ഇന്ദിര ഗാന്ധിയായി കങ്കണ; 'എമർജൻസി'യുടെ റിലീസിങ് തീയതി പുറത്ത്
text_fieldsമുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി നടി കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിൽ ഇന്ദിര ഗാന്ധിയായിട്ടാണ് നടി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിങ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.2023 നവംബർ 24 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നടൻ അനുപം ഖേറിന്റെ ശബ്ദ പശ്ചാത്തിലുളള ഒരു ടീസറിനോടൊപ്പമാണ് റിലീസിങ് തീയതി പങ്കുവെച്ചിരിക്കുന്നത്.
സംരക്ഷകയോ? ഏകാധിപതിയോ? നമ്മുടെ രാജ്യത്തെ ഒരു നേതാവ് സ്വന്തം ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ പിറന്ന ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിന് സാക്ഷ്യം വഹിക്കാം- ടീസറിനൊപ്പം കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത് വൈറലായിട്ടുണ്ട്. കങ്കണ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
അടിയന്തരാവസ്ഥ നടപ്പാക്കിയ 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള കാലഘട്ടങ്ങളിലെ സംഭവങ്ങൾ ദൃശ്യവത്ക്കരിക്കുന്ന ചിത്രം നിർമിക്കുന്നതും കങ്കണ തന്നെയാണ്. ഇന്ദിര ഗാന്ധിയുടെ രൂപത്തിലുള്ള നടിയുടെ പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ചിത്രത്തിന്റെ കഥയും കങ്കണയാണ് എഴുതിയിരിക്കുന്നത്. റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. കങ്കണക്കൊപ്പം അനുപം ഖേർ, മഹിമ ചൗധരി, സതീഷ് കൗശിക്, മിലിന്ദ് സോമൻ, ശ്രേയസ് താൽപഡേ എന്നിവരാണ് മറ്റു പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.