'എന്നെ വിധിക്കാന്‍ നിക്കരുത്, ഞാൻ നിങ്ങളുടെ പരിധിക്ക് പുറത്താണ്; സില്ലി ഓസ്കര്‍ അവരുടെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ' -കങ്കണ
text_fieldsബോളിവുഡ് താരം കങ്കണ റണാവത്തിന്‍റെ 'എമർജൻസി' കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയിലെത്തിയത്. ചിത്രത്തിന്‍റെ പ്രതികരണങ്ങളും അവലോകനങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ കങ്കണ പങ്കുവെച്ചിരുന്നു. ഇതില്‍ ചിത്രം ഓസ്കര്‍ നേടണമായിരുന്നു എന്ന ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടിന് കങ്കണ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
'അമേരിക്ക അവരുടെ യഥാർത്ഥ മുഖം അംഗീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല. വികസ്വര രാജ്യങ്ങളെ അവർ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമർത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമര്‍ജന്‍സിയില്‍ തുറന്നുകാണിച്ചു. സില്ലി ഓസ്കര്‍ അവരുടെ കൈയ്യില്‍ തന്നെ വെച്ചോട്ടെ. ഞങ്ങൾക്ക് ദേശീയ അവാർഡുണ്ട്'. എന്നാണ് കങ്കണ മറുപടി നല്‍കിയത്.
ചിത്രത്തെ താന്‍ മുന്‍ധാരണയോടെയാണ് സമീപിച്ചതെന്നും എന്നാല്‍ കങ്കണ അഭിനയത്തിലും, സംവിധാനത്തിലും ശരിക്കും ഞെട്ടിച്ചുവെന്നുമാണ് കങ്കണയുടെ മറുപടിക്ക് താഴെ ഫിലിംമേക്കര്‍ സഞ്ജയ് ഗുപ്ത കമന്‍റിട്ടത്. അതിന്‍റെ സ്ക്രീന്‍ ഷോട്ടും കങ്കണ പങ്കുവച്ചിട്ടുണ്ട്. ഇതിന് മറുപടിയും നടി കുറിക്കുന്നുണ്ട്.
'ചലച്ചിത്ര രംഗം വെറുപ്പിൽ നിന്നും മുൻവിധികളിൽ നിന്നും പുറത്തുവന്ന് നല്ല പ്രവൃത്തികളെ അംഗീകരിക്കണം. ഇത്തരം കാര്യങ്ങളില്‍ നിന്നും പുറത്തുകടന്നതിന് നന്ദി സഞ്ജയ് ജി, മുൻവിധികള്‍ ഉള്ള എല്ലാ സിനിമാ ബുദ്ധിജീവികൾക്കുമുള്ള എന്റെ സന്ദേശം ഇതാണ്. എന്നെക്കുറിച്ച് ഒരിക്കലും ഒരു ധാരണയും സൂക്ഷിക്കരുത്. എന്നെ വിധിക്കാന്‍ നിക്കരുത്, ഞാൻ നിങ്ങളുടെ പരിധിക്ക് പുറത്താണ്'. എന്നാണ് കങ്കണയുടെ മറുപടി.
തിയേറ്ററിൽ റിലീസ് ചെയ്ത് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. മാർച്ച് 17 ന് ചിത്രം ഒ.ടി.ടിയിൽ എത്തുമെന്ന് കങ്കണ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുന്ന എമർജൻസി, ജനുവരി 17നാണ് ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തത്. അടിയന്തരാവസ്ഥ കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്. സഞ്ജയ് ഗാന്ധിയായി വിശാഖ് നായരും, ജയപ്രകാശ് നാരായണനായി അനുപം ഖേറും, അടൽ ബിഹാരി വാജ്‌പേയിയായി ശ്രേയസ് തൽപാഡെയും, ജഗ്ജീവൻ റാമായി സതീഷ് കൗശിക്കും, ഫീൽഡ് മാർഷൽ സാം മനേക്ഷായായി മിലിന്ദ് സോമനും ചിത്രത്തിൽ അഭിനയിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.