവും. ദേശീയപാത വികസനം, മലയോര ഹൈവേ, റെയിൽവേ ഓവർ ബ്രിഡ്ജുകൾ തുടങ്ങിയ പദ്ധതികൾ നിർണായക ഘട്ടം പിന്നിട്ടത് സംസ്ഥാനത്തിന്റെ പൊതുവികസനത്തെ ത്വരിതപ്പെടുത്തുന്നതാണ്. അതോടൊപ്പം നൂതന നിർമാണരീതികൾ പൊതുമരാമത്ത് മേഖലയിൽ വ്യാപകമാക്കാനായത് വികസന മേഖലയിലെ മറ്റൊരു ചുവടുവെപ്പായി മാറും.
കേരളം ഒട്ടാകെ ടൂറിസം ഡെസ്റ്റിനേഷൻ എന്ന ആശയസാക്ഷാത്കാരത്തിലേക്ക് എത്തുന്നതിൽ സുപ്രധാനമായ മുന്നേറ്റം സാധ്യമായി. കൂടുതൽ ഡെസ്റ്റിനേഷനുകൾ, പശ്ചാത്തല സൗകര്യങ്ങൾ, സീപ്ലെയിൻപോലുള്ളവ ഈ മുന്നേറ്റത്തിന് ഗുണകരമായി മാറുന്നു. ചൂരൽമല ദുരന്തം സൃഷ്ടിച്ച ആഘാതത്തിൽനിന്നും മലബാറിലെ ടൂറിസത്തെ തിരിച്ചെത്തിക്കാൻ കൂട്ടായ പരിശ്രമത്തിലൂടെ സാധിച്ചു. ഈ മുന്നേറ്റങ്ങളിൽ 2025നെ പ്രതീക്ഷയോടെയാണ് വരവേൽക്കുന്നത്. പശ്ചാത്തല വികസനത്തിന്റെ ഹബ് ആയി കേരളത്തെ ഉയർത്താനുള്ള ശ്രമത്തിൽ പുതുവർഷം നിർണായകമായ പദ്ധതി പൂർത്തീകരണങ്ങൾ പ്രതീക്ഷിക്കുന്നു. ടൂറിസത്തെ ജനകീയമാക്കാനുള്ള ശ്രമങ്ങൾക്ക് 2025ൽ വലിയമുന്നേറ്റം പ്രതീക്ഷിക്കാം -പി.എ. മുഹമ്മദ് റിയാസ് (ടൂറിസം, പൊതുമരാമത്ത് മന്ത്രി)
എഴുത്ത്: സന്ദീപ് ഗോവിന്ദ്
വൺഡേ, ടെസ്റ്റ് ടീമിൽ ഭാഗമാവണം
ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരത്തിന്റെ വർഷമായിരുന്നു 2024. വയനാട് മാനന്തവാടി സ്വദേശിനിയായ എനിക്ക് ക്രിക്കറ്റിലേക്ക് വന്നതുമുതലുള്ള ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇന്ത്യൻ ടീമിൽ ഇടം പിടിക്കണമെന്നത്. വർഷങ്ങളായുള്ള ഈ കാത്തിരിപ്പിനാണ് കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചത്. പ്രഫഷനൽ ക്രിക്കറ്റിലേക്ക് വന്നപ്പോൾ മുതൽ ഇന്ത്യക്കുവേണ്ടി കളിക്കുകയെന്ന ചിന്ത മാത്രമായിരുന്നു.
കഴിഞ്ഞ വർഷം ആദ്യം മുംെബെ ഇന്ത്യൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമായിത്തുടങ്ങി. വനിതാ ഐ.പി.എല്ലിന്റെ അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽ സിക്സർ അടിച്ച് മുംെബെയെ വിജയത്തിലെത്തിക്കാനായി. ആ സിക്സിലൂടെയാണ് ഇന്ത്യൻ ടീമെന്ന സ്വപ്നത്തിലേക്ക് എത്താൻ പറ്റിയതെന്ന് കരുതുന്നു. പിന്നീട് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിനുവേണ്ടി ആദ്യമായി ജഴ്സിയണിഞ്ഞു. അതിനുശേഷം ഏഷ്യാ കപ്പിനും വേണ്ടിയും വിമൻസ് വേൾഡ് കപ്പിന് വേണ്ടിയും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2024 ഒരു ടേണിങ് പോയന്റ് തന്നെയായിരുന്നു.
