രൂപം കൊണ്ടല്ല ഒരാളെ വിലയിരുത്തേണ്ടത്; കപിൽ ശർമക്ക് അറ്റ് ലിയുടെ മറുപടി
text_fieldsസംവിധായകൻ അറ്റ് ലിയെ നടനും അവതാരകനുമായ കപിൽ ശർമ നിറത്തിന്റെ പേരിൽ അപമാനിച്ചതായി ആരോപണം. അറ്റ് ലിയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ബേബി ജോണിന്റെ പ്രമേഷനുമായി ബന്ധപ്പെട്ട് കപിൽ ശർമയുടെ ഷോയിൽ എത്തിയിരുന്നു. ഷോക്കിടയിൽ കപിൽ ശർമ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഗായിക ചിന്മയ് ശ്രീപദ ഉൾപ്പടെയുള്ളവർ കപിൽ ശർമയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിറത്തിന്റേയും രൂപത്തിന്റേയും പേരിലുള്ള കോമഡി നിർത്താറായില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി എന്നിവർക്കൊപ്പമാണ് അറ്റ് ലി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ എത്തിയത്. നിങ്ങളെ ഒരു താരം തിരിച്ചറിയാതെ പോയ സംഭവം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം. സാഹചര്യം മനസിലാക്കി മികച്ച ഉത്തരമായിരുന്നു അറ്റ് ലി നൽകിയത്.
'നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. എ ആർ മുരുകദോസ് സാറിനോട് എനിക്ക് വളരെയധികം നന്ദിയുണ്ട്. കാരണം അദ്ദേഹമാണ് എന്റെ ആദ്യ ചിത്രം നിർമിച്ചത്.അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലേ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്,' എന്നായിരുന്നു അറ്റ് ലിയുടെ മറുപടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.