ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു, പക്ഷെ ഒരു കാര്യം അന്ന് ഉറച്ചു വിശ്വസിച്ചു; വെളിപ്പെടുത്തി കമൽ ഹാസൻ
text_fieldsചെറുപ്പകാലത്ത് താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടൻ കമൽ ഹാസൻ. എന്നാൽ ജീവിതത്തിൽ ഇരുട്ട് മാത്രമല്ല വെളിച്ചവും നിങ്ങളെ തേടിവരുമെന്നും കഠിനാധ്വാനം ചെയ്താൽ തീർച്ചയായും ജീവിതത്തിൽ വിജയിക്കാൻ കഴിയുമെന്നും കമൽഹാസൻ പറഞ്ഞു. ചെറുപ്പക്കാർക്കിടയിലെ ആത്മഹത്യ വർധിച്ചു വരുന്നതിനെ കുറിച്ച് ചെന്നൈയിൽ വിദ്യാർഥികളോട് സംസാരിക്കവെയായിരുന്നു ഒരു സമയത്ത് ജീവിതം അവസാനിപ്പിക്കാൻ ആലോചിച്ചതിനെ കുറിച്ച് നടൻ പറഞ്ഞത്.
ഒരു സമയത്ത് ഞാനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു. അന്നെനിക്ക് 20, 21 വയസായിരുന്നു. സിനിമയിൽ വേണ്ടവിധത്തിലുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇത് എന്നെ ഏറെ നിരാശപ്പെടുത്തിയിരുന്നു- കമൽഹാസൻ പറഞ്ഞു.
എന്നാൽ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് വിശ്വസിച്ചിരുന്നു. ജീവിതത്തിൽ എല്ലാക്കാലത്തും ഇരുട്ട് മാത്രമായിരിക്കില്ല. വെളിച്ചവും കടന്നു വരും. കഠിനാധ്വാനം ചെയ്താൽ തീർച്ചയായും വിജയിക്കാൻ സാധിക്കും- താരം കൂട്ടിച്ചേർത്തു.
ഇരുണ്ട കാലഘട്ടത്തിൽ നിങ്ങളുടെ ഭാവി ശോഭനമാക്കുന്ന സ്വപ്നങ്ങൾ കാണുക. മരണം ജീവിതത്തിലെ ഒരു അധ്യായമാണ്. അത് വരുമ്പോൾ വരട്ടെ. അതിനെ അന്വേഷിച്ച് പോകരുത്- കമൽ ഹാസൻ വ്യക്തമാക്കി.
ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ ആണ് കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം. അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ‘കൽക്കി 2898 എ. ഡി'യാണ് മറ്റൊരു ചിത്രം. ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.