ബീന ടീച്ചർ എന്നേ തടവിലാണ്
text_fieldsഅഭിനയമാണ് ബീന ടീച്ചര്‍ക്ക് ജീവിതം. ഇത്രമേൽ അഭിനയത്തെ സ്നേഹിക്കുന്ന കലാകാരിയിലേക്ക് ഈ പുരസ്കാരം ചേർത്തുവെക്കപ്പെട്ടത് അതുകൊണ്ടുതന്നെയാവാം!
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ ബീന ടീച്ചർ ക്ലാസിൽ കുട്ടികളോടൊപ്പമാണ്. ആദ്യമായി ഒരു ഫീച്ചർ ഫിലിമിൽ ചെയ്ത മുഴുനീള വേഷത്തിനാണ് അംഗീകാരം! ഗീതയെന്ന അംഗൻവാടി ടീച്ചറായി പകർന്നാടിയതിന്. അഭിനന്ദനങ്ങളിലും ആഘോഷങ്ങളിലും രസിച്ചുല്ലസിക്കാൻ പക്ഷേ, ടീച്ചർക്ക് നേരമില്ലായിരുന്നു. പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ‘ഒറ്റ ഞാവൽമരം’ ഏകാംഗ നാടകം കളിക്കാനുണ്ട്. മാധവിക്കുട്ടിയുടെ വേനലിന്റെ ഒഴിവ് എന്ന കഥയെ ആസ്പദമാക്കി ആറങ്ങോട്ടുകര ‘കലാപാഠശാല’യിലെ ശ്രീജയും കെ.വി. നാരായണനും രൂപപ്പെടുത്തിയതാണ് ‘ഒറ്റ ഞാവല്‍മരം’. അമ്മുവിന്റെ മുത്തശ്ശിയാണ് കഥാപാത്രം. മുഖത്ത് ചായമിട്ട്, കോസ്റ്റ്യൂമണിഞ്ഞ് വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽ നിറഞ്ഞാടി. അത് വെറും യാദൃച്ഛികതയായിരുന്നില്ല. കാരണം, ബീനയെ നാടകത്തിലേക്ക് കൈപിടിച്ചു കയറ്റിയതും നാടകത്തെ ഗൗരവത്തോടെ കാണാൻ പഠിപ്പിച്ചതും പാണി മാഷായിരുന്നു. പരുതൂർ സ്കൂളിൽ പ്രധാനാധ്യാപകനായിരുന്നു പാണിമാഷ്. അതുകൊണ്ടുകൂടിയാവണം ആ വേദിയിൽ കഥാപാത്രമായ് നിറയുമ്പോൾ ടീച്ചറുടെ മിഴികളിൽ നനവു പടർന്നത്. ഈ കാഴ്ചയിലേക്കാണ് മികച്ച നടിയെക്കാണാൻ ഓടിയെത്തിയ മാധ്യമപ്രതിനിധികൾ ചെന്നുകയറിയത്.
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ ‘തടവി’ലേക്കും പുരസ്കാരത്തിലേക്കുമുള്ള സഞ്ചാരത്തിന്റെ കഥപറയുന്നു.
അന്നേ കൂടെയുണ്ടായിരുന്നു, അഭിനയം
സ്കൂളിൽ പഠിക്കുന്ന കാലംമുതൽ മിമിക്രി, മോണോആക്ട്, കഥാപ്രസംഗം, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം... എല്ലാത്തിലും പങ്കെടുക്കുമായിരുന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി. പട്ടാമ്പി സംസ്കൃത കോളജിൽ പഠിക്കുമ്പോൾ കാമ്പസ് തിയറ്ററിൽ സജീവമായിരുന്നു. സാറാജോസഫ് അടക്കം അധ്യാപകരും സഹപാഠികളും പ്രോത്സാഹിപ്പിച്ചു. ഗീത ടീച്ചറുടെയും ഗംഗാധരൻ സാറിന്റെയും ശിക്ഷണത്തില്‍ അവതരിപ്പിച്ച ‘കർണഭാരം’ സംസ്കൃത നാടകത്തിലൂടെ യൂനിവേഴ്സിറ്റി കലോത്സവത്തില്‍ മികച്ച നടിയായി. അധ്യാപികയായപ്പോഴും നാടകത്തെ കൂടെക്കൂട്ടി. 30 വർഷത്തിലേറെയായി അമച്വർ നാടകരംഗത്ത് സജീവമാണ്. സി.എം. നാരായണൻ സംവിധാനംചെയ്ത നഗരവധു, പെണ്ണുകാണൽ, കലംകാരിയുടെ കഥ, അസീസ് പെരിങ്ങോട് സംവിധാനംചെയ്ത തളപ്പ്, കുരുത്താലി അൺ ലോക്ക്ഡ് പ്രൊഫൈൽ (എല്ലാം കലാപാഠശാല), നരിപ്പറ്റ രാജുവിന്റെ സംവിധാനത്തിൽ ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ നാടകത്തിലും ‘ബസ്തുഹര’യിലും വേഷമിട്ടു.
