ഒളിമ്പിക്സിൽ അവസരം ലഭിക്കാൻ കാരണം മോദി; വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയതിന് പിന്നാലെ കങ്കണ
text_fieldsവനിത ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ കടന്നതോടെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ സുവർണ നേട്ടത്തിനരികെയെത്തിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിത താരം ഗുസ്തിയിൽ ഫൈനലില്‍ എത്തുന്നത്. വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാകുമ്പോൾ ബി.ജെ.പി എം.പിയും നടിയുമായ കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ചർച്ചയാവുകയാണ്. വിനേഷ് ഫോഗട്ടിന്റെ നേട്ടത്തിന് കാരണം മോദിയാണെന്നാണ് കങ്കണ പറയുന്നത്. ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയതിന് പിന്നാലെയായിരുന്നു മോദിയെ പുകഴ്ത്തി കങ്കണ എത്തിയത്. ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ മുന്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന സമരത്തിന്‍റെ മുന്‍നിരയില്‍ വിനേഷ് ഫോഗട്ട് ഉണ്ടായിരുന്നു.
'ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലിനായി പ്രതീക്ഷയുണ്ട്. ഒരു ഘട്ടത്തില്‍ 'മോദി നിങ്ങളുടെ ശവക്കല്ലറ കുഴിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തി വിനേഷ് ഫോഗട്ട് പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു. എന്നിട്ടും അവര്‍ക്ക് ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചു, മികച്ച പരിശീലനവും പരിശീലകരേയും സൗകര്യങ്ങളും ലഭിച്ചു, അതാണ് ജനാധിപത്യത്തിന്റെയും മികച്ച നേതാവിന്‍റെയും സൗന്ദര്യം'- കങ്കണ കുറിച്ചു.
ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ വീഴ്ത്തിയാണ് വിനേഷിന്റെ ചരിത്രനേട്ടം സ്വന്തമാക്കിയത്.ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡര്‍ബ്രാന്‍ഡ്ട് ആണ് വിനേഷിന്റെ എതിരാളി.
അതേസമയം, ഒളിമ്പിക്സ് വനിത ഗുസ്തിയിൽ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിക്കുമോയെന്ന ചോദ്യവുമായി കോൺഗ്രസ് എത്തിയിട്ടുണ്ട്.കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആണ് എക്സിലൂടെയാണ് ഇക്കാര്യം ചോദിച്ചത്. ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭത്തിനിടെ ഡൽഹി പൊലീസ് നടത്തിയ മോശം പെരുമാറ്റത്തിന് അവരോട് ക്ഷമചോദിക്കണമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.