'കെഞ്ചിര'യിൽ ആദിവാസികളുടെ കണ്ണീരും കിനാവുമല്ല; അവരുടെ സാമൂഹിക രാഷ്ട്രീയം -മനോജ് കാന
text_fields'ആദിവാസികളുടെ കണ്ണീരും കിനാവും ഒപ്പിയെടുക്കുന്ന ഒരു ഫീച്ചര്‍ ഫിലിമല്ല ഇത്. നാളുകളായി ആദിവാസി സമൂഹത്തെക്കുറിച്ച് ഒട്ടേറെ ചിത്രങ്ങളും പഠനങ്ങളും ഡോക്യുമെന്‍ററികളുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ 'കെഞ്ചിര' ഉപരിതലത്തിലൂടെയല്ല സഞ്ചരിക്കുന്നത്. ആദിവാസി സമൂഹം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അവരുടെ സാമൂഹിക രാഷ്ട്രീയം തന്നെയാണ് ദൃശ്യവത്കരിക്കുന്നത്'- സംവിധായകൻ മനോജ് കാനയുടെ വാക്കുകളാണിത്. നൂറ്റാണ്ടുകളായി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അടിച്ചമര്‍ത്തലും പ്രമേയമാക്കി മനോജ് സംവിധാനം ചെയ്ത 'കെഞ്ചിര' ദേശീയ ശ്രദ്ധയാകര്‍ഷിച്ച സിനിമയാണ്. മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്‍റെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും നേര്‍സാക്ഷ്യമാണ്.
2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'കെഞ്ചിര' മികച്ച ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമ, മികച്ച ക്യാമറാമാൻ (പ്രതാപ് പി. നായര്‍), വസ്ത്രാലങ്കാരം (അശോകന്‍ ആലപ്പുഴ) എന്നിവ 'കെഞ്ചിര' കരസ്ഥമാക്കി. കാന്‍ ചലച്ചിത്രമേളയില്‍ സ്ക്രീനിങിനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്ക്രീനിങ് നടന്നില്ല. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലും ഉള്‍പ്പെടെ വിവിധ മേളകളില്‍ 'കെഞ്ചിര' പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. പണിയ ഭാഷയില്‍ ആവിഷ്കരിച്ച ചിത്രത്തിലെ അഭിനേതാക്കളില്‍ തൊണ്ണൂറ് ശതമാനവും ആദിവാസികളായിരുന്നു.
'കെഞ്ചിര' ഒരു സമരത്തിന്‍റെ ഭാഗമാണെന്ന് മനോജ് പറയുന്നു. ഭൂമി പ്രശ്‌നം, വനാവകാശ പ്രശ്‌നം തുടങ്ങി ആദിവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ എന്നിവയുടെ യഥാർഥ പ്രശ്‌നങ്ങള്‍ കണ്ടെത്തുവാനും അത് പൊതു സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിക്കാനുമുള്ള ഒരു മാര്‍ഗം എന്ന നിലയിലാണ് സിനിമ എന്ന വഴി സ്വീകരിച്ചത്. തീര്‍ത്തും പൊതുസമൂഹത്തിനാല്‍ അടിച്ചമര്‍ത്തപ്പെട്ട് ഉൾവലിഞ്ഞ് നടക്കുന്ന ആദിവാസി വിഭാഗത്തിനും പൊതുസമൂഹത്തിന്‍റെ മനോഭാവത്തിനും മാറ്റമുണ്ടാവുക എന്നതാണ് ഈ സിനിമ ലക്ഷ്യം വെക്കുന്നത്. നേരിട്ട് കണ്ടതും അനുഭവിച്ചതും ഇടപെട്ടതുമായ വിഷയങ്ങൾ തന്നെയാണ് ഈ സിനിമയിൽ പ്രമേയമാക്കിയിരിക്കുന്നതെന്നും മനോജ് പറഞ്ഞു.
ജീവിത യാഥാർഥ്യങ്ങളെ വിട്ടുവീഴ്ച്ചയില്ലാതെ ക്യാമറക്കണ്ണുകളാൽ ഒപ്പിയെടുക്കുന്ന മനോജ് കാനയുടെ ചായില്യം, അമീബ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ജീവിതത്തിന്‍റെ വേദനകളെ ഒപ്പിയെടുത്ത രണ്ട് ചിത്രങ്ങളും പ്രേക്ഷക ഹൃദയങ്ങളെ സ്പർശിച്ചതാണ്. സോഷ്യല്‍ മീഡിയ കൂടുതല്‍ ജനകീയമായതോടെ ഒട്ടേറെ സാമൂഹികപ്രശ്നങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തില്‍ നവമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന അതീവ ഗുരുതര പ്രശ്നം ചർച്ച ചെയ്യുന്ന 'ഖെദ്ദ'യാണ് മനോജിന്‍റെ പുതിയ സിനിമ. നേര് കൾച്ചറൽ സൊസൈറ്റിയും മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന 'കെഞ്ചിര' ഈമാസം 17ന് ആക്ഷൻ ഒ.ടി.ടിയിൽ റിലീസ് ചെയ്യും. ആദിവാസികളായ വിനുഷ രവി, കെ.വി. ചന്ദ്രന്‍, മോഹിനി, സനോജ് കൃഷ്ണന്‍, കരുണന്‍, വിനു കുഴിഞ്ഞങ്ങാട്, കോലിയമ്മ എന്നിവർക്കൊപ്പം നടന്‍ ജോയി മാത്യുവും അഭിനയിക്കുന്നുണ്ട്.
എഡിറ്റിങ്-മനോജ് കണ്ണോത്ത്, സംഗീതം, പശ്ചാത്തല സംഗീതം-ശ്രീവത്സന്‍ ജെ. മേനോന്‍, ഗാനരചന-കുരീപ്പുഴ ശ്രീകുമാര്‍, ആലാപനം-മീനാക്ഷി ജയകുമാര്‍, സൗണ്ട് ഡിസൈനിങ്-റോബിന്‍ കെ. കുട്ടി, മനോജ് കണ്ണോത്ത്, സിങ്ക് സൗണ്ട് റെക്കോര്‍ഡിങ്-ലെനിന്‍ വലപ്പാട്, സൗണ്ട് മിക്സിങ്-സിനോയ് ജോസഫ്, ആര്‍ട്ട്-രാജേഷ് കല്‍പ്പത്തൂര്‍, മേക്കപ്പ്-പട്ടണം റഷീദ്, പി.ആര്‍.ഒ-പി.ആര്‍. സുമേരന്‍, ഡി ഐ സ്റ്റുഡിയോ - രംഗ് റേസ് മീഡിയ കൊച്ചി, കളറിസ്റ്റ് - ബിജു പ്രഭാകരന്‍, ഡി ഐ കണ്‍ഫേമിസ്റ്റ്- രാജേഷ് മെഴുവേലി എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.