സംഗീത നാടക അക്കാദമി നാടകമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ‘തളപ്പ്’ നൂറിലേറെ വേദികളിൽ കളിച്ചു. സംഗീത നാടക അക്കാദമിയുടെ ധനസഹായത്തോടെ നിർമിച്ച ‘കുരുത്താലി’യിലെ ‘സുബിത്ത’ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ്. ചെമ്പ്ര വായനശാലയുടെ ‘കളിചിരിയാണ് കല്യാണം’ (സംവിധാനം: സി.എം. നാരായണൻ) ഏറെ ശ്രദ്ധേയമായ നാടകങ്ങളിലൊന്നാണ്. ശ്രീജ ആറങ്ങോട്ടുകരയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘കലാപാഠശാല’യാണ് പ്രധാന നാടകവേദി. തൃശൂര്‍ നാടക സംഘത്തിന്റെയും പൊന്നാനി നാടകവേദിയുടെയും നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
സുദേവന്റെ ക്രൈം നമ്പര്‍ 89, തട്ടിൻപുറത്തപ്പൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഫാസിൽ റസാഖ് സംവിധാനംചെയ്ത അതിര്, പിറ എന്നീ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പരിചയത്തിലാണ് തടവിലേക്ക് തിരഞ്ഞെടുത്തത്.
അധ്യാപിക, സിനിമയിലും ജീവിതത്തിലും
28 വര്‍ഷമായി പരുതൂര്‍ സി.യു.പി സ്കൂളിൽ അധ്യാപികയാണ്. എം.എസ്.സി ബോട്ടണിയാണ് പഠിച്ചതെങ്കിലും പഠിപ്പിക്കുന്നത് ഭാഷയാണ്; മലയാളവും ഇംഗ്ലീഷും. സയൻസും വിട്ട് ഭാഷ സ്വയം തിരഞ്ഞെടുത്തതാണ്. അതിലാണ് കൂടുതൽ ചെയ്യാൻ സാധിക്കുക എന്നു തോന്നി.
‘തടവ്’ സിനിമയിൽ ടീച്ചറായിത്തന്നെയാണ് വേഷമിട്ടത്. കുറച്ചുകൂടി ചെറിയ കുട്ടികൾ. അംഗൻവാടി ടീച്ചറുടെ ജീവിതസാഹചര്യങ്ങൾ ‘ഗീത ടീച്ചർ’ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമാണ്. ഗീത ടീച്ചറാവാൻ ഏറെയൊന്നും പ്രയാസപ്പെടേണ്ടിവന്നില്ല. പക്ഷേ അതു മാത്രമായിരുന്നില്ല ആ കഥാപാത്രം.
അവാർഡിലെത്തിച്ച ഗീതയും തടവും
രണ്ടുതവണ വിവാഹിതയായിട്ടും വിവാഹമോചിതയാവേണ്ടി വന്ന സ്ത്രീയാണ് ഗീത. ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടലും സംഘർഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരുപാടു പേർ കൂടെയുണ്ടായിട്ടും പല കാരണങ്ങൾകൊണ്ട് സമൂഹത്തിൽ ഒറ്റപ്പെട്ടുപോവുന്ന സ്ത്രീയിലൂടെ മനുഷ്യാവസ്ഥകളുടെ വൈകാരികതലങ്ങൾ ആവിഷ്കരിക്കാനാണ് ‘തടവ്’ ശ്രമിക്കുന്നത്.
