സ്റ്റൈൽ മന്നന് 73ാം പിറന്നാൾ; ആശംസയുമായി ഇന്ത്യൻ സിനിമാ ലോകം
text_fieldsഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 73ാം പിറന്നാൾ. നടന് പിറന്നാൾ ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയസുഹൃത്തിന് പിറന്നാൾ ആശംസയുമായി കമൽ ഹാസൻ എത്തിയിരിക്കുകയാണ്. എക്സിലൂടെയാണ് ആശംസ നേർന്നത്. 'എന്റെ പ്രിയ സുഹൃത്ത് സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. എന്നും വിജയം കൊയ്തുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു' എന്നാണ് കമൽ കുറിച്ചത്.
രജനിക്ക് പിറന്നാൾ ആശംസയുമായി മകൾ ഐശ്വര്യയുടെ മുൻ ഭർത്താവും നടനുമായ ധനുഷും എത്തിയിട്ടുണ്ട്. 'ജന്മദിനാശംസകൾ തലൈവ' എന്നാണ് ധനുഷ് എക്സിൽ രജനികാന്തിനെ ടാഗ് ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നത്. താൻ ഒരു രജനി ഫാൻ ആണെന്ന് ധനുഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ഐശ്വര്യ രജനികാന്തുമായി വേർപിരിഞ്ഞതിന് ശേഷവും ധനുഷ് മുടങ്ങാതെ തലൈവർക്ക് ജന്മദിന ആശംസ അറിയിക്കാറുണ്ട്. ജൂനിയർ എൻ.ടി. ആർ, ഖുശ്ബു, അശോക് സെൽവൻ തുടങ്ങിയവരും തലൈവർക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.
കർണ്ണാടക-തമിഴ്‌നാട് അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബത്തിലാണ് തലൈവരുടെ ജനനം. ശിവാജിറാവു ഗെയ്ക്ക്‌വാദ് എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. പിതാവ് റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂരുവിലേക്ക് തമാസം മാറി. ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ചെറുപ്പം മുതലെ സിനിമയായിരുന്നു രജനിയുടെ സ്വപ്നം. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയിലുണ്ടായിരുന്ന പണം കഴിഞ്ഞപ്പോൾ സിനിമാ മോഹം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.
സഹോദരനിലൂടെ കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി ലഭിച്ചു . കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും രജനി നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. തുടർന്ന് അവിചാരിതമായി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം ലഭിച്ചു. അവിടത്തെ സിനിമ പഠനത്തിന് ശേഷം നടന്റെ തലവര മാറി.
1975 ഓഗസ്റ്റ് 18ന് റിലീസായ കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജിനി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു സഹതാരങ്ങൾ. ബാലചന്ദര്‍ തന്നെ നിര്‍മ്മിച്ച നെട്രികണ്‍ എന്ന സിനിമയായിരുന്നു രജിനികാന്തിന് ആദ്യ കരിയർ ബ്രേക്ക് നൽകിയത്. ജ്ഞാനവേലിന്റെ സംവിധാനത്തിൽ തലൈവർ 170 എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനവേലിന്റെ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിന്റെ തലൈവർ 171 ആണ് അടുത്തതായി അഭിനയിക്കുന്നത്.ലോകേഷ് കനകരാജിന്റെ എൽ.സി.യു ചിത്രമായിരിക്കില്ല തലൈവർ 171.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.