ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്; കൊൽക്കത്ത ടീമിനെ സ്വന്തമാക്കി താരദമ്പതികൾ
text_fieldsഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ (ഐ.എസ്.പി.എൽ) കൊൽക്കത്ത ടീമിനെ സ്വന്തമാക്കി ബോളിവുഡ് താരദമ്പതികളായ കരീന കപൂറും ഭർത്താവ് സെയ്ഫ് അലി ഖാനും. ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെച്ചുക്കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ വിഭിന്നമേഖകളിലുള്ള തെരുവുകളിൽനിന്ന് ക്രിക്കറ്റിന്റെ കളിമിടുക്കുള്ള താരകുമാരന്മാരെ കണ്ടെടുക്കുകയെന്ന ലക്ഷ്യവുമായാണ് ഐ.എസ്.പി.എൽ സംഘടിപ്പിക്കുന്നത്.
‘ക്രിക്കറ്റ്, നമ്മൾ നെഞ്ചേറ്റുന്ന ഒരു പാരമ്പര്യം, നമ്മൾ പങ്കിടുന്ന സ്നേഹം....അത് കൊണ്ടാടാൻ കുടുംബമെത്തുകയാണ്...’ എന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും നടി കുറിച്ചു.
ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ കൊൽക്കത്ത ടീമിനെ സ്വന്തമാക്കാൻ കഴിഞ്ഞ വിവരം ദമ്പതിമാർ പങ്കുവെക്കുന്നത്. ഗള്ളി ക്രിക്കറ്റിന്റെ ക്രീസിൽ കരുത്തുകാട്ടുന്ന യുവ ക്രിക്കറ്റ് താരങ്ങൾക്ക് ഇത് മികച്ച അവസരമാണ്. ഈ അനുഭവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്- കരീന കൂട്ടിച്ചേർത്തു. കരീനക്കും സെയ്ഫിനും ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ചെന്നൈ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത് നടൻ സൂര്യയാണ്. ഹൈദരാബാദ് ടീമും രാംചരണും മുംബൈ ടീം അമിതാഭ് ബച്ചനും ബെംഗളൂരു ടീം ഹൃത്വിക് റോഷനും ശ്രീനഗർ ടീം അക്ഷയ് കുമാറുമാണ് സ്വന്തമാക്കിയിരിക്കുന്നത്. 2024 മാർച്ച് 2 മുതൽ 9 വരെയാണ് ഐ.എസ്.പി.എൽ മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ മകനാണ് സെയ്ഫ് അലിഖാൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം ടൈഗർ എന്ന പേരിലും അറിയപ്പെട്ടിരുന്നു.1961ൽ ക്രീസിലെത്തിയ മൻസൂർ അലി ഖാൻ രാജ്യത്തിനായി 46 ടെസ്റ്റുകളിൽ പാഡുകെട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.