ഗീതയെപ്പോലൊരാളെ ഒരിക്കലും കണ്ടിട്ടില്ല. അങ്ങനെ ഒറ്റപ്പെട്ടുപോയ പലരെയും പല സ്ഥലത്തും കണ്ടുമുട്ടിയിട്ടുണ്ടായിരുന്നു. അതെല്ലാം മനസ്സിൽ മായാതെ കിടക്കുന്നുണ്ടായിരുന്നു. ഇങ്ങനെയൊരു കഥാപാത്രത്തെ സമീപിക്കേണ്ടി വന്നപ്പോൾ മുന്നനുഭവങ്ങളുടെ ഓരോ അടരും സൂക്ഷ്മതയോടെ വിശകലനംചെയ്യാനും അത് കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുമാണ് ശ്രമിച്ചത്. അഭിനേതാവിനെ കഥാപാത്രത്തിലേക്ക് നയിക്കാനുള്ള സംവിധായകന്റെ കഴിവിന്റെ കൂടി വിജയമാണ് ‘ഗീത’ നേടിയത്.
യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്നതാണ് ‘തടവി’ന്റെ ചിത്രീകരണം. കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും കഥാപരിസരങ്ങളുമെല്ലാം ചുറ്റും കാണുന്നതുതന്നെ. അതുകൊണ്ടുതന്നെ അഭിനയിക്കാനല്ല, അഭിനയിക്കാതിരിക്കാനാണ് ശ്രദ്ധിച്ചത്. ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെയോ മറ്റാരുടെയെങ്കിലുമോ അനുകരണമാകരുത്, വ്യത്യസ്തമായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. തിരക്കഥ വായിച്ചുതുടങ്ങുമ്പോഴേ ആ കഥാപാത്രത്തിലേക്കുള്ള സഞ്ചാരം തുടങ്ങി. വായനക്കൊപ്പം കഥാപാത്രവും വികസിച്ചുവന്നു. ആദ്യ വായന പൂർത്തിയായപ്പോഴാണ് ഒരു സത്യം മനസ്സിലായത്. സിനിമയിലെ കേന്ദ്രകഥാപാത്രമാണ് ഗീത! കഥ നയിക്കുന്നത് ഗീതയാണ്. വലിയൊരു ഉത്തരവാദിത്തമാണ് സംവിധായകൻ ഏൽപിക്കുന്നത്. നാടകങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ നൂറു കണക്കിന് വേദികളിൽ ആസ്വദിച്ചും ആവർത്തിച്ചുംചെയ്തിട്ടുണ്ട്. അതുപോലെയല്ല സിനിമ. കാമറയിലേക്ക് പകർത്തുന്നതോടെ കഴിഞ്ഞു. പിന്നെ മാറ്റങ്ങളില്ല; മെച്ചപ്പെടുത്തലുകളില്ല.
ഒരു മാസമെടുത്ത് സിനിമയിലെ സീനുകളെല്ലാം റിഹേഴ്സൽചെയ്തിരുന്നു. സംവിധായകനും മറ്റുള്ളവരും അഭിപ്രായങ്ങളും നിർദേശങ്ങളും പറഞ്ഞ് മെച്ചപ്പെടുത്തി. അഭിനേതാക്കളും അണിയറപ്രവർത്തകരും അപരിചിതരായിരുന്നില്ല. ലൈറ്റും മറ്റും സെറ്റ് ചെയ്യുന്ന സമയംകൊണ്ട് അംഗൻവാടിയിലെ കുട്ടികളുമായി ചങ്ങാത്തംകൂടിയതോടെ അവരോടൊപ്പമുള്ള സീനുകൾ ചെയ്യാൻ എളുപ്പമായി. വളരെ സാധാരണമായി തുടങ്ങി അസാധാരണ സാഹചര്യങ്ങളിലേക്ക് സഞ്ചരിക്കുന്നതാണ് ‘തടവി’ന്റെ കഥ. ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും ബ്ലാക്ക് ഹ്യൂമറിന്റെ സാന്നിധ്യം സിനിമയെ പിന്തുടരുന്നുണ്ട്.
കാസ്റ്റിങ് ഡയറക്ടറും...