2025ലെ പ്രതീക്ഷകളും ഏറെയാണ്. ട്വന്റി20ക്കു വേണ്ടി മാത്രം ഇന്ത്യൻ ജഴ്സിയണിയാൻ സാധിച്ചു, ഇനി ലക്ഷ്യം വൺഡേയിലും ടെസ്റ്റിലും ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തുക എന്നതാണ്. ഈ വർഷം അതു സാധ്യമാകുമെന്നാണ് പ്രതീക്ഷ. മാനന്തവാടി ജി.വി.എച്ച്.എസ്.എസിൽ പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ക്രിക്കറ്റിലേക്കു പൂർണമായും തിരിയുന്നത്. ആ കാലയളവില് ജാവലിന് ത്രോക്കും ഡിസ്കസ് ത്രോക്കും ഫസ്റ്റ് ലഭിച്ചിരുന്നു. ഫിസിക്കല് ട്രെയിനര് എല്സമ്മ ടീച്ചറിന്റെ നിർദേശവും പ്രോത്സാഹനവും പൂർണമായും ക്രിക്കറ്റിലേക്ക് തിരിക്കുകയായിരുന്നു. 2021, 22 കാലയളവിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. മാനന്തവാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു അമ്മ ശാരദ. ഇപ്പോൾ നഗരസഭ കൗൺസിലറാണ്. പിതാവ് സജീവൻ ഓട്ടോറിക്ഷാ തൊഴിലാളിയാണ് -സജന സജീവൻ (ഇന്ത്യൻ ക്രിക്കറ്റ് താരം)
എഴുത്ത്: എസ്. മൊയ്തു
സിനിമകളിൽ വൈവിധ്യമുണ്ടാകണം
എല്ലാ മനുഷ്യരുടെ ഉള്ളിലും സ്ത്രീയും പുരുഷനുമുണ്ട്. എന്നാൽ, വ്യക്തിപരമായ രാഷ്ട്രീയത്തിൽ ഊന്നിയാണ് ആളുകൾ വിഷയങ്ങളെ നോക്കിക്കാണുന്നത്. അതുതന്നെയാണ് സിനിമകളെയും കഥപറച്ചിലിന്റെ രീതിയെയും വ്യത്യസ്തമാക്കുന്നതും. വൈവിധ്യങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ രാജ്യം. ആ രാജ്യത്തിന്റെ വൈവിധ്യം പക്ഷേ, സിനിമകളിൽ കാണാനില്ല. എല്ലാ വിഭാഗത്തിൽനിന്നുള്ള ആളുകളും സിനിമയിൽ വരണം. അതിനായി സെലക്ഷൻ കമ്മിറ്റികളിൽ ആനുപാതികമായ പ്രാതിനിധ്യം ഉണ്ടാകണം. എങ്കിൽ മാത്രമേ വനിത സംവിധായകരുടെ എണ്ണത്തിലും വർധനയുണ്ടാകൂ. എന്നിലെ സിനിമാക്കാരിയെ ഉണർത്തിയതും പ്രോത്സാഹിപ്പിച്ചതും വിഡിയോ ആർട്ടിസ്റ്റ് കൂടിയായ എന്റെ അമ്മയാണ്. ഞാനും അമ്മയും സിനിമക്ക് പോകുമായിരുന്നു. അമ്മയുടെ എഡിറ്റിങ് ജോലികളൊക്കെ വീട്ടിൽതന്നെയാവും നടക്കുക. രംഗങ്ങൾ ഒന്നിനോടൊന്ന് കൂട്ടിച്ചേർക്കുന്നത് വളരെ അതിശയത്തോടെയാണ് നോക്കിക്കണ്ടത്. അന്ന് ഓരോ രംഗം ചേർത്ത് സിനിമയെ മനോഹരമാക്കുന്ന എഡിറ്റിങ്ങിനെക്കുറിച്ച് പറഞ്ഞുതന്നതും അമ്മയാണ്.
