'അത്രയും വലിയ വില്ലൻ ആണെന്നുള്ളത് എനിക്ക് നേരത്തെ അറിയാം, നിങ്ങളാണ് വൈകിയത്'; 'റോളക്സിനെ' കുറിച്ച് കാർത്തി
text_fieldsലോകേഷ് കനകരാജിന്റെ 'വിക്രമി'ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് നടന്‍ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രത്തിന്റെ കാമിയോ റോള്‍. മൂന്ന് മണിക്കൂര്‍ ധൈര്‍ഘ്യമുള്ള സിനിമയില്‍ വെറും അഞ്ച് മിനിറ്റ് മാത്രമാണ് സൂര്യയുള്ളതെങ്കിലും വലിയ പ്രേക്ഷക പ്രശംസയായിരുന്നു ആ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ റോളക്സിനെ കണ്ടപ്പോഴുള്ള തന്‍റെ അനുഭവം പറയുകയാണ് സൂര്യയുടെ അനിയനും നടനുമായ കാർത്തി.
പ്രേക്ഷകർക്കാണ് അദ്ദേഹത്തിന്റെ ആ ഒരു വശത്തെക്കുറിച്ച് അറിയാത്തത് എന്നും എന്നാൽ താൻ ചെറുപ്പം മുതൽക്കേ കാണുന്ന വില്ലത്തരമാണ് സൂര്യയുടെ ഈ ഭാവങ്ങൾ എന്നും കാർത്തി ചിരിയോടെ പറയുന്നു. റോളക്സ് എന്നൊരു കഥാപാത്രം ചെയ്യുന്നു എന്ന കാര്യം സൂര്യ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അദ്ദേഹത്തെ സ്ക്രീനിൽ കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടു പോയി എന്നും കാർത്തി പറഞ്ഞു. 'മെയ്യഴകൻ' എന്ന തന്‍റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് കാർത്തി സൂര്യയുടെ റോളക്സ് എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്.
' ഇങ്ങനെയൊരു വേഷം ചെയ്യുന്നുവെന്ന് സൂര്യ എന്നോട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന്റെ ലീക്കായ സീനോ ഫൂട്ടേജുകളോ ഒന്നും ഞാൻ കണ്ടിരുന്നില്ല. പക്ഷേ സ്ക്രീനിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു പോയി. മ്യൂസിക്കിനൊപ്പമുള്ള ആ വരവും പിന്നെ ആ സ്പീക്കർ തൂക്കി നടന്നുവരുന്ന ഷോട്ടുകളൊക്കെ ഭയങ്കരമായിരുന്നു. നിങ്ങളെല്ലാവരുമാണ് അദ്ദേഹത്തിന്റെ ആ വശം ഇതുവരെ കാണാത്ത ആളുകൾ. ഞാൻ ചെറുപ്പം മുതൽ ഇത് കാണാൻ തുടങ്ങിയതാണ്. അവൻ അത്രയും വലിയ വില്ലൻ ആണെന്നുള്ളത് എനിക്ക് മാത്രമേ അറിയൂ. അതുകൊണ്ട് അതെനിക്ക് ആശ്ചര്യം ഉണ്ടാക്കിയില്ല,' കാർത്തി പറഞ്ഞു.
കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് 'മെയ്യഴകൻ'. 96 എന്ന ചിത്രത്തിന്റെ സംവിധായകൻ സി പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്യഴകൻ. ജ്യോതികയുടെയും സൂര്യയുടെയും നിർമ്മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമിക്കുന്നത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.