ബോളിവുഡ് ഷോമാന്റെ ജന്മദിനം ആഘോഷിച്ച് പെഷാവറിലെ കപൂർ ഹവേലി
text_fieldsബോളിവുഡിന്റെ എക്കാലത്തെയും വലിയ ഷോമാനായിരുന്ന രാജ്കപൂറിന്റെ നൂറാം ജന്മദിനം ഇന്ത്യയിൽ വിപുലമായി ആഘോഷിച്ചപ്പോൾ അദ്ദേഹത്തിന്റെ ജന്മനാടായ പാകിസ്താനിലെ പെഷാവറിലും ആഘോഷം. 1924 ഡിസംബർ 14ന് പെഷാവർ നഗരത്തിലെ ഖിസ്സ ഖവാനി ബസാറിൽ ജനിച്ച് നാൽപതുകൾ മുതൽ രണ്ടു മൂന്നു പതിറ്റാണ്ട് ഹിന്ദി സിനിമയെ അഭിനയത്തിലും സംവിധാന മികവിലും അടക്കിവാണ രാജ്കപൂർ 1988 ജൂൺ രണ്ടിനാണ് വിടവാങ്ങിയത്.
കഴിഞ്ഞ ദിവസം കുടുംബ വസതിയായ ‘കപൂർ ഹവേലി’യിൽ ആരാധകരും കൾച്ചറൽ ഹെറിറ്റേജ് കൗൺസിലും ഒത്തുചേർന്ന് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ആരാധകർ കേക്ക് മുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ് കപൂറിന്റെയും പെഷാവറിൽതന്നെ ജനിച്ച ഇതിഹാസ നായകൻ ദിലീപ് കുമാറിന്റെയും കുടുംബ വസതികൾ സംരക്ഷിക്കാനുള്ള ലോക ബാങ്കിന്റെ 1000 കോടിയുടെ പദ്ധതിയെ ആരാധകർ പ്രകീർത്തിക്കുകയുണ്ടായി. ഇന്ത്യൻ സിനിമയുമായി നഗരത്തിനുള്ള ഇഴപിരിക്കാനാകാത്ത ബന്ധവും അവർ ചൂണ്ടിക്കാട്ടി.
മുൻകാല നടൻ പ്രിഥിരാജ് കപൂറിന്റെയും രംസാർണി കപൂറിന്റെയും മകനായി പിറന്ന സൃഷ്ടിനാഥ് കപൂർ എന്ന രാജ് കപൂർ സ്വാതന്ത്ര്യത്തിനു മുന്നേ ബോളിവുഡിൽ കാലുറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആർ.കെ ഫിലിംസ് സ്റ്റുഡിയോ അദ്ദേഹത്തെപ്പോലെതന്നെ പ്രശസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.