മഹേഷ് ഭട്ടിന്‍റെ യഥാർഥ പേര് 'അസ്‌ലം', അത് മറച്ചുവെച്ച് മറ്റൊരു മതത്തിന്‍റെ ആളാകുന്നത് എന്തിനെന്ന് കങ്കണ
text_fieldsബോളിവുഡ് സംവിധായകനും നിർമാതാവുമായ മഹേഷ് ഭട്ടിനെ അധിക്ഷേപിച്ച് നടി കങ്കണ റണാവത്ത്. മഹേഷ് ഭട്ടിന്‍റെ ചില പഴയ വിഡിയോകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയായിരുന്നു കങ്കണയുടെ വിമർശനം. മഹേഷ് ഭട്ടിന്‍റെ യഥാർഥ പേര് അസ്‌ലം എന്നാണെന്നും അത് മറച്ചുവെക്കുന്നത് എന്തിനാണെന്നും കങ്കണ ചോദിച്ചു. കങ്കണ ആദ്യമായി അഭിനയിച്ച ഗാങ്സ്റ്റർ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയാണ് മഹേഷ് ഭട്ട്. ഭട്ട് കുടുംബാംഗങ്ങൾക്കെതിരെ കങ്കണ ഏറെക്കാലമായി തുടരുന്ന വിദ്വേഷത്തിന്‍റെ ഒടുവിലത്തെ സംഭവമാണ് മഹേഷ് ഭട്ടിനെതിരായ ആരോപണങ്ങൾ.
മഹേഷ് ഭട്ടിന്‍റെ യഥാർഥ പേരിനെയും മതത്തെയും കുറിച്ചായിരുന്നു കങ്കണയുടെ വിമർശനങ്ങൾ. മഹേഷ് ഭട്ടിന്‍റെ പഴയ വിഡിയോ പങ്കുവെച്ച് കൊണ്ട് 'മഹേഷ് ജി ആളുകളെ ആകസ്മികമായും കാവ്യാത്മകമായും അക്രമത്തിന് പ്രേരിപ്പിക്കുകയാണ്' എന്നാണ് കങ്കണ കുറിച്ചത്. 'മഹേഷ് ഭട്ടിന്‍റെ യഥാർഥ പേര് അസ്‌ലം എന്നാണ്. രണ്ടാം വിവാഹത്തിനായി (സോണി റസ്ദാൻ) അദ്ദേഹം മതംമാറിയിരുന്നു. അസ്‌ലം എന്നത് മനോഹരമായ പേരല്ലേ, എന്തിനാണത് മറച്ചുവെക്കുന്നത്' -കങ്കണ ചോദിക്കുന്നു.
'അദ്ദേഹം യഥാർഥ പേര് ഉപയോഗിക്കണം. മതംമാറിയ ആളായതിനാൽ ഒരു പ്രത്യേക മതത്തെ പ്രതിനിധീകരിക്കരുത്' -കങ്കണ പറയുന്നു.
(മഹേഷ് ഭട്ടും മകൾ ആലിയ ഭട്ടും)
മഹേഷ് ഭട്ടിനെതിരെ കങ്കണ നേരത്തെയും രംഗത്തെത്തിയിരുന്നു. മഹേഷ് ഭട്ട് തന്നെ ആക്രമിക്കുന്ന സാഹചര്യമുണ്ടായെന്നാണ് 2020ൽ കങ്കണ ആരോപിച്ചിരുന്നത്. മഹേഷ് ഭട്ടിന്‍റെ മകൾ പൂജ ഭട്ട് സംവിധാനം ചെയ്യുന്ന സിനിമയായ 'ദോഖ'യിൽ നിന്ന് താൻ പിന്മാറിയതിനായിരുന്നു ഇതെന്നാണ് കങ്കണയുടെ വാദം.
ഈ വർഷമാദ്യം മഹേഷ് ഭട്ടിന്‍റെ മറ്റൊരു മകളായ ആലിയ ഭട്ടിനെതിരെയും കങ്കണ ആരോപണവുമായി വന്നിരുന്നു. ആലിയയുടെ സിനിമയായ ഗംഗുഭായ് കത്തിയവാഡി വൻ പരാജയമായി മാറുമെന്നും ആലിയയുടെ കാസ്റ്റിങ് തെറ്റായിരുന്നെന്നുമാണ് കങ്കണ ആരോപിച്ചിരുന്നത്. എന്നാൽ, സിനിമ ഹിറ്റായി മാറിയിരുന്നു.
'ഈ വെള്ളിയാഴ്ച 200 കോടിരൂപ ബോക്‌സ് ഓഫീസില്‍ ചാരമാകും. പപ്പയുടെ (മാഫിയ ഡാഡി) മാലാഖയ്ക്ക് (ഇപ്പോഴും ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന) വേണ്ടി. കാരണം പപ്പയ്ക്ക് അയാളുടെ സുന്ദരിയും ബുദ്ധിയുമില്ലാത്ത മകള്‍ക്ക് അഭിനയിക്കാന്‍ അറിയുമെന്ന് തെളിയിക്കണം. ഈ സിനിമയുടെ ഏറ്റവും പോരായ്മ കാസ്റ്റിങ് ആണ്. തിയേറ്റര്‍ സ്‌ക്രീനുകള്‍ തെന്നിന്ത്യന്‍, ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പിറകെ പോകുന്നതിനെ കുറ്റം പറയാനാകില്ല. മാഫിയ ഉള്ളകാലത്തോളം ബോളിവുഡിന് നാശത്തിലേക്ക് പോകാനാണ് വിധി' -എന്നായിരുന്നു ആലിയയെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്വീറ്റ്.
2019ലും ആലിയക്കെതിരെ കങ്കണ ആരോപണം ഉയർത്തിയിരുന്നു. തന്റെ 'മണികർണിക ക്യൂൻ ഓഫ് ഝാൻസി' എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷം ചിത്രത്തെക്കുറിച്ച് ആലിയ ഒന്നും സംസാരിക്കാത്തതായിരുന്നു കങ്കണയെ ചൊടിപ്പിച്ചത്. ആലിയയെ വിമർശിച്ച് കൊണ്ട് കങ്കണയും സഹോദരി രംഗോളിയും നിരന്തരം പരാമർശങ്ങൾ നടത്തിയതോടെ മഹേഷ് ഭട്ടിന്റെ ഭാര്യയും കങ്കണയുടെ മാതാവുമായ നടി സോണി റസ്ദൻ മറുപടിയുമായെത്തിയിരുന്നു. കങ്കണയെ സിനിമയിലേക്ക് കൊണ്ട് വന്ന മഹേഷ് ഭട്ടിന്റെ മകളെയാണ് കങ്കണ അനാവശ്യമായി കുറ്റപ്പെടുത്തുന്നതെന്നാണ് സോണി റസ്ദാൻ തുറന്നടിച്ചത്.
നേരത്തെ നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടും മഹേഷ് ഭട്ടിനെതിരെ കങ്കണ ആരോപണമുന്നയിച്ചിരുന്നു. സുശാന്തിന്റെ കാമുകിയായ റിയ ചക്രബർത്തിയെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മഹേഷ് ഭട്ട് ശ്രമിച്ചെന്നായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.