ഒരു വലിയ രഹസ്യം അറിഞ്ഞപോലെയാണ് എനിക്ക് തോന്നിയത്. പിന്നെയുള്ള സിനിമകാണലിൽ അത്തരമൊരു വീക്ഷണകോൺ കൂടി അറിയാതെ വന്നുചേർന്നു. അതൊരു വലിയ മാറ്റംതന്നെയായിരുന്നു. ഒരു എഡിറ്റർ ആകണമെന്നായിരുന്നു മോഹം. പക്ഷേ എത്തിപ്പെട്ടത് സിനിമ പഠിക്കാനായിരുന്നു. ‘പ്രചോദനങ്ങൾക്കായി കാത്തിരിക്കരുത്. ചുറ്റുമുള്ളതെല്ലാം പ്രചോദനങ്ങളാണ്’ എന്ന അമ്മയുടെ വാക്കുകളാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം. അടുത്തറിഞ്ഞ ജീവിതങ്ങൾ സിനിമയാക്കുമ്പോൾ നമ്മൾ കടന്നുവന്ന ചുറ്റുപാടുകളും അതിൽ ഇഴുകിച്ചേരും. തിരക്കിന്റെയും വേഗത്തിന്റെയും മാറിമറിയലുകളുടെയും ഇടമാണെങ്കിലും നഗരം എന്നും എനിക്ക് ഇഷ്ടമാകുന്നതും അതുകൊണ്ടുതന്നെയാണ്. മറുനാട്ടിൽ താമസിക്കുന്ന മലയാളി നഴ്സിന്റെ കഥ പറയുന്ന ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ പല ഫ്രെയിമുകളിലും ട്രെയിനിന്റെ ശബ്ദം കടന്നുവരുന്നത് ഞാനറിയുന്ന മുംബൈ നഗരത്തിന്റെ സ്പന്ദനത്തിൽ അത് അലിഞ്ഞുചേർന്നിരിക്കുന്നതുകൊണ്ടാണ്. പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന സ്ഥലം, സമയം എന്നിവയെ സിനിമയിലേക്ക് കൊണ്ടുവരാൻ കൂടി ശ്രമിച്ചിട്ടുണ്ട്.
മുംബൈപോലെ ഒരു നഗരത്തിൽ എല്ലാവരും തിരക്കിലാണ്. ആർക്കും ഒന്നിനും സമയമുണ്ടാകാറില്ല. എങ്ങോട്ടുപോകണമെങ്കിലും കനത്ത ഗതാഗതക്കുരുക്ക് കടക്കേണ്ട അവസ്ഥയുണ്ട്. പക്ഷേ, നമ്മൾ നല്ല മൂഡിലാണെങ്കിൽ ആ ട്രാഫിക് കുരുക്കുപോലും ആസ്വാദനമായി മാറും. അത് നഗരജീവിതത്തിന്റെ പ്രത്യേകതയാണ്. കുറച്ചുപേർ മാത്രമാണ് സിനിമയിലെ നഗ്നരംഗങ്ങളെ ആഘോഷിച്ചത്. സീരിയസായി സിനിമയെ സമീപിക്കുന്ന മലയാളി ആസ്വാദകർ അതിനൊന്നും നിന്നുകൊടുക്കുന്നവരല്ല. പരമ്പരാഗതമായ സദാചാരങ്ങളും ആധുനിക ചിന്തയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു എന്റെ സിനിമ മുന്നോട്ടുെവച്ച ആശയം. പിഎച്ച്.ഡി പഠിക്കാൻ ലഭിക്കുന്ന പിന്തുണ സിനിമ പഠിക്കാനിറങ്ങുന്നവർക്ക് ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ കാതലായ മാറ്റം വരണം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് കൂടുതൽ ഗ്രാന്റും മറ്റ് സഹായങ്ങളും സർക്കാറിൽനിന്ന് ലഭ്യമാക്കണം. എല്ലാ വിഭാഗങ്ങൾക്കും സിനിമ കൈയെത്തിപ്പിടിക്കാവുന്ന മേഖലയായാൽ മാത്രമേ വ്യത്യസ്തമാർന്ന മികച്ച സൃഷ്ടികൾ ഉണ്ടാവുകയുള്ളൂവെന്നും പായൽ കപാഡിയ പറഞ്ഞു -പായൽ കപാഡിയ (സംവിധായിക)
എഴുത്ത്: ആശാമോഹൻ
വായനയുടെയും എഴുത്തിന്റെയും 2025