ഉമ എന്ന അധ്യാപികയും ബാങ്കിൽ ജോലി ചെയ്യുന്ന ഹംസയുമാണ് ഗീത ടീച്ചറുടെ സുഹൃത്തുക്കൾ. അംഗൻവാടി ടീച്ചറായി കുട്ടികൾക്കൊപ്പം കഴിയുന്നത് ഗീതക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ പ്രയാസപ്പെടുത്തുന്നുണ്ട്. അതിനു പരിഹാരം കാണാനായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്.
സുഹൃത്തുക്കളായി അഭിനയിച്ച അനിതയും സുബ്രഹ്മണ്യനും ജീവിതത്തിലും ചങ്ങാതിമാരാണ്. അത് സിനിമയിലും ഗുണംചെയ്തു. കഥാപാത്രങ്ങൾക്കിണങ്ങുന്നവരെ നാട്ടുകാർക്കിടയിൽനിന്നു തന്നെ തിരഞ്ഞെടുക്കാനുള്ള ചുമതലകൂടി സംവിധായകൻ എന്നെ ഏൽപിച്ചു. പട്ടാമ്പിക്കടുത്ത പരുതൂരും പരിസരങ്ങളുംതന്നെയായിരുന്നു ലൊക്കേഷൻ. അഭിനയിക്കുന്നവരുടെ വീടുകൾതന്നെ ചിത്രീകരണത്തിന് ഉപയോഗിച്ചു. ഒരുകൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ പിറന്ന ചിത്രമാണ് ‘തടവ്’. നന്മയുടെ വർണക്കടലാസിൽ പൊതിഞ്ഞ മധുരമുള്ള മിഠായികൾപോലെയുള്ള പതിവു നായിക കഥാപാത്രമല്ല ഗീത. വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടുതന്നെ അഭിനയമുഹൂർത്തങ്ങൾ ഏറെയുണ്ട്. അത് വെല്ലുവിളി മാത്രമല്ല, സാധ്യതയും അവസരവുംകൂടിയാണ്.
കിട്ടിയത് ഇരട്ട അംഗീകാരം
കഴിഞ്ഞ ഡിസംബറിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ (IFFK) ‘തടവ്’ പ്രദർശിപ്പിച്ചിരുന്നു. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഫൈസൽ റസാഖ് നേടി. പ്രേക്ഷകരുടെ പുരസ്കാരവും ‘തടവി’നു കിട്ടി. പല ദേശീയ അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും പ്രദർശിപ്പിച്ച് സിനിമ ശ്രദ്ധേയമായി.
സംസ്ഥാന അവാർഡുകൾ കിട്ടുമെന്നൊക്കെ പലരും പറഞ്ഞപ്പോഴും അമിതപ്രതീക്ഷ വെച്ചില്ല. അതിമോഹമാവുമോ എന്ന പേടി. ‘എനിക്ക് നാടകമുണ്ടല്ലോ’ എന്ന് സമാധാനിച്ചു. ഇപ്പോൾ തേടിയെത്തിയത് ഒരു സംസ്ഥാന അവാർഡ് മാത്രമല്ല; ഇരട്ട അംഗീകാരമാണ്. വളരെ വിസ്മയത്തോടെ, ആദരവോടെ കണ്ട നടിയാണ് ഉർവശി. അവരോടൊപ്പം അവാർഡ് പങ്കിടാനുള്ള ഭാഗ്യംകൂടിയാണ് കിട്ടിയത്. ഇരട്ടി സന്തോഷം. അതേസമയം, നവാഗത സംവിധായകനുള്ള പുരസ്കാരം ഫൈസൽ റസാഖിനു വീണ്ടും ലഭിച്ചതും ആഹ്ലാദമുണ്ടാക്കുന്നു. സിനിമയിൽ നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും അഭിനയിക്കും. നാടകത്തോടുള്ള പ്രണയം ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നേയില്ല. അരങ്ങുതന്നെയാണ് എന്നും ശക്തി.
ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.ടി. രാമചന്ദ്രൻ മാസ്റ്ററുടെയും പരുതൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. ശാന്തകുമാരി ടീച്ചറുടെയും മകളാണ്. ഭര്‍ത്താവ്: കെ.എം. വിജയകുമാര്‍. മക്കൾ: നിതിൻ, ജിതിൻ, നന്ദിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.