2024 എഴുത്തിലും വായനയിലും ആത്മവിശ്വാസം തന്ന വർഷമാണ്. ‘കത’ എന്ന നോവൽ വന്ന് അഞ്ചു വർഷത്തിനുശേഷമാണ് ‘ആത്രേയകം’ പുറത്തുവരുന്നത്. പക്ഷേ, ആദ്യം എഴുതിത്തുടങ്ങിയ നോവലാണ് ‘ആത്രേയകം’. 2016 മുതൽ എഴുത്ത് ആരംഭിച്ചതാണ്. ഇന്നുകാണുന്ന നോവൽ പലതരത്തിൽ മാറ്റിയെഴുതപ്പെട്ടതാണ്. മഹാഭാരതത്തിൽ നിരവധി കഥാപാത്രങ്ങളുണ്ട്. ആ കഥാപാത്രങ്ങൾ ഓരോരുത്തരുടെയും ജീവിതം ഒാരോ നോവലിന് വിഷയമാണ്. അത്തരത്തിൽ രൂപപ്പെട്ട നോവലുകളുണ്ട്. എന്നാൽ, ആ ഗണത്തിൽപ്പെട്ട ഒരു നോവലല്ല ‘ആത്രേയകം’. അത്, പ്രധാനമായും ഒരു ചെറുദേശമാണ്. മുഖ്യധാര ദേശീയതക്ക് അകത്ത് സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുന്ന, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ മാറ്റിനിർത്തപ്പെടുന്ന വേഷത്തിന്റെയോ, ഭക്ഷണത്തിന്റെയോ ആചാരങ്ങളുടെയോ വിശ്വാസങ്ങളുടെയോ ആശയത്തിന്റെയോ ഒക്കെ ഭാഗമായി നിലനിൽപിനു തന്നെ ഭീഷണി നേരിടുന്ന ദേശം എന്ന നിലക്കാണ് ‘ആത്രേയകം’ രൂപപ്പെടുന്നത്. അതേസമയം, അത് മുറിവുകൾ ഉണക്കുന്ന വേദനകളെ ഇല്ലാതാക്കുന്ന അഭയസ്ഥാനമാണ്.
പ്രതീക്ഷകളുടെ തുരുത്ത് എന്ന നിലക്കാണത് ബാക്കിയാവുന്നത്. അത്, ബാക്കിയാവുന്നുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയമാണ്. പക്ഷേ, അത്തരത്തിലുള്ള സാങ്കൽപിക ദേശത്തെ അവിടെ ഉണ്ടാക്കുന്നുണ്ട്. ആ ദേശത്തിന് യോജിക്കുന്ന കഥാപാത്രങ്ങളാണ് അവിടെയുള്ളത്. ദേശവുമായി ഇഴപിരിയാത്ത ബന്ധമുള്ള കഥാപാത്രങ്ങളാണുള്ളത്. നമ്മൾ ജീവിക്കുന്ന കാലത്തോട് എഴുത്തുകാർക്ക് പ്രതിബന്ധതയുണ്ടെന്ന് കരുതുന്നു. നിലവിലുള്ള യാഥാർഥ്യത്തിനുനേരെ കണ്ണടക്കാൻ ജനാധിപത്യബോധമുള്ള ഒരു പൗരനും സാധിക്കുകയില്ല. ആ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ് എഴുത്ത്. അങ്ങനെയൊരു ബോധം ഉണ്ടാക്കി തന്ന കാലംകൂടിയാണ് 2024. വ്യക്തിപരമായി കടന്നുപോയ ഏഴു വർഷം എഴുത്തിന്റെ വിദ്യാഭ്യാസകാലം തന്നെയായിരുന്നു. എല്ലാ അർഥത്തിലും മാറ്റമുണ്ടായിട്ടുണ്ട്. അത്, വളർച്ച തന്നെയാണ്. നിന്നിടത്തുതന്നെ നിൽക്കുകയല്ല. മാറ്റമുണ്ട്. വായന, എഴുത്ത്, യാത്ര, സൗഹൃദം എന്നിവ മനുഷ്യന്റെ ആന്തരിക ലോകം വികസിപ്പിക്കുന്നതായാണ് ഞാൻ കരുതുന്നത്. അത്തരത്തിലുള്ള വികാസത്തിന്റെ പങ്ക് പറ്റാൻ സാധിച്ചുവെന്നതാണ് 2024ന്റെ പ്രത്യേകത. അത്, തുടരുകയെന്നതാണ് പ്രധാനം. നേടിയെടുത്ത വളർച്ചയിൽനിന്നും ഇടർച്ചയുണ്ടാവരുത്. അങ്ങനെ എല്ലാ അർഥത്തിലും വളർച്ചയുടേതാണെനിക്ക് 2025. എല്ലാവർക്കും അങ്ങനെയുള്ളതാവട്ടെ... -ആർ. രാജശ്രീ (എഴുത്തുകാരി)
എഴുത്ത്: അനൂപ് അനന്